കല്യാണിയുടെ കേൾവി ലോകത്തെ അച്ഛനില്ല... കേൾവിശക്തിയും അതോടൊപ്പമുള്ള പ്രതികരണവും കിട്ടാനുള്ള മകളുടെ ശസ്ത്രക്രിയ കഴിഞ്ഞ് സന്തോഷത്തോടെ ജോലിസ്ഥലമായ വിദേശത്തേക്കുപോയ അച്ഛൻ അവിടെവെച്ച് മരിച്ചു.... കേൾവിശക്തി കിട്ടുന്ന കല്യാണിക്ക് ഇനി മോളെ എന്ന അച്ഛന്റെ ശബ്ദം കേൾക്കാൻ കഴിയില്ല....

ഒരു വയസ്സ് കഴിഞ്ഞ ഋദ്ധിജാന് എന്ന കല്യാണി ജന്മനാ കേൾവിശക്തിയില്ലായിരുന്നു. ഈയിടെയാണ് അത് വീട്ടുകാർ തിരിച്ചറിയുന്നത്. കേൾവിശക്തി കിട്ടാൻ കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്തണം. 20 ലക്ഷം രൂപയാണ് ചെലവ്. കോവിഡ്കാലത്ത് ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തിയ സിദ്ധാർഥ് ബഹ്റൈനിലേക്ക് പോയിട്ട് ആറുമാസമേ ആയുള്ളൂ. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ പ്രിയങ്കരനായ സിദ്ധാർഥിന്റെ പ്രയാസം പരിഹരിക്കാൻ കൗൺസിലർ പി.എം. ഹരിദാസൻ ചെയർമാനും കെ.കെ. പ്രേമൻ ജനറൽ കൺവീനറുമായി ചികിൽസാ സഹായകമ്മിറ്റി രൂപവത്‌കരിച്ചത്.
വലിയൊരു തുക പെട്ടെന്നുതന്നെ കമ്മിറ്റി സ്വരൂപിച്ചു. ഇതിനിടെ പിഞ്ചോമനയുടെ ശസ്ത്രക്രിയക്കായി ജൂലായ് 18-ന് സിദ്ധാർഥ് നാട്ടിലെത്തി. 22-ന് ശസ്ത്രക്രിയ കഴിഞ്ഞ് 28-ന് ഗൾഫിലേക്ക് തിരിക്കുകയും ചെയ്തു.ആദ്യത്തെ ശസ്ത്രക്രിയ കഴിഞ്ഞ് 21 ദിവസം കഴിഞ്ഞാൽ മറ്റൊരു ശസ്ത്രക്രിയകൂടി നടത്തണം. എന്നാലേ കേൾവിശക്തി മകൾക്ക് പൂർണമായി ലഭിക്കൂ. മകളുടെ സുരക്ഷിതത്വത്തിനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്ക് സമീപം വീട് വാടകയ്ക്കെടുത്ത് ഭാര്യയെയും കുട്ടിയെയും അവിടെ താമസിപ്പിച്ചു.
ഗൾഫിലെത്തിയ സിദ്ധാർഥ് കല്യാണിയുടെ കൊഞ്ചലിനായി ഇടയ്ക്കിടെ ഫോണിലെത്തും.അങ്ങനെയിരിക്കെ ഓഗസ്റ്റ് ഒമ്പതിന് പുലർച്ചെയാണ് സിദ്ധാർഥ് മരണപ്പെട്ട വിവരം നാട്ടിലെത്തുന്നത്. ഹോട്ടലിലെ സ്വമ്മിങ്‌പൂളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം നാട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.
https://www.facebook.com/Malayalivartha
























