അട്ടപ്പാടി മധുവധക്കേസില്‍ മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിയില്‍ നടക്കുന്ന വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി... സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതുവരെ വിചാരണ നിറുത്തണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്

അട്ടപ്പാടിയില്‍ മധുവെന്ന ചെറുപ്പക്കാരനെ ഭക്ഷ്യസാധനങ്ങള്‍ മോഷ്ടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതിയില്‍ നടക്കുന്ന വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷയില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതുവരെ വിചാരണ നിറുത്തണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്റെ ഇടക്കാല ഉത്തരവ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കേസ് നടത്തുന്നതിനെ കുറിച്ചു വിചാരണക്കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പാലക്കാട് ജില്ലാ ജഡ്ജിയോട് നിര്‍ദ്ദേശിച്ച സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന്റെ നിലപാടും തേടി.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി. രാജേന്ദ്രനെ മാറ്റി അസി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോനെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് മല്ലി ജൂണ്‍ 12 ന് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടായിരുന്നു. ഇതില്‍ തീരുമാനമാകാതെ വിചാരണ തുടര്‍ന്നാല്‍ തനിക്കു നീതി ലഭിക്കില്ലെന്ന് മല്ലിയുടെ ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ വിചാരണക്കോടതിയില്‍ മല്ലി ഈ ആവശ്യം ഉന്നയിച്ചെങ്കിലും ആഗസ്റ്റ് 31 നകം വിചാരണ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളതിനാല്‍ അനുവദിച്ചില്ല. സാക്ഷിവിസ്താരത്തിനിടെ ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ എന്നിവര്‍ കൂറു മാറിയിരുന്നു.
"
https://www.facebook.com/Malayalivartha






















