നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതി... മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു

നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറല്‍ എസ്പി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. അതേസമയം പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു.
നിരുത്തരവാദപരമായ നടപടിയാണ് ഉണ്ടായതെന്നും മന്ത്രി വിമര്‍ശിച്ചു. വസ്ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം പ്രതിഷേധം അറിയിക്കും. ഭാവിയില്‍ ഇതുപോലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുക്കണമെന്നും മന്ത്രി ആര്‍.ബിന്ദു ആവശ്യപ്പെട്ടു.
കൊല്ലം ആയൂരിലെ കോളജില്‍ പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആയൂരിലെ കോളജില്‍ പരീക്ഷക്കെത്തിയ എല്ലാ പെണ്‍കുട്ടികളുടെയും അടിവസ്ത്രമഴിച്ചെന്ന് പരാതിയുണ്ട്.
കഴിഞ്ഞ വര്‍ഷം ഈ പരീക്ഷ എഴുതിയതാണ്. ഇത്തവണ റിപ്പീറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങള്‍ കുട്ടിക്ക് അറിയാമായിരുന്നു. മെറ്റല്‍ ഡിടക്ടര്‍ ചെസ്റ്റിന്റെ അടുത്തേക്ക് വന്നപ്പോള്‍ ബീപ് സൗണ്ട് ഉണ്ടായി. അപ്പോള്‍ മകള്‍ പറഞ്ഞപ്പോള്‍ അടിവസ്ത്രത്തിന്റെ ഹുക്കാണ്, അത് പ്ലാസ്റ്റിക് ആയിരുന്നു. എന്നിട്ടും ബീപ് സൗണ്ട് അടിച്ചു. പക്ഷേ പ്ലാസ്റ്റിക് ആണെന്ന് അവര്‍ കണ്ട് ബോധ്യപ്പെട്ടിട്ടും, അടിവസ്ത്രം അഴിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. വസ്ത്രം മാറ്റാന്‍ ഒരു ഇടുങ്ങിയ മുറിയിലേക്കാണ് കൊണ്ടുപോയത്.
ഒരേ സമയം പത്ത്പന്ത്രണ്ട് കുട്ടികളാണ് അവിടെ നിന്നത്. പല കുട്ടികളും അഴിച്ച് മാറ്റാന്‍ സാധിക്കാതെ നിസഹായരായി കരയുകയായിരുന്നു. ചില കുട്ടികള്‍ അഴിച്ച ശേഷം പുറത്തേക്ക് ഇറങ്ങാന്‍ പറ്റാതെയും നില്‍കുന്നുണ്ടായിരുന്നു. നീറ്റ് ചട്ടം പാലിച്ചുള്ള പുതിയ വസ്ത്രമാണ് മകള്‍ ധരിച്ചിരുന്നത്.
രണ്ടാം നിലയിലായിരുന്നു പരീക്ഷാ ഹാള്‍. ഹാളില്‍ പുരുഷന്മാരായിരുന്നു ഇന്‍വിജിലേറ്റേഴ്‌സ്. പരീക്ഷ കഴിഞ്ഞ പെണ്‍കുട്ടി പറഞ്ഞത് ഇത്തവണ അവസരം ലഭിച്ചില്ലെങ്കിലും ഇനി നീറ്റ് ഒരിക്കലും നീറ്റ് പരീക്ഷ എഴുതില്ലെന്ന്. മറ്റൊരു പെണ്‍കുട്ടിയുടെ അച്ഛന്‍ പരാതിക്കാരിയുടെ പിതാവിനോട് പറഞ്ഞത് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയെ പെണ്‍കുട്ടി മുറിയടച്ച് ഇരിക്കുകയാണെന്നും, അമ്മ പുറത്ത് കാവലിരിക്കുകയാണെന്നുമാണ്.
https://www.facebook.com/Malayalivartha
























