കള്ളനെന്ന് സംശയിച്ച് കസ്റ്റഡിയിൽ എടുത്തത് മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാക്കാൻ കൂടെ പോയ പോലീസുകാരനോട് യുവാവ് പറഞ്ഞുകൊണ്ടിരുന്നത് ഒമ്പതക്ക നമ്പർ: പത്താമത്തെ അക്കം കണ്ടുപിടിച്ചപ്പോൾ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് - പേട്ട പോലീസിന് കൈയടിച്ച് സോഷ്യൽ മീഡിയ

പഞ്ചാബിൽ നിന്ന് കാണാതായ മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് രക്ഷകരായി പേട്ട പൊലീസ്. ആദ്യം കള്ളനെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് മാനസികാസ്വാസ്ഥ്യം ഉള്ള ആളാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് യുവാവ് പറഞ്ഞുകൊണ്ടിരുന്ന ഒമ്പതാക്ക നമ്പറിനൊപ്പം പത്താമത്തെ അക്കം കണ്ടുപിടിച്ച് കുടുംബവുമായി പോലീസ് ബന്ധപ്പെടുകയായിരുന്നു. പോലീസ് പറയുന്നത് ഇങ്ങനെ...
25ന് വൈകിട്ട് മൂന്ന് മണിയോടെ പേട്ട മുത്തുമാരിയമ്മൻ കോവിലിന് സമീപം തറയിൽ ഹൗസെന്ന വീട്ടിൽ അന്യസംസ്ഥാനക്കാരൻ ഗേറ്റ് ചാടിക്കടന്നെന്നും വീട്ടമ്മ ബഹളം വച്ചതോടെ ഇയാൾ രക്ഷപ്പെട്ടെന്നുമുള്ള വിവരം പേട്ട സ്റ്റേഷനിലെത്തി. തുടർന്ന് പൊലീസ് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. വൈകിട്ട് നാലോടെ ചാക്കയിലെ കാർ സർവീസ് സെന്ററിൽ നിന്ന് ഒരാൾ കാറുമായി കടക്കാൻ ശ്രമിച്ചെന്നും ഇയാളെ ഉടമയും മറ്റ് തൊഴിലാളികളും ചേർന്ന് പിടികൂടിയെന്ന വിവരവും പൊലീസിന് ലഭിച്ചു. സ്ഥലത്തെത്തിയ പേട്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദേഹമാസകലം ചരടുകെട്ടി മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന യുവാവ് പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബോദ്ധ്യപ്പെട്ടതോടെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു പൊലീസുകാരനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു. ഹിന്ദി അടക്കമുള്ള ഭാഷകൾ വശമുണ്ടായിരുന്ന പൊലീസുകാരൻ ഇയാളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാൽ ഒരു 9 നമ്പർ ഇയാൾ നിരന്തരം പറയുന്നുണ്ടായിരുന്നു. ഇത് ഫോൺ നമ്പറായിരിക്കാമെന്ന സംശയത്തിൽ പൊലീസുകാർ പത്താമത്തെ അക്കം കണ്ടെത്താൻ ശ്രമം തുടങ്ങി.
നിരവധി അക്കങ്ങൾ കൂട്ടിച്ചേർത്ത് പരിശോധിച്ചും വിളിച്ചും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ പഞ്ചാബ് വിലാസമുള്ള ഒരു നമ്പർ ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ അതിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തമിഴ്നാട്ടിലായിരുന്നു അവസാനമായി പ്രവർത്തന ക്ഷമമായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ടെലികോം കമ്പനിയിൽ നിന്ന് ഈ നമ്പർ എടുക്കാനായി നൽകിയിരുന്ന രണ്ട് ബദൽ നമ്പറുകൾ ലഭിച്ചു. ഇതിലൊരെണ്ണം സ്വിച്ച് ഓഫായിരുന്നു. എന്നാൽ മറ്റേതിൽ ബന്ധപ്പെട്ടപ്പോൾ പഞ്ചാബ് സ്വദേശിയായ ഒരാൾ ഫോണെടുത്തു.
പൊലീസുകാർ വിവരം ധരിപ്പിച്ചപ്പോഴാണ് യുവാവിന്റെ പിതാവാണ് താനെന്നും, കാണാതായ മകