മകൾക്ക് ഐ.ടി കമ്പനി തുടങ്ങാൻ രണ്ട് ദിവസത്തേക്ക് നാലു കോടി.... വെള്ളരിക്ക പട്ടണമോ കേരളം? ധൂർത്തടിച്ച് കളയുന്ന കോടികൾ

സ്വപ്ന സുരേഷ് പറഞ്ഞത് വിശ്വസിക്കാമെങ്കിൽ വിദേശത്ത് ഐ.ടി.സ്ഥാപനം തുടങ്ങാൻ നമ്മുടെ നികുതിയിൽ നിന്നും സർക്കാർ ചെലവാക്കുന്നത് രണ്ടു ദിവസത്തേക്ക് നാലു കോടി രൂപയോളമാണ്. കൊട്ടിഘോഷിച്ച് കോടികൾ ചെലവഴിച്ച് രണ്ട് തവണ നടത്തിയ ലോക കേരള സഭ കൊണ്ട് കേരളീയ സമൂഹത്തിന് എന്ത് നേട്ടമുണ്ടായി എന്ന് മുഖ്യമന്ത്രി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇതേ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനും ഇരുട്ടിൽ തപ്പുകയാണ്. കൊവിഡും യുക്രൈൻ യുദ്ധവും പ്രളയാനന്തര സഹായവും അടക്കം ഒരുപാട് കാര്യങ്ങൾ ചെയ്തെന്നാണ് സ്പീക്കർ പറയുന്നത്. ഇതെല്ലാം കേന്ദ്രസർക്കാരും സന്നദ്ധസംഘടനകളും ചില ഉദാരമതികളും ചെയ്തതാണ്. ഇതിൽ ലോക കേരള സഭയ്ക്ക് ഒരു പങ്കുമില്ല. ഇതാണ് യാഥാർത്ഥ്യം.
പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ട് തവണയാണ് ആർഭാടപൂർവം ലോക കേരളാ സഭ നടന്നത്. സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്ത സർക്കാരാണ് അനവസരത്തിൽ കോടികൾ ധൂർത്തടിക്കുന്നത്…
പ്രവാസികളുമായി ബന്ധപ്പെട്ട എട്ട് വിഷയങ്ങളിൽ രണ്ട് ദിവസമായാണ് ചർച്ച. സമ്മേളനത്തിനായി നാല് കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത്. 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 351 പ്രതിനിധികളാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. നാലു കോടിയിൽ ഭൂരിഭാഗവും ചെലവാക്കുന്നത് പ്രവാസികളുടെ താമസത്തിനും വിമാന ടിക്കറ്റിനുമാണ്.
അതേസമയം, ലോക കേരള സഭയിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കുന്നില്ല. യുഡിഎഫ് അനൂകൂല സംഘടനകളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളെ സമ്മേളനത്തിൽ നിന്ന് യുഡിഎഫ് വിലക്കിയിട്ടില്ല. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം. എം. ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എന്നാൽ ലോക കേരള സഭ തുടങ്ങിയ ശേഷം യു ഡി എഫ് മുഖ്യമന്ത്രിക്കെതിരായ സമരപരിപാടികൾ നിർത്തിവച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായടക്കം സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ഗുരുതര ആക്ഷേപങ്ങൾ ഉണ്ടായിട്ടും പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടത് മുന്നണി നേതൃത്വവും പിന്തുടരുന്നത്.
ആരോപണങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടുന്ന ജനകീയ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 21 മുതൽ സംസ്ഥാന വ്യാപകമായി രാഷ്ട്രീയ വിശദീകരണ യോഗങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. ഇടതു മുന്നണിയുമായി സഹകരിക്കുന്ന ചെറുപാര്‍ട്ടികളെ വരെ സഹകരിപ്പിച്ച് കൊണ്ടാകും ഇത് നടത്തുക.
സ്പീക്കർ എം.ബി.രാജേഷിന് ലോക കേരള സഭയോട് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുള്ള താത്പര്യം ഇല്ല. ശ്രീരാമകൃഷ്ണന് വിദേശ പദ്ധതികളോട് താത്പര്യമുണ്ടായിരുന്നു. രാജേഷിൻ്റെ നിലപാട് വ്യക്തമാണ്. അഴിമതിക്കെതിരെയാണ് അദ്ദേഹം നിലകൊള്ളുന്നത്. തൻ്റെ പേര് ചീത്തയാക്കാൻ രാജേഷ് തയ്യാറല്ല. പ്രവാസികളെ ശ്രീരാമകൃഷ്ണൻ കൈകാര്യം ചെയ്യുന്നത് പോലെ കൈകാര്യം ചെയ്യാൻ രാജേഷ് തയ്യാറല്ല. സ്പീക്കർ എന്ന നിലയിൽ നിന്നും ലോക സഭയിൽ ഒരു വിട്ടുവീഴ്ചക്കും രാജേഷ് തയ്യാറല്ല.
