പാലക്കാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരുക്ക്

പാലക്കാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. താഴെ തച്ചമ്പാറ പെട്രോള്‍പമ്പിന് സമീപത്തായാണ് അപകടമുണ്ടായത്.
രണ്ടുപേര്‍ക്ക് പരുക്കേറ്റു. പെരിന്തല്‍മണ്ണ കൊളത്തൂര്‍ കല്ലിങ്ങല്‍തൊടി സബീറലിയുടെ മകന്‍ ഷുഹൈബ് (28), കരിങ്കല്ലത്താണി സ്വദേശി സുറുമി (22) എന്നിവരാണ് മരിച്ചത്. സുറുമിയുടെ ബന്ധുവായ കരിങ്കല്ലത്താണി കുളക്കാടന്‍ വീട്ടില്‍ ഹനീഫയുടെ മകള്‍ ഹന്ന (18), മിനിലോറി ഡ്രൈവര്‍ കാടാമ്പുഴ താനിക്കോട് മേല്‍മുറി സൈദ് (63) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പിന്‍സീറ്റിലിരുന്ന ഹന്നയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഹന്നയെയും സൈദിനെയും മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.
കാര്‍ പാലക്കാട് ഭാഗത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്നു . മിനിലോറി മണ്ണാര്‍ക്കാട്ടുനിന്ന് പാലക്കാട്ടേക്കും പോവുകയായിരുന്നു. കാര്‍ ഓടിച്ചത് ഷുഹൈബാണ്. മുന്‍സീറ്റിലായിരുന്നു സുറുമി.
അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍പ്പെട്ടവരെ ഉടന്‍ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷുഹൈബിന്റെയും സുറുമിയുടെയും ജീവന്‍ രക്ഷിക്കാനായില്ല.
ഗള്‍ഫിലായിരുന്ന ഷുഹൈബ് അടുത്തകാലത്താണ് അവധിയില്‍ നാട്ടിലെത്തിയത്. സക്കീനയാണ് സുഹൈബിന്റെ മാതാവ്. സഹോദരങ്ങള്‍: ഷഹീന്‍, സഫ്ന, ഫാത്തിമ സിത്താര. സജാഫ് ആണ് സുറുമിയുടെ ഭര്‍ത്താവ്. ഇരുവരുടെയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. താഴെ തച്ചമ്പാറ, എടായ്ക്കല്‍ ഭാഗം സ്ഥിരം അപകടമേഖലയാണ്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടാറുള്ളത് പതിവാണ്.
"
https://www.facebook.com/Malayalivartha


























