വര്‍ണക്കാഴ്ചകളുമായി നഗരം ചുറ്റുന്ന, രാജസ്മൃതികള്‍ ഉണര്‍ത്തുന്ന അത്തം ഘോഷയാത്ര ഇന്ന്... അത്തം ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്നു കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

വര്‍ണക്കാഴ്ചകളുമായി നഗരം ചുറ്റുന്ന, രാജസ്മൃതികള്‍ ഉണര്‍ത്തുന്ന അത്തം ഘോഷയാത്ര ഇന്ന്. നഗര വീഥിയിലൂടെ നീങ്ങുന്ന കലാവിസ്മയം കാണാന്‍ നഗരത്തിലേക്ക് ഇന്ന് ആയിരങ്ങള്‍ എത്തും.
ഘോഷയാത്രയുടെ വിളംബരം അറിയിച്ച് രാജഭരണത്തിന്റെ ആസ്ഥാനമായിരുന്ന ഹില്‍പാലസ് അങ്കണത്തില്‍ നിന്ന് അത്തം നഗറില്‍ (ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്) ഉയര്‍ത്താനുള്ള പതാക രാജകുടുംബത്തിന്റെ പ്രതിനിധിയായ ഡോ. നിര്‍മല തമ്പുരാനില്‍ നിന്നു നഗരസഭാധ്യക്ഷ രമ സന്തോഷ് ഏറ്റുവാങ്ങി ഘോഷയാത്രയായി അത്തം നഗറില്‍ എത്തിച്ചു.
ഇന്നു രാവിലെ ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സ്റ്റീഫന്‍ ദേവസിയുടെ ഫ്യൂഷന്‍. 9നു കെ. ബാബു എംഎല്‍എ അത്തം പതാക ഉയര്‍ത്തും തുടര്‍ന്നു ഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. അനൂപ് ജേക്കബ് എംഎല്‍എ, കലക്ടര്‍ രേണു രാജ് എന്നിവര്‍ ചേര്‍ന്നു ഘോഷയാത്ര ഫ്‌ലാഗ്ഓഫ് ചെയ്യും. തുടര്‍ന്നു വര്‍ണാഭമായ അത്തം ഘോഷയാത്ര. ഗവ. ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങി ബസ് സ്റ്റാന്‍ഡ്, സ്റ്റാച്യു ജംക്ഷന്‍, കിഴക്കേക്കോട്ട, എസ്എന്‍ ജംക്ഷന്‍, വടക്കേക്കോട്ട, ശ്രീപൂര്‍ണത്രയീശ ക്ഷേത്രം, സ്റ്റാച്യു ജംക്ഷന്‍ വഴി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തും. 2 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അത്തം ഘോഷയാത്ര നടക്കുന്നത്.
അത്തം ആഘോഷത്തോട് അനുബന്ധിച്ചു നഗരസഭ സംഘടിപ്പിക്കുന്ന ഓണം കലാസന്ധ്യയുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 5.30നു ലായം കൂത്തമ്പലത്തില്‍ നടന്‍ ഹരിശ്രീ അശോകന്‍ നിര്‍വഹിക്കുന്നതാണ്. മലയാളത്തിലെ പിന്നണി ഗാനാലാപനത്തിനു തുടക്കമിട്ട നിര്‍മല എന്ന ചിത്രത്തിലെ ഗായിക വിമല ബി. വര്‍മ, വര്‍ഷങ്ങളായി അത്തം അനൗണ്‍സ്‌മെന്റ് നടത്തുന്ന ഷാനവാസ്, ചെണ്ട കലാകാരന്‍ സജീവന്‍ എന്നിവരെ ആദരിക്കും. 6നു വയോമിത്രം മേക്കര അവതരിപ്പിക്കുന്ന കലാപരിപാടികള്‍, 7നു അജിത്ത് കെ. സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതം, 8ന് ആലപ്പുഴ സംസ്‌കൃതിയുടെ ഗാനമാലിക. നാളെ വൈകിട്ട് 5ന് അക്ഷരശ്ലോകസദസ്സ് തൃപ്പൂണിത്തുറ പൂര്‍ണശ്രീ അക്ഷരശ്ലോക സമിതി, 6നു ഭരതനാട്യം ചെന്നൈ ഷീജിത്ത്, 7.30നു കഥകളി തൃപ്പൂണിത്തുറ കഥകളി ക്ലബ് തുടങ്ങിയവ നടക്കും. സെപ്റ്റംബര്‍ 7 വരെ എല്ലാ ദിവസവും ലായം കൂത്തമ്പലത്തില്‍ കലാപരിപാടികള്‍.
