ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു: കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്, സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്!

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു.
അതേസമയം കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം 5 മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് (6E 1402, സീറ്റ് നമ്പര്‍ 30 സി)എത്തിയ ഒരാൾക്കാണ് ആദ്യം മങ്കിപോക്സ് സ്ഥിരീകരിച്ചത്. വിമാനത്തില്‍ 164 യാത്രക്കാരും 6 കാബിന്‍ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരായി മാറ്റിയിരുന്നു. ഈ വിമാനത്തില്‍ യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണം നടത്തുകയും 21 ദിവസത്തിനകം എന്തെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വേണം എന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം തന്നെ സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു വരുന്നത്. വിദേശത്ത് നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നത്. സംശയനിവാരണത്തിനും ഈ ഹെല്‍പ് ഡെസ്‌ക് ഉപകരിക്കും. പരിശീലനം സിദ്ധിച്ച ജീവനക്കാരെയാണ് ഈ ഹെല്‍പ് ഡെസ്‌കുകളില്‍ നിയോഗിക്കുന്നത്. ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.
ഇതുകൂടാതെ എയര്‍പോര്‍ട്ടുകളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അനൗണ്‍സ്‌മെന്റും നടത്തുന്നതാണ്. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ പനിയോടൊപ്പം ശരീരത്തില്‍ തടുപ്പുകള്‍, അല്ലെങ്കില്‍ കുമിളകള്‍, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാന്‍ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എയര്‍പോര്‍ട്ട് ഹെല്‍പ് ഡെസ്‌കിനെ സമീപിക്കുക. രോഗലക്ഷണങ്ങളുള്ളവര്‍ വീട്ടില്‍ 21 ദിവസം വായു സഞ്ചാരമുള്ള മുറിയില്‍ കഴിയുക. ഈ കാലയളവില്‍ വീട്ടിലെ ഗര്‍ഭിണികളുമായോ, കുട്ടികളുമായോ, പ്രതിരോധ ശേഷി കുറഞ്ഞവരുമായോ അടുത്തിടപഴകരുത്. ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടന്‍ തന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ വിളിക്കുക.
മങ്കിപോക്‌സ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് വിപുലമായ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 1200ലധികം സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതുകൂടാതെ ഐ.എം.എ.യുമായി സഹകരിച്ച് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും, പ്രൈവറ്റ് പ്രാക്ടീഷണര്‍മാര്‍ക്കും ആയുഷ് മേഖലയിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനും നല്‍കുന്നതാണ്. ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പരിശീലനം സംഘടിപ്പിച്ചു വരുന്നു. ജൂലൈ 18 തിങ്കളാഴ്ച രാവിലെ 11 മണിമുതല്‍ 12 മണിവരെ പരിശീലനവും സംശയ നിവാരണവും ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യ വോളണ്ടിയന്‍മാര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരെ ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് https://youtu.be/FC1gsr9y1BI എന്ന ലിങ്ക് വഴി പരിപാടി നേരിട്ട് കാണാവുന്നതാണ്. ഇതോടൊപ്പം സംശങ്ങളും ചോദിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha
























