കുഞ്ഞികൃഷ്ണൻമാരും കുഞ്ഞനന്തൻമാരും... സത്യസന്ധൻ പിള്ള ചമയുന്ന മുഖ്യൻ പിണറായി വിജയൻ....

'ഞാൻ കള്ളനല്ല' എന്ന യമണ്ടൻ ഫ്ലക്സുകൾ സൃഷ്ടിച്ച് നാട്ടിലെ കവലകളിലാകെ പ്രദർശിപ്പിച്ച് 'സത്യസന്ധൻ പിള്ള' ചമയുകയെന്ന പരിഹാസ്യവും ലജ്ജാകരവുമായ ഗതികേട് കേരള ചരിത്രത്തിൽ വിജയമുഖ്യനല്ലാതെ മറ്റാർക്കുമുണ്ടായിട്ടില്ല. സി.പി.എമ്മിൻ്റെ കാലഹരണപ്പെട്ട ക്ലീഷേ വാചകം 'മടിയിൽ കനമുള്ളവനല്ലേ വഴിയിൽ പേടിക്കേണ്ടൂ' എന്നതാണ് വിജയനെ വെള്ളപൂശാനുള്ള പരസ്യവാചകം.
വിജയൻ്റെ കനം മടിയിൽ താങ്ങാവുന്നത്ര ചെറുതല്ലല്ലോ. കനമേറിയ ബിരിയാണിച്ചെമ്പുകൾ മടിയിൽ തിരുകിയാൽ പൊതുജനമദ്ധ്യേ ഉടുമുണ്ടുരിഞ്ഞ് നഗ്നനായിമാറുമെന്നതിനാൽ ചെമ്പുകൾ വിമാനമാർഗം ക്ലിഫ് ഹൗസിലേക്ക് പറക്കുകയായിരുന്നെന്നതാണ് ഇതുസംബന്ധിച്ച പുതിയ വെളിപ്പെടുത്തൽ.
തനിക്കും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിനെതിരെ കോടതിയെ സമീപിക്കാൻ ഈ ഭരണാധികാരി തയാറാകാത്തതെന്തുകൊണ്ട്? സ്വപ്നയും മുഖ്യനും മുഖ്യൻ്റെ കുടുംബാംഗങ്ങളും ചേർന്നാണ് നയപരമായ പല തീരുമാനങ്ങളും എടുത്തിരുന്നതെന്നാണ് സ്വപ്നയുടെ ഗുരുതരമായ മറ്റൊരു വെളിപ്പെടുത്തൽ. ഇതിനെതിരെ കോടതിയിൽ പോയാൽ ചെമ്പ് പുറത്താകുമെന്ന് പിണറായിക്ക് നന്നായറിയാം.
അപ്പോൾപിന്നെ പോസ്റ്ററടിച്ച് കവലകളിൽ പ്രദർശിപ്പിച്ച് അഗ്നിശുദ്ധി വരുത്താമെന്ന് മുഖ്യൻ വ്യാമോഹിക്കുന്നു. ഒരു ജനതയെ ആകമാനം ഇത്തരത്തിൽ എത്രനാൾ കബളിപ്പിച്ചു നിലനിർത്താനാകും? അധികാരിയുടെ എച്ചിൽ കൈ നക്കാൻ വെമ്പിനിൽക്കുന്ന കുറേ സാംസ്കാരിക നായകളെക്കൊണ്ട് ഓരിയിടീച്ചാൽ സാംസ്കാരിക കേരളം അതൊക്കെ അപ്പാടെ വിഴുങ്ങുമെന്നും അധികാരി കണക്കുകൂട്ടുന്നു. ബിരിയാണിച്ചെമ്പു നിറച്ചുള്ള സ്വർണ്ണക്കള്ളക്കടത്തു മാത്രമാണോ മടിയിലെ കനം?
