യാത്രക്കാര്‍ പെരുവഴിയിലാകുമെന്നറിഞ്ഞ ജീവനക്കാര്‍ കൈയ്യിലുള്ള കാശെടുത്ത് ഡീസലടിച്ചു... യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച ജീവനക്കാര്‍ക്ക് അഭിനന്ദനപെരുമഴ

യാത്രക്കാര്‍ പെരുവഴിയിലാകുമെന്നറിഞ്ഞ ജീവനക്കാര്‍ കൈയ്യിലുള്ള കാശെടുത്ത് ഡീസലടിച്ചു... യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച ജീവനക്കാര്‍ക്ക് അഭിനന്ദനപെരുമഴ.
കഴിഞ്ഞമാസത്തെ ശമ്പളം ഇതുവരെ ലഭ്യമായില്ലെങ്കിലും യാത്രക്കാര്‍ പെരുവഴിയിലാകുമെന്നായപ്പോള്‍ ജീവനക്കാര്‍ മറ്റൊന്നുമോര്‍ത്തില്ല. കൈയിലുള്ള കാശെടുത്ത്് ബസിന് ഡീസലടിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ ബത്തേരി -തിരുവനന്തപുരം മിന്നല്‍ സൂപ്പര്‍ ഡീലക്സില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായി ജോലി ചെയ്യുന്ന പുല്പള്ളി ചാമപ്പാറ സ്വദേശികളായ ടി.എസ്. സുരേഷും, സി.ജി. സിനീഷുമാണ് യാത്രക്കാരുടെ 'ഹീറോ' ആയി മാറിയത്.
ബത്തേരിയില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനായി പോയത്. ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചിരുന്നു. പക്ഷേ, തിരിച്ച് ബത്തേരിയിലേക്കെത്താനായി വീണ്ടും ഡീസല്‍ അടിക്കേണ്ടി വന്നു.
തിരുവനന്തപുരം ഡിപ്പോയിലെ പമ്പിലെത്തിയെങ്കിലും ഡീസല്‍ തീര്‍ന്നെന്നായിരുന്നു മറുപടി. ഇതോടെ സര്‍വീസ് എങ്ങനെ നടത്തുമെന്നായി. 33 യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നത്. യാത്രാമധ്യേ ഏതെങ്കിലും ഡിപ്പോയില്‍ നിന്ന് ഡീസലടിക്കാമെന്നുറപ്പിച്ചു. കൊട്ടാരക്കര ഡിപ്പോയില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഡീസലുണ്ടെന്നും അറിഞ്ഞു. പക്ഷേ, ബസ് കൊട്ടാരക്കര ഡിപ്പോയിലെത്തിയപ്പോഴേക്കും അവിടെയും ഡീസല്‍ തീര്‍ന്നു. സ്വകാര്യ പമ്പില്‍പോയി ഇന്ധനം നിറയ്ക്കാനായിരുന്നു നിര്‍ദേശം.
എന്നാല്‍ ടിക്കറ്റുകള്‍ അധികവും ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്നതിനാല്‍ കണ്ടക്ടറുടെ പക്കല്‍ പണം കുറച്ചേയുണ്ടായിരുന്നുള്ളൂ. ഡീസല്‍ അടിക്കാതെ യാത്ര തുടരാനാവില്ല. ട്രിപ്പ് മുടക്കിയാല്‍ ബസിലെ യാത്രക്കാര്‍ പെരുവഴിയിലാകും. ഇതോടെയാണ് സുരേഷും സിനീഷും സ്വന്തം പണമെടുത്ത് ഡീസലടിക്കാന്‍ തീരുമാനിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യപമ്പില്‍ നിന്ന് 10,000 രൂപയ്ക്ക് 104.34 ലിറ്റര്‍ ഡീസല്‍ അടിച്ച് ബസ് യാത്ര തുടരുകയായിരുന്നു. സര്‍വീസ് മുടക്കാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച ജീവനക്കാര്‍ക്ക് അഭിനന്ദന പെരുമഴയാണ്.
https://www.facebook.com/Malayalivartha


























