മരണം പതിയിരിക്കുന്ന ബൈപ്പാസ്, ബൈക്കുകളുടെ കൂട്ടിയിടിക്കും യുവാക്കളുടെ മരണത്തിനും ദിവസവും ദൃക്‌സാക്ഷികളാകേണ്ടിവരുന്നു! തലസ്ഥാനം ചോരക്കളമായിട്ടും മരുമകന്‍ മന്ത്രിക്ക് അനക്കമില്ല..

ബൈക്ക് റേസിങ് സംഘങ്ങളുടെ അഭ്യാസക്കളരിയില്‍ കഴിഞ്ഞ ദിവസം പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. വളരെയധികം ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു അത്. തിരുവനന്തപുരത്തെ കോവളം ബൈപാസിലെ പോറോഡ് മുതല്‍ മുക്കോല വരെയുള്ള ഭാഗത്താണ് അപകടമുണ്ടായത്. എന്നാല്‍ ഈ ഭാഗത്ത് അപകടം നടക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്..
അതേസമയം മത്സരയോട്ടം പലപ്പോഴും അപകടത്തിനുള്ള ഒരു ഘടകമായി മാറാറുണ്ടെങ്കിലും സര്‍വ്വീസ് റോഡിന്റെ പണി നാളെ നാളെ നീളെ നീളെ എന്ന രീതിയില്‍ അനന്തമായി നീളുന്നതും വലിയ പ്രശ്‌നമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡ് പണിയിലെ മെല്ലെപോക്ക് കാരണം ഈ പ്രദേശത്ത് ബൈക്കുകളുടെ കൂട്ടിയിടിക്കും യുവാക്കളുടെ മരണത്തിനും സമീപ വാസികളും യാത്രക്കാരും എല്ലാ ദിവസവും ദൃക്‌സാക്ഷി കളാകേണ്ടിവരുന്നു.
ബൈക്ക് അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അപകത്തിന്റെ ഭീകരതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഈ ഭാഗത്തെ റോഡിലേക്ക് ഇറങ്ങാന്‍ അപ്രോച്ച് റോഡുകള്‍ ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ നടന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണ്. കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയാണ് അപകടസ്ഥലത്തേക്ക് ഇവര്‍ എത്തുന്നത്. ഇത് മരണ സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
യുവതി യുവാക്കളുടെ ഫോട്ടോ ഷൂട്ടും ബൈക്ക് റേസിംഗുമൊക്കെ തകൃതിയായി നടക്കുന്ന ഇടമാണ് കോവളം മുതല്‍ തലയ്‌ക്കോട് വരെയുള്ള ബൈപാസ് ഭാഗം. ശേഷിക്കുന്ന നിര്‍മ്മാണം അനന്തമായി നീളുന്നത് കാരണം കോവളം ജംഗ്ഷനില്‍ റോഡ് അടച്ചിട്ടിരിക്കുകയാണെങ്കിലും തൊട്ടടുത്ത സര്‍വീസ് റോഡില്‍ നിന്ന് അപ്രോച്ച് റോഡിലൂടെ ബൈപാസിലേക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്.
ഇവിടെ നിന്ന് മുക്കോല തലയ്‌ക്കോട് വരെ 5 കിലോമീറ്റര്‍ റോഡ് നീണ്ട് നിവര്‍ന്ന് കിടക്കുകയാണ്. ഇതില്‍ തുടക്കത്തിലും അവസാനത്തിലും മാത്രമേ എന്‍.എച്ച്‌ലേക്ക് അപ്രോച്ച് റോഡ് താത്കാലികമായി നല്‍കിയിട്ടുള്ളൂ. അതിനാല്‍ എന്തെങ്കിലും അപകടം നടന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് പെട്ടെന്ന് എത്താന്‍ ബുദ്ധിമുട്ടാണ്. റോഡിന്റെ പണി പൂര്‍ത്തിയാക്കാത്ത നാഷ്ണല്‍ ഹൈവേ അതോററ്റിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ഇത്രയൊക്കെ ഉണ്ടായിട്ടും ഇക്കാര്യത്തില്‍ ഒന്ന് ഇടപെടുകയോ നാഷ്ണല്‍ ഹൈവേ അതോററ്റിക്കെതിരെ നടപടി എടുക്കുകയോ ചെയ്യാത്ത പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ജനങ്ങള്‍ പ്രതിഷേധത്തിലാണ്..
