സജീവന്റെ രണ്ട് കൈമുട്ടുകളിലും തോൽ ഉരഞ്ഞ് പോറലുകൾ, മുതുകിൽ ചുവന്ന പാട്: മരണം ഹൃദയാഘാതം കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. സജീവന്റെ മരണകാരണം ഹൃദയാഘാതമെന്നാണ് റിപ്പോർട്ടിലുള്ളത്. സജീവന്റെ രണ്ട് കൈമുട്ടുകളിലും തോൽ ഉരഞ്ഞ് പോറലുകളുണ്ടെന്നും മുതുകിൽ ചുവന്ന പാട് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായ റിപ്പോർട്ട് കിട്ടിയ ശേഷം സർജന്റെ മൊഴിയെടുക്കുമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. പറഞ്ഞു.
അതേ സമയം സജീവനെതിരെ കേസ് എടുത്തത് മരണത്തിന് മുമ്പാണോ ശേഷമാണോ എന്നറിയാൻ വടകര പോലീസ് സ്റ്റേഷനിലെ ഹാർഡ് ഡിസ്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുക്കും. കേസിൽ സസ്പെൻഡ് ചെയ്ത എസ്.ഐ. എം.നിജേഷ്, എ.എസ്.ഐ. അരുൺകുമാർ, സി.പി.ഒ. ഗിരീഷ് എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച സസ്പെൻഷനിലായ സി.പി.ഒ. പ്രജീഷിനെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഉദ്യോഗസ്ഥർ ഹാജരായില്ലെങ്കിൽ വീട്ടുകാരോടും ബന്ധുക്കളോടും വിവരങ്ങൾ ചോദിച്ചറിയാനാണ് നീക്കം.
സജീവന് പ്രാഥമിക ചികിത്സ നൽകുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ഉത്തരമേഖല ഐജി കണ്ടെത്തിയിരുന്നത്. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്. മരിച്ച സജീവനോട് മാനുഷിക പരിഗണന പോലീസുകാര്‍ കാണിച്ചില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം വടകര സ്റ്റേഷനിലെ എല്ലാ പോലീസുകാരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. 28പേരെയാണ് സ്ഥലം മാറ്റിയത്. പകരക്കാരടക്കം 56പേരുടെ സ്ഥലംമാറ്റത്തിനാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. കസ്റ്റഡി മരണത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിനാണ്.
https://www.facebook.com/Malayalivartha