ഇന്നു സിയോണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ അത്തപ്പൂക്കള മത്സരം നടക്കും. വൈകിട്ട് 3 മുതല്‍ മത്സരപ്പൂക്കളങ്ങള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് ഓഡിറ്റോറിയം തുറക്കും.
നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കിയ സെല്‍ഫി കോര്‍ണര്‍ നടന്‍ വിനയ് ഫോര്‍ട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാച്യുവില്‍ രാജ പ്രതിമയ്ക്കു മുന്‍പിലാണു സെല്‍ഫി കോര്‍ണര്‍ തയാറാക്കിയത്. ഐ ലൗ അത്തം തൃപ്പൂണിത്തുറ 2022 എന്ന ലൈറ്റ് ബോര്‍ഡിനും രാജ പ്രതിമയ്ക്കും ഒപ്പം സെല്‍ഫി എടുക്കാവുന്നതാണ്. .
അത്തം ആഘോഷത്തോടനുബന്ധിച്ച് ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഫൊട്ടോഗ്രഫി മത്സരം, ചിത്ര രചന മത്സരം എന്നിവ ഇന്നു നടക്കും. അത്തം ഘോഷയാത്രയുടെ ചിത്രങ്ങളാണു ലഭിക്കേണ്ടത്. 9447378356.
അത്തം ആഘോഷങ്ങളുടെ ഭാഗമായി നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്നു കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
ഇന്നു രാവിലെ 8 മുതല്‍ വൈകിട്ട് 3 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നു ട്രാഫിക് പൊലീസ് . കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ നിന്ന് എറണാകുളത്തേക്കു പോകേണ്ട വാഹനങ്ങള്‍ കണ്ണന്‍കുളങ്ങര ജംക്ഷനില്‍ എത്തി മിനി ബൈപാസ് വഴി പോകേണ്ടതാണ്.
കോട്ടയം, വൈക്കം, മുളന്തുരുത്തി എന്നിവിടങ്ങളില്‍ നിന്നു കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം എന്നിവിടങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ പുതിയകാവ് ജംക്ഷനില്‍ നിന്നു വലത്തേക്കു തിരിഞ്ഞ് കുരീക്കാട് വഴി തിരുവാങ്കുളം ജംക്ഷനില്‍ വഴി പോകണം. എറണാകുളം, വൈറ്റില എന്നിവിടങ്ങളില്‍ നിന്നു വൈക്കം, മുളന്തുരുത്തി, കോട്ടയം എന്നിവിടങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ പേട്ട ജംക്ഷനില്‍ എത്തി വലത്തേക്കു തിരിഞ്ഞ് മിനി ബൈപാസ് കണ്ണന്‍കുളങ്ങര വഴിയാണ് പോകേണ്ടതാണ്.
വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ എന്നിവിടങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ പേട്ട ജംക്ഷനില്‍ എത്തി എസ്എന്‍ ജംക്ഷന്‍, ഇരുമ്പനം ജംക്ഷന്‍ വഴി പോകണം. വെണ്ണല, എരൂര്‍ എന്നിവിടങ്ങളില്‍ നിന്നു കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലേക്കു പോകേണ്ട വാഹനങ്ങള്‍ ലേബര്‍ ജംഗ്ഷനില്‍ നിന്നു കിഴക്കോട്ട് തിരിഞ്ഞ് ട്രാക്കോ കേബിള്‍ ജംഗ്ഷനില്‍ എത്തി സീപോര്‍ട് എയര്‍പോര്‍ട് റോഡ് വഴി ഇരുമ്പനം ജംഗ്ഷനില്‍ എത്തി പോകേണ്ടതാണ്.
മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് എന്നിവിടങ്ങളില്‍ നിന്ന് എറണാകുളത്തേക്കു പോകേണ്ട വാഹനങ്ങള്‍ കരിങ്ങാച്ചിറ ഇരുമ്പനം ജംഗ്ഷന്‍ എത്തി എസ്എന്‍ ജംക്ഷന്‍, പേട്ട വഴി പോകണം. ടിപ്പര്‍ ലോറി, ടാങ്കര്‍ ലോറി, കണ്ടെയ്‌നര്‍ ലോറി തുടങ്ങിയ ഭാര വാഹനങ്ങള്‍ക്ക് അന്നേ ദിവസം തൃപ്പൂണിത്തുറ നഗരത്തിലേക്കു പ്രവേശനമില്ല.
https://www.facebook.com/Malayalivartha
























