മന്ത്രിയുടെ യാത്രയ്ക്ക് വേണ്ടി തിരക്കിട്ട് മെറ്റലും എംസാൻഡും ഉപയോഗിച്ച് കുഴികളടച്ച് പൊതുമരാമത്ത് അധികൃതർ; കാറിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിലെ കുഴിയിൽ ചാടി വിദ്യാർത്ഥിനികൾക്ക് പരിക്ക്

കരിയാട് - മറ്റൂർ റോഡിൽ തിരുവിലാവ് ചാപ്പലിന് മുമ്പിൽ സൈക്കിൾ മറിഞ്ഞ് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്. പൊതുമരാമത്ത് റോഡിലെ കുഴിയിൽ ചാടിയ സൈക്കിൾ വീണാണ് അപകടം. കരിയാട് പയ്യപ്പിള്ളി വീട്ടിൽ ജെയിംസിന്റെ മകൾ ജൂഹി (10), കോട്ടക്കൽ ബിജോയിയുടെ മകൾ അലീന (10) എന്നിവർക്കാണ് പരിക്കേറ്റത്.
സൈക്കിളിൽ പള്ളിയിലേക്ക് പോകുന്നതിനിടെ പിന്നിൽ നിന്ന് വന്ന കാർ ഹോൺ മുഴക്കി. സൈഡ് കൊടുക്കുന്നതിനിടെ കുഴിയിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ജൂഹിയുടെ കൈഎല്ല് ഒടിയുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. മുഖത്ത് പ്ളാസ്റ്റിക്ക് സർജറിക്കായി തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അലീനയുടെ ഷോൾഡറിനും കൈകാലുകൾക്കും പരിക്കുണ്ട്. ദേശീയപാതയിൽ കരിയാട്ടിൽ നിന്ന് വിമാനത്താവളത്തിന് മുൻപിലൂടെ എംസി റോഡിൽ മറ്റൂരിൽ സന്ധിക്കുന്ന പ്രധാന റോഡാണിത്.
മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണെന്ന് സമീപവാസികൾ പറയുന്നു. ആഴ്ചകൾക്ക് മുമ്പ് തിരക്കിട്ട് മെറ്റലും എംസാൻഡും ഉപയോഗിച്ച് പൊതുമരാമത്ത് അധികൃതർ ഇവിടത്തെ കുഴികൾ അടച്ചിരുന്നു. ഈ റോഡിലാണ് അപകടം നടന്നതും. മന്ത്രിയുടെ യാത്രയ്ക്ക് വേണ്ടിയാണ് അന്ന് തിരക്കിട്ട് കുഴികൾ അടച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