കൊലപാതക രാഷ്ട്രീയത്തിൻ്റെ, അക്രമ രാഷ്ടീയത്തിൻ്റെ, വർഗീയ പ്രീണനത്തിൻ്റെ, സ്ത്രീവിരുദ്ധതയുടെ, മയക്കുമരുന്ന് മാഫിയയുടെ, അഹന്തയുടെ, അധികാര ഗർവ്വിൻ്റെ... ചുരുക്കത്തിൽ നാടുമുടിച്ചുള്ള എല്ലാവിധ 'മടിക്കന'ങ്ങളും നെറുകിൽ തുടങ്ങി കാല്പാദംവരെ ചുറ്റിവരിഞ്ഞിരിക്കുന്നു. കവലകളിൽ സ്ഥാപിച്ച പോസ്റ്ററുകൾകൊണ്ട് അവയത്രയും മറച്ചുപിടിക്കാമെന്നാണോ...?
തൃക്കാക്കരയിലെ കോൺഗ്രസിൻ്റെ ഐതിഹാസിക വിജയത്തിൽ വെറിപൂണ്ട അധികാരി നാട്ടിൽ കലാപമഴിച്ചുവിട്ട് മടിയിലെ കനം പതിന്മടങ്ങ് കൂട്ടാനുള്ള പുറപ്പാടിലാണ്. പിണറായി യുഗത്തോടെ സി.പി.എമ്മിൽ അതിവേഗം വംശനാശം സംഭവിക്കുന്ന ഒരു വിഭാഗമുണ്ട്. പയ്യന്നൂർ ഏര്യാ സെക്രട്ടറിയായിരുന്ന കുഞ്ഞികൃഷ്ണൻ്റെ ജനുസ്സിൽപെട്ട വിരലിലെണ്ണാവുന്ന ചിലർ. പാർട്ടിയിൽ കള്ളക്കണക്കിൻ്റെ വിജയനഗര സാമ്രാജ്യം സ്ഥാപിക്കപ്പെട്ട കാലം പോലും വിപ്ലവവിജയമായി തെറ്റിദ്ധരിച്ചുപോയ ചിലർ.
പാർട്ടി അവർക്ക് പ്രാണവായുവാണ്. പാർട്ടിക്കുവേണ്ടി പ്രാണത്യാഗം ചെയ്യാൻ തയാറുള്ള അവരുടെ നീതിബോധത്തിൽ രക്തസാക്ഷിയുടെ പിരിവുഫണ്ടിൽ കയ്യിട്ടുവാരുന്നത് അധർമ്മമാണ്. പക്ഷേ, പാർട്ടിയിൽ ഇന്നുകാലം കുഞ്ഞികൃഷ്ണൻമാരുടേതല്ല, കുഞ്ഞനന്തൻമാരുടേതാണ്. 51 വെട്ടുകാരുടേതാണ്. കൂടെനടന്നവനെ വെട്ടിവീഴ്ത്തി മുന്നേറുന്നവരുടെ കാലം.
പൊതുഖജനാവിൽ കയ്യിട്ടുവാരി ധൂർത്തടിക്കുന്നവരുടെ കാലം. അവരുടെ അനുകാരികൾ രക്തസാക്ഷി ഫണ്ടിൽ കയ്യിട്ടുവാരുന്നത് സ്വാഭാവികം. ഗൂണ്ടായിസവും കയ്യിട്ടുവാരലും പണ്ട് പാർട്ടിയുടെ പാർശ്വഭാഗമായിരുന്നെങ്കിൽ ഇന്നത് പാർട്ടിയിൽ മുഖ്യധാരാ രാഷട്രീയത്തിൻ്റെ അനിവാര്യതയായിരിക്കുന്നു.
സി.പി.എമ്മിലെ കുഞ്ഞികൃഷ്ണന്മാർ ഹൈജാക്ക് ചെയ്യപ്പെട്ടുപോയ പാർട്ടിക്ക് അതീതമായി ഇനിയെങ്കിലും ചിന്തിച്ചു തുടങ്ങട്ടെ,
അങ്ങനെ ചിന്തിച്ചുതുടങ്ങുമ്പോൾ ആദർശരാഷ്ട്രീയത്തിൻ്റെ തരിമ്പു പോലും അന്യമായ പാർട്ടിയിൽ 'മടിയിൽ കനമില്ലെന്ന' യമണ്ടൻ പോസ്റ്ററുകൾ തങ്ങൾക്കുള്ള ലജ്ജയുടെ മേലെഴുത്തുകളാണെന്ന് അവർ തിരിച്ചറിയുക തന്നെചെയ്യും.
https://www.facebook.com/Malayalivartha






