ലോകത്തെമ്പാടുമുള്ള പ്രവാസികളില്‍ നിന്ന് തെരെഞ്ഞെടുത്ത് കേരളത്തിലെത്തിച്ചവര്‍ പ്രളയാനന്തര നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും കൊവിഡ്-യുക്രൈൻ യുദ്ധം കാലങ്ങളിലും സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടലുകളില്‍ പിന്തുണ നല്‍കിയിട്ടുണ്ടെന്നാണ് സ്പീക്കര്‍ പറയുന്നത്. എന്നാല്‍, ഇതൊക്കെ നേരത്തെയും ചെയ്തവരാണല്ലോ നമ്മുടെ പ്രവാസികള്‍ എന്നാണ് ഉയരുന്ന ചോദ്യം.
പ്രവാസികളുടെ ക്ഷേമത്തിനായി കൊണ്ട് വന്ന കേരള സഭയെ ധൂർത്തിന്റെയും അഴിമതിയുടെ പര്യായമാക്കിയ വ്യക്തിയാണ് ശ്രീരാമകൃഷ്ണൻ. അന്നു തന്നെ ശ്രീരാമകൃഷ്ണനെതിരെ ആരോപണം ഉയർന്നെങ്കിലും അതൊന്നും പാർട്ടി മുഖവിലക്ക് എടുത്തില്ല . 2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ നിയമസഭയിലുള്ള ശങ്കരനാരായണന്‍ തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്. പണി നൽകിയ ഊരാളുങ്കൽ സി പി എമ്മിന്റെ കമ്പനിയാണെന്ന് പ്രതിപക്ഷം അരോപണം ഉന്നയിച്ചിട്ടും ആരും അനങ്ങിയില്ല. കാരണം അതെല്ലാം ചെയ്യിപ്പിച്ചത് പാർട്ടിയാണ്.
2020 രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചിലവായിട്ടിള്ളൂവെന്നുമാണ് അന്ന് സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നല്‍കി കഴിഞ്ഞുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മൊത്തം ബിൽ 18.49 കോടിയായിരുന്നു.
നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്താണ് നടന്നതെന്ന് ആരോപണം ഉയർന്നിരുന്നു. 52.31 കോടി രൂപയുടെ പദ്ധതിയും ടെണ്ടര്‍ ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നൽകി. ഈ പദ്ധതിയില്‍ ഊരാളുങ്കലിന് 13.59 കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി നല്‍കി. 2019 ജൂൺ 13 ന് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി.
ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിക്ക് ഭക്ഷണചിലവ് മാത്രം 68 ലക്ഷം രൂപ എന്നാണ് വിവരാവകാശം വഴി ലഭിച്ച കണക്ക്.എന്നാൽ അതെല്ലാം കള്ളകണക്കാണെന്നാണ് പാർട്ടി പറയുന്നത്. ശമ്പളം നൽകാൻ പോലും തുട്ടില്ലാത്ത സർക്കാർ ആദ്യ ലോകകേരള സഭക്ക് വേണ്ടി ചെലവഴിച്ചത് 50 കോടിയാണ്. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനും അവരുടെ അനുഭവ സമ്പത്ത് സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താനുമാണ് ലോക കേരളസഭ സമ്മേളിച്ചത്. എല്ലാവരും സഹകരിച്ച് നടത്തിയ ആ സമ്മേളനം കൈക്കൊണ്ട ഒരു തീരുമാനം പോലും നടപ്പാക്കാതെയാണ് രണ്ടാം വര്‍ഷം ലോക കേരള സഭ സംഘടിപ്പിച്ചത്.
അന്ന് കേരള സഭക്ക് എതിരായിരുന്നു ധനമന്ത്രി തോമസ് ഐസക്ക്. കേരള സഭ സംഘടിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ധനമന്ത്രിയും ധനവകുപ്പും എതിർത്തെങ്കിലും മുഖ്യമന്ത്രി വകവച്ചില്ല. പ്രവാസികളായ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് കേരളത്തിൽ ക്രിസ്തുമസും പുതുവത്സരവും സർക്കാർ ചെലവിൽ നടത്തി കൊടുക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
സംസ്ഥാനം കരകയറാനാവാത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ലോക കേരള സഭ വേണമോ എന്ന ധനമന്ത്രിയുടെ ചോദ്യം അർഹിക്കുന്ന അവജ്ഞയോടെയാണ് അന്ന് സർക്കാർ തള്ളികളഞ്ഞത്. മൂന്നാം ലോക സഭക്ക് ഐസക്കിനെ വിളിച്ചതേയില്ല. മുമ്പും ധനമന്ത്രിമാരുടെ എതിർപ്പ് സർക്കാർ തള്ളികളയാറുണ്ടായിരുന്നു. ധനമന്ത്രി എതിർത്താൽ വിഷയം മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിച്ച് അനുമതി വാങ്ങാറായിരുന്നു പതിവ്.
വക്കം പുരുഷോത്തമൻ ധനമന്ത്രിയായിരുന്ന കാലത്ത് മാത്രമാണ് ഇത്തരമൊരു പതിവ് നടക്കാതിരുന്നത്.ധനമന്ത്രിയെന്ന നിലയിൽ വക്കം പിന്തുടർന്ന കർശന നിലപാടായിരുന്നു കാരണം. ധനസെക്രട്ടറിമാർ ഫയലിൽ എന്ത് എഴുതിയാലും അതിനൊന്നും യാതൊരു വിലയും സർക്കാർ കൽപ്പിക്കാറില്ല. സർക്കാരുകളെ സംബന്ധിച്ചടത്തോളം നാടിന്റെ വികസനത്തെക്കാൾ വലുത് സർക്കാരിന്റെ നിക്ഷിപ്ത താത്പര്യങ്ങൾ മാത്രമാണ്.
സമ്മേളനത്തിന് കോടികൾ ചിലവാകും. ഇത് പ്രവാസി ക്ഷേമത്തിനു ചിലവാക്കിയിരുന്നെങ്കില്‍ അതുകൊണ്ട് സാധാരണ പ്രവാസികള്‍ക്ക് പ്രയോജനമുണ്ടാകുമായിരുന്നു. കേരളസഭയുടെ ആഹ്വാനം സ്വീകരിച്ച് കേരളത്തില്‍ നിക്ഷേപം നടത്തിയ സംരംഭകരായ പുനലൂരിലെ സുഗതന്റെയും, ആന്തൂരിലെ സാജന്‍ പാറയിലിന്റെയും ആത്മഹത്യയ്ക്കും ഉത്തരവാദി ആരെന്ന് പ്രത്യേകം പറയേണ്ടതില്ല. മരണശേഷം പോലും പ്രവാസികളുടെ കുടുംബത്തിനു നീതി നല്‍കിയിട്ടില്ല.
പ്രവാസികള്‍ക്ക് വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുന്നതല്ലാതെ അവയൊന്നും നടപ്പാക്കാത്ത സര്‍ക്കാര്‍ നടത്തുന്ന ലോക കേരളസഭ പ്രവാസികളുടെ പേരിലുള്ള പ്രഹസനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാരായ പ്രവാസികള്‍ക്ക് ലോക സഭയുടെ നാലയലത്തു പോലും എത്തിനോല്‍ക്കാനാവില്ല. അവർക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണവുമില്ല.
പ്രവാസികളായ വൻകിട ബിസിനസുകാരാണ് സമ്മേളനം നടത്തുന്നത്. അതിന്റെ ഗുണഫലം ലഭിക്കുന്നത് അവർക്കും അവരുടെ ആശ്രിതർക്കും മാത്രമാണ്. അതു കൊണ്ടു തന്നെ സാധാരണക്കാർ ഇത്തരം പരിപാടികളോട് യാതൊരു താത്പര്യവും കാണിക്കാറില്ല. ലോക കേരള സഭ സ്ഥിരം കലാപരിപാടിയാക്കാൻ നിയമനിർമ്മാണം നടത്തുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
അതിന് ഇനിയും സാധ്യതയുണ്ട്. ലോക കേരളസഭയുടെ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി തൻ്റെ കുടുംബത്തിൻ്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന ആക്ഷേപം മുമ്പേയുണ്ട്. വൻ കിട വ്യവസായികളാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ശ്രീരാമ ക്യഷ്ണന് നോർക്ക ഉപാധ്യക്ഷ സ്ഥാനം നൽകിയത് തന്നെ ഇത്തരം ചരടുവലികൾക്ക് വേണ്ടിയാണ്. മുമ്പ് മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങൾ വിജയം കണ്ടില്ലെന്ന് പറയപ്പെടുന്ന സാഹചര്യത്തിൽ ഇക്കുറിയും അത് സാധ്യമാകുമെന്ന് കരുതാം.
https://www.facebook.com/Malayalivartha
