ഞായറാഴ്ച അടക്കമുള്ള അവധി ദിനങ്ങളില്‍ രാവിലെ മുതല്‍ തന്നെ ഫോട്ടോ ഷൂട്ടിംഗിനുള്ള യുവതി യുവാക്കളുടെ സംഘം ഈ റോഡില്‍ സജീവമാണ്. കൂട്ടത്തില്‍ മരണപ്പാച്ചിലുകാരായ ബൈക്ക് ഓട്ടക്കാരും. പൊലീസ് പെട്ടെന്ന് എത്തിപ്പെടില്ലെന്ന കാരണത്താല്‍ ബൈക്ക് റേസിംഗ് സംഘത്തിന്റെ ഇഷ്ട കേന്ദ്രമാണ് ഈ റോഡ്. ഇന്നലെ രാവിലെും ഇവിടെ ബൈക്ക് റൈസിംഗ് നടക്കുന്നു എന്ന നാട്ടുകാരുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് തക്കീത് നല്‍കി പറഞ്ഞ് വിടുകയും ബൈക്ക് റേസിംഗില്‍ ഏര്‍പ്പെട്ട നാലു ബൈക്കുകളും 8 പേരെയും പിടികൂടുകയും ചെയ്തിരുന്നു. അപകടരകരമായ നിലയില്‍ ബൈക്കില്‍ സ്റ്റണ്ട് നടത്തി ഫോട്ടോയും വീഡിയോയും എടുക്കലും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കലുമാണ് ഇത്തരം സംഘങ്ങളുടെ ഇഷ്ട വിനോദം.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ നിരവധി ബൈക്ക് റേസിംഗ് സംഘങ്ങളെ പോലീസ് പിടികൂടിയിരുന്നെങ്കിലും മരണപ്പാച്ചിലിനെത്തുന്ന സംഘങ്ങള്‍ക്ക് ഒരു കുറവുമുണ്ടായില്ല. വാഹനങ്ങള്‍ ചീറി പായുന്ന ഈ റോഡിലൂടെ സഞ്ചരിക്കുന്ന മറ്റ് യാത്രക്കാരും പ്രഭാത സായാഹ്ന നടത്തക്കാരും പലപ്പോഴും തലനാഴിയിഴയ്ക്ക് ആണ് രക്ഷപ്പെട്ടിരുന്നത്. നിര്‍മ്മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഗതാഗതത്തിനായി ബൈപാസ് തുറന്ന് നല്‍കണമെന്ന ആവശ്യവും ശക്തമാണ്.
ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് യുവാക്കള്‍ കഴിഞ്ഞ ദിവസം ബൈക്ക് റേസിംഗ് നടത്തുകയും മരണം സംഭവിക്കുകയും ചെയ്തത്. അമിതവേഗത്തിലെത്തിയ ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിച്ച് ബൈക്കുകള്‍ ഓടിച്ചിരുന്നവര്‍ തെറിച്ച് വീഴുകയായിരുന്നെന്നാണ് വിവരം. റോഡിന് മുകള്‍ ഭാഗത്ത് നിന്ന് സംഭവം കണ്ടവരാണ് വിഴിഞ്ഞം പോലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ. കെ.എല്‍.സമ്പത്ത് ഉള്‍പ്പെട്ട പോലീസ് സംഘം ഗുരുതര പരിക്കേറ്റ് കിടന്നിരുന്ന യുവാക്കളെ 108 ആംബുലന്‍സില്‍ പെട്ടെന്ന് തന്നെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു..
https://www.facebook.com/Malayalivartha
























