പനിച്ച് വിറച്ച് കിടന്നിട്ട് പോലും, ആശുപത്രിൽ നിന്ന് ഡോക്ടറുടെ സമ്മതമില്ലാതെ പിടിച്ചിറക്കി ഹോട്ടൽ മുറിയിൽ എത്തിച്ചു: പഠനം പോലും അനുവദിക്കാതെ സൗഹൃദം നടിച്ച് നിഴൽ പോലെ ഒപ്പം കൂടിയ യൂനസ് അക്ഷയയ്ക്ക് സമ്മാനിച്ചത് തടവറ ജീവിതം: മാനസീക പീഠനത്തിലും ഭീഷണിക്ക് മുന്നിലും പതറിയ അക്ഷയ്‌ക്ക് നഷ്ടപ്പെട്ടത് അവൾ ആഗ്രഹിച്ച ആ ജീവിതം:- ഒരു ലഹരിക്കും, കാമുകനും വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് ചെറുവട്ടൂർ സ്കൂൾ പി.ടി.ഐ

ലഹരിമരുന്ന് കേസിൽ തൊടുപുഴയിൽ പിടിക്കപ്പെട്ട അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സഹായവാഗ്ദാനവുമായി ചെറുവട്ടൂർ സ്കൂൾ പി.ടി.ഐ. റിമാൻഡിൽ കഴിയുന്ന അക്ഷയക്ക് തുടർ ചികിത്സയ്ക്കും, ഉപരിപഠനത്തിനും ആവശ്യമായ സഹായം നൽകാനാണ്, അക്ഷയ പ്ലസ് ടു പഠിച്ചിറങ്ങിയ ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.ഐയുടെ തീരുമാനം. പെൺകുട്ടികൾ അടക്കം മയക്കുമരുന്ന് ലോബിയുടെ കെണിയിൽ വീഴുന്ന സാഹചര്യം കണക്കിലെടുത്താണ് സ്കൂൾ പി.ടി.ഐ ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. മറ്റൊരു പെൺകുട്ടിയും ഇനി ഇത്തരം ചതിക്കുഴിയിൽ വീഴരുതെന്ന സന്ദേശം ഉയർത്തിയാണ് പി.ടി.ഐ രംഗത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ നാല് വർഷമായി കൂട്ടുപ്രതി യൂനുസ് റസാക്കുമായി ഒന്നിച്ചു താമസിക്കുകയായിരുന്നു അക്ഷയ. ഇക്കാര്യം ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2018 മികച്ച മാർക്കോടെ പ്ലസ് ടു പാസായ അക്ഷയ പിന്നീട് കോതമംഗലം എം.എ കോളജിൽ 80 ശതമാനം മാർക്കോടെ ഡിഗ്രി സോഷ്യോളജി പാസാവുകയും, തുടർ പഠനത്തിനായി എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ചേരുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനു ശേഷം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട തൊടുപുഴ സ്വദേശിയായ യുനൂസുമായി പ്രണയത്തിൽ ആയി.
എന്നാൽ മയക്ക് മരുന്നിന് അടിമയായ യൂനസ് പിന്നീട് അക്ഷയയുടെ പഠനം പോലും അനുവദിക്കാതെ സൗഹൃദം നടിച്ച് നിഴൽ പോലെ ഒപ്പം കൂട്ടുകയായിരുന്നു. ആറ് മാസമായി തൊടുപുഴയിൽ രണ്ട് ടെക്‌സ്‌റ്റൈൽസിൽ അക്ഷയ ജോലിക്ക് കയറിയിരുന്നു. ഇതിൽ നാല് മാസം ആണ് അക്ഷയ ജോലി ചെയ്തിരുന്നത്. അവസാനത്തെ രണ്ട് മാസം യൂനസിന്റെ മാനസീക പീഠനത്തിലും ഭീഷണിക്ക് മുന്നിലും അക്ഷയ യൂനസിന്റെ കസ്റ്റഡിയിൽ ആവുകയായിരുന്നു. എന്നാൽ അക്ഷയ ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആരംഭിച്ചത് എപ്പോഴാണെന്ന് ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇടത്തരം സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബങ്ങളാണ് അക്ഷയയുടെയും യൂനസിന്റെയും. യൂനസിന്റെ സഹോദരൻ കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് മറ്റൊരു ലഹരി കേസിൽ പിടിയിലായത്.
അക്ഷയയുടെ ഫോൺ അടക്കം ഇയാൾ തട്ടിയെടുക്കുകയും ഉപയോഗിച്ച് വരികയും ചെയ്തിരുന്നു .യൂനുസ് പോകുന്ന ഇടങ്ങളിൽ സ്‌നേഹം നടിച്ച് അക്ഷയയെ ഒപ്പം കൂട്ടിയിരുന്നു. ഇതാണ് മയക്ക് മരുന്ന് കേസിൽ പെടാൻ ഇടയാക്കിയത്. അക്ഷയ ഭീഷണിക്കും പീഡനത്തിനും ഇരയായിട്ടുള്ളതായും അക്ഷയക്ക് യൂനുസ് മയക്ക് മരുന്ന് നൽകിയിരുന്നതായും അക്ഷയയുടെ മാതാപിതാക്കൾ സംശയിക്കുന്നു. പനിയും,വിറയലും ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് അക്ഷയ 5 ദിവസം തൊടുപുഴ യിലെ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു. എന്നാൽ ഡോക്ടറുടെ പോലും അനുമതി ഇല്ലാതെ യൂനുസ് ബലമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് , ഒപ്പം കൂട്ടി ഹോട്ടൽ മുറിയിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിർധനരായ ഈ മാതാപിതാക്കൾക്ക് രണ്ട് പെൺമക്കളാണുള്ളത്. ഏക സഹോദരിയും ഈ സ്‌കൂളിൽ നിന്നും മികച്ച മാർക്കോടെ പ്ലസ് ടു പാസായി ഉപരി പഠനത്തിലാണുള്ളത്. പിടിക്കപ്പെടുമ്പോൾ അലറി കരഞ്ഞ അക്ഷയ സ്റ്റേഷനിലെത്തിയിട്ടും കരച്ചിൽ തുടരുകയായിരുന്നു. വീട്ടിൽ നിന്നും അമ്മ എത്തിയതിന് ശേഷം മാത്രമാണ് കരച്ചിൽ അവസാനിപ്പിച്ചത്.
യൂനസ് ഇതിനു മുമ്പും ലഹരി ഇടപാടുകൾ നടത്തിയിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. അക്ഷയയും യൂനുസും ഇടയ്ക്കിടെ തൊടുപുഴയിലെ ലോഡ്ജിൽ എത്തിയിരുന്നു. എത്തിക്കുന്ന ലഹരി മരുന്ന് വിറ്റു തീരുന്നതുവരെ ലോഡ്ജിൽ തമ്പടിക്കുന്നതായിരുന്നു ഇരുവരുടെയും രീതി. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കാണ് ഇരുവരും ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത്. വിതരണത്തിനു തയ്യാറാക്കിയ ചെറിയ ലഹരി പായ്ക്കറ്റുകളും ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണവും ഇരുവരുടെയും പക്കൽ നിന്ന് പിടിച്ചെടുത്തിരുന്നു.
https://www.facebook.com/Malayalivartha
























