കല്യാണം കലക്കി പപ്പടം... വിവാഹ സദ്യയില്‍ ഒരു പപ്പടം അധികം ചോദിച്ചതിന്റെ പേരില്‍ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തീരാ ശത്രുക്കളായി; രണ്ട് ചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടിയപ്പോള്‍ പപ്പടം നാട്ടിലെ ട്രോളായി; 3 പേര്‍ക്കു സാരമായ പരുക്ക്; 15 പേര്‍ക്കെതിരെ കേസ്

പപ്പടം ഇടഷ്ടപ്പെടാത്തവര്‍ ആരുമില്ല. ചിലര്‍ക്ക് പപ്പടം ഒഴിവാക്കാന്‍ പറ്റാത്ത വിഭവം കൂടിയാണ്. പപ്പടം എണ്ണയില്‍ കാച്ചിയും ചുട്ടും കഴിക്കുന്നവരുണ്ട്. പപ്പടം പല തരത്തിലുണ്ട്. വിവിധ തരം മാവുകള്‍ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളും പോലുള്ള വിവിധ അഡിറ്റീവുകള്‍ ചേര്‍ത്തും നിര്‍മ്മിക്കുന്നു. എണ്ണ അടങ്ങിയിട്ടുള്ളതിനാല്‍ പപ്പടം പൊതുവേ ആരോഗ്യത്തിന് നല്ലതല്ലെന്ന് നമ്മുക്കറിയാം. അവയില്‍ സോഡിയം ബെന്‍സോയേറ്റ് പോലുള്ള പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിട്ടുണ്ട്. പപ്പടം അധികം കഴിക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ പപ്പടം ഒരു കല്യാണം കലക്കിയായി മാറി. വിവാഹ സദ്യയില്‍ ഒരു പപ്പടം അധികം ചോദിച്ചതിന്റെ പേരില്‍ കൂട്ടയടിയുണ്ടായി. 3 പേര്‍ക്കു പരുക്ക്, 15 പേര്‍ക്കെതിരെ കേസ്. സംഘട്ടനം കണ്ട് ഓടിയെത്തിയ ഓഡിറ്റോറിയം ഉടമയാണ് അടിയേറ്റവരില്‍ ഒരാള്‍.
ഞായറാഴ്ച ഉച്ചയ്ക്ക് ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംങ്ഷനു സമീപത്തെ ഓഡിറ്റോറിയത്തിലാണ് പപ്പടത്തിന്റെ പേരില്‍ സംഘട്ടനമുണ്ടായത്. ഓഡിറ്റോറിയം ഉടമ കരിപ്പുഴ കൂന്തലശേരില്‍ മുരളീധരന്‍ (74), വിവാഹത്തിനെത്തിയ ജോഹന്‍ (21), ഹരി (21) എന്നിവര്‍ക്കാണു പരുക്കേറ്റത്.
കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കരീലക്കുളങ്ങര പൊലീസ് കേസെടുത്തു. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. സദ്യ വിളമ്പുന്നതിനിടെ വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ അധികം പപ്പടം ചോദിച്ചു. വിളമ്പുകാര്‍ അതു നല്‍കാതിരുന്നതു തര്‍ക്കത്തിന് ഇടയാക്കി. അത് സംഘട്ടനത്തിലെത്തി. ആളുകള്‍ രണ്ടു ചേരിയായി തിരിഞ്ഞു കസേരകളും മേശയുമെടുത്ത് പരസ്പരം അടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ഓഡിറ്റോറിയം ഉടമയ്ക്ക് തലയ്ക്ക് അടിയേറ്റത്. ഇദ്ദേഹത്തെ തട്ടാരമ്പലത്തിന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരളീധരന്റെ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. ഓഡിറ്റോറിയത്തിലെ മേശകളും കസേരകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ തകര്‍ത്തതായി പരാതിയുണ്ട്. 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണു മൊഴി. മുട്ടം സ്വദേശിനിയായ യുവതിയും തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടന്നത്.
ഓഡിറ്റോറിയം ഉടമ മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സാമ്പത്തികമായി കുറച്ച് പിന്നോട്ട് നില്‍ക്കുന്നവരാണ്. പരമാവധി ഡിസ്‌കൗണ്ട് കൊടുത്താണ് ഓഡിറ്റോറിയം ബുക്ക് ചെയ്തത്. വിവാഹചടങ്ങുകളെല്ലാം നന്നായി നടന്നു. വധുവും വരനും സദ്യ കഴിച്ചു. സദ്യയുടെ അവസാന പന്തി ആയപ്പോഴാണ് പ്രശ്‌നം തുടങ്ങുന്നത്. രണ്ടാമതും പപ്പടം ചോദിച്ചപ്പോള്‍ കിട്ടിയില്ല എന്നതാണ് കാരണം. ഏഴെട്ട് ചെറുപ്പക്കാര്‍ മാത്രമായിരുന്നു കഴിക്കാനുണ്ടായിരുന്നത്. അവരാണ് പപ്പടം ചോദിച്ചത്.
പപ്പടം കിട്ടാത്ത ദേഷ്യത്തില്‍ കസേരകള്‍ വലിച്ചെടുത്ത് പരസ്പരം അടിക്കാന്‍ തുടങ്ങി. സദ്യ ഹാളിന്റെ പ്രധാന ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി ആയി പിന്നെ അടി. ഒരു കസേര എടുത്ത് ഇറങ്ങി വരുന്നവരെ ഓരോരുത്തരെ ആയി അടിക്കാന്‍ തുടങ്ങി. ഞാനും മാനേജറും ഓഫീസിലായിരുന്നു. ഓഫീസിനകത്തേക്കും കസേര എറിയാന്‍ തുടങ്ങി. എനിക്ക് നല്ല ഒരു അടികൊണ്ടു. സാരമായി പരുക്കുണ്ട്. 14 സ്റ്റിച്ചുകള്‍ ഉണ്ട്. സംഭവം നടക്കുമ്പോള്‍ തന്നെ പൊലീസിനെ വിളിച്ചുവരുത്തി.
പൊലീസ് വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് എനിക്കുണ്ടായ നഷ്ടപരിഹാരം ലഭിച്ചാല്‍ മതി, പരാതി ഇല്ല കേസാക്കണ്ട എന്നാണ്. പക്ഷേ വരന്റെ വീട്ടുകാര്‍ ഇതിന് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായില്ല. ഇതോടെ വധുവിന്റെ അച്ഛന്‍ കേസാക്കാന്‍ പറഞ്ഞു. കരിയിലക്കുളങ്ങര പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇപ്പോള്‍ പപ്പടമാണ് നാട്ടിലെ താരം. വിവാഹ സദ്യയ്ക്കിടെ പപ്പടത്തിന് വേണ്ടി കൂട്ടത്തല്ല് നടന്ന വിഡിയോ വൈറലായതോടെ സൈബര്‍ ഇടത്ത് ട്രോളുകളും നിറയുകയാണ്.
"https://www.facebook.com/Malayalivartha
























