ഒരെഴുത്ത് പോയ പോക്ക്... മാധ്യമം പത്രത്തിനെതിരെ കത്തെഴുതിയെ വിവാദത്തിന് പിന്നാലെ കെടി ജലീലിന്റെ ഫേസ് ബുക്ക് എഴുത്തും വിവാദത്തില്‍; ആസാദി കാശ്മീര്‍ പ്രയോഗത്തില്‍ ബിജെപി നേതാക്കള്‍ രംഗത്ത്; ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വി മുരളീധരന്‍; നിയമസഭയില്‍ തുടരുന്നത് നാടിന് അപമാനം

മുന്‍ മന്ത്രി കെ ടി ജലീല്‍ കഴിഞ്ഞ മന്ത്രിസഭാ കാലത്ത് ഉണ്ടാക്കിയ വിവാദം ചെറുതല്ല. അന്ന് സ്വപ്ന വാ തുറക്കാത്തതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ സ്വപ്ന സുരേഷ് കെടി ജലീലിനെതിരെ തൊടുത്തു വിടുന്ന ആരോപണത്തില്‍ വെള്ളം കുടിക്കുകയാണ്. അവസാനമായി മാധ്യമം പത്രത്തിനെതിരെ പ്രോട്ടോകോള്‍ ലംഘിച്ച് യുഎഇ ഭരണാധികാരിക്ക് കത്തെഴുതി എന്നതാണ്.
ഇപ്പോഴിതാ ജലീലിന്റെ മറ്റൊരു എഴുത്ത്, ഫേസ് ബുക്ക് എഴുത്ത് ബിജെപി നേതാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. കെടി ജലീലിനെതിരെ രാജ്യ ദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. കശ്മീരില്‍ വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ജലീല്‍ ഉയര്‍ത്തിയത്.
കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണെന്നും മുരളീധരന്‍ പറഞ്ഞു. ആസാദ് കാശ്മീര്‍ എന്ന ജലീലിന്റെ പ്രസ്താവന രാജ്യദ്രോഹപരമാണ്. ജലീലിന്റെ രാജി സര്‍ക്കാര്‍ ആവശ്യപ്പെടണം. രാജ്യദ്രോഹ കുറ്റം ചെയ്തയാള്‍ നിയമസഭയില്‍ തുടരുന്നത് നാടിന് അപമാനമാണെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.
കെ ടി ജലീല്‍ കാശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ പരാമര്‍ശമാണ് വിവാദമായത്. 'പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം' എന്നാണ് ജലീലിന്റെ പോസ്റ്റ്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും പോസ്റ്റിനെതിരെ രംഗത്തെത്തി. പഴയ സിമി നേതാവായ കെടി ജലീലില്‍ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് പോസ്റ്റിനെക്കുറിച്ച് കെ.സുരേന്ദ്രന്‍ പ്രതികരിച്ചത്. പാക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കാശ്മീര്‍ എന്ന ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരാണ് . രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎല്‍എയായി തുടരാനാവില്ല. ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന പ്രയോഗം പാകിസ്ഥാന്റേതാണ്.
ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. സൈന്യത്തിനെതിരെയും ജലീല്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ചരിത്രത്തെ വികലമാക്കുകയാണ് ജലീല്‍ ചെയ്യുന്നത്. കാശ്മീരിന്റെ ഒരു ഭാഗം പാക്കിസ്ഥാന്‍ അനധികൃതമായി പിടിച്ചെടുത്തതാണ്. മുഴുവന്‍ കാശ്മീരും ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്ന് 1994ല്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയതാണ്. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അടുത്തിടെയാണ് മാധ്യമം വിവാദം തലപൊക്കിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലാണ് ജലീലിനെതിരായ മാധ്യമം വിവാദത്തിന് അടിസ്ഥാനം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്ന സുരേഷ് ജലീലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. പ്രോട്ടോക്കള്‍ ലംഘനം നടത്തി കെ.ടി.ജലീല്‍ യുഎഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചെന്ന് സത്യവാങ്മൂലത്തില്‍ സ്വപ്ന വെളിപ്പെടുത്തി. മാധ്യമം ദിനപത്രത്തിനെ ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ യുഎഇ ഭരണകൂടത്തിന് കത്തയച്ചത്. മാധ്യമത്തിലെ വാര്‍ത്തകള്‍ യുഎഇ ഭരണാധികാരികള്‍ക്ക് അവമതിപ്പുണ്ടാക്കുന്നതെന്നായിരുന്നു കത്തിലെ ജലീലിന്റെ ആക്ഷേപം. അതിന് പിന്നാലെയാണ് കാശ്മീര്‍ വിവാദം.
https://www.facebook.com/Malayalivartha























