150 മീറ്റർവരെ ദൂരത്തിൽ പടക്കം ചെന്ന് പതിക്കും, കാട്ടാനകളെ തുരത്താൻ റോക്കറ്റ് ലോഞ്ചറുമായി വനംവകുപ്പ്, വളരെ സുരക്ഷിതമായി ഉപയോഗിക്കാമെന്നതും പ്രത്യേകത, സംസ്ഥാനത്ത് ആദ്യമായി വാളയാർ റേഞ്ചിന് കീഴിൽ റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് തുടങ്ങി

ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ റോക്കറ്റ് ലോഞ്ചറുമായി വനംവകുപ്പ്. റോക്കറ്റ് വേഗത്തിൽ മിന്നിപ്പാഞ്ഞു പൊട്ടി വർണം വിരിയിക്കുന്ന പടക്കം ഉപയോഗിക്കുന്ന ഉപകരണത്തിനാണ് വനംവകുപ്പ് ഈ പേര് നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി വാളയാർ റേഞ്ചിനു കീഴിലാണ് റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് തുടങ്ങിയത്. ഇവിടെ പരിശീലനം ലഭിച്ച വാച്ചർമാർ ഇത് ഉപയോഗിച്ചാണ് കാട്ടാനകളെ തുരത്തുന്നത്.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഈ ഉപകരണം നിർമിച്ചിട്ടുള്ളത്. 150 മീറ്റർവരെ ദൂരത്തിൽ പടക്കം ചെന്നു പതിക്കും. ആനയ്ക്ക് പൊള്ളലേൽക്കുകയോ പരുക്കേൽക്കുകയോ ചെയ്യുന്നില്ല. വളരെ സുരക്ഷിതമായി ഇത് ഉപയോഗിക്കാമെന്നതും പ്രത്യേകതയാണ്. കാടുകൾക്ക് നടുവിലൂടെ വലിയ ശബ്ദത്തോടെ കടന്നു പോവുന്ന റോക്കറ്റുകൾ ആനയെ വിറപ്പിക്കുന്നുണ്ടെന്നു വാച്ചർമാർ പറയുന്നു. തീയും പുകയും ശബ്ദവും ഒരുമിച്ചെത്തുന്നതിനാൽ കൊമ്പൻമാർ വിരണ്ടു പിന്മാറും.
ആനയ്ക്ക് മുന്നിലെത്തി ഓലപ്പടക്കമെറിഞ്ഞാണ് മുൻപ് ആനയെ വിരട്ടിയിരുന്നത്. ആനകൾക്കു തൊട്ടു മുന്നിലെത്തി പടക്കമെറിഞ്ഞ് പിന്മാറി ഓടുമ്പോൾ വാച്ചർമാർക്കു പരുക്കേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ അപകടങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോക്കറ്റ് ലോഞ്ചർ ഉപകരണം വനംവകുപ്പ് ഉപയോഗിച്ചു തുടങ്ങിയത്. ഇതിന് ചെലവേറെയാണെങ്കിലും ജനങ്ങളുടെ സുരക്ഷയും കർഷകരുടെ പ്രയാസവും കണക്കിലെടുത്താണ് നടപ്പാക്കിയതെന്ന് വനംവകുപ്പ് പറയുന്നു.
റോക്കറ്റ് ലോഞ്ചറിൽ ഉപയോഗിക്കുന്ന പടക്കത്തിനു ഒന്നിന് 85 രൂപയാണു ചെലവ്. ഉപകരണം നിർമിക്കാനും ചെലവുണ്ട്. ഓരോ സെക്‌ഷനിലേക്കും ഓരോ ലോഞ്ചർ വീതം നൽകിയിട്ടുണ്ട്. വാളയാറിൽ വിജയിച്ചതോടെ കാട്ടാന ശല്യം രൂക്ഷമായ അട്ടപ്പാടി വനമേഖലയിലും ഇത് ഉപയോഗിച്ചു തുടങ്ങും.
https://www.facebook.com/Malayalivartha
























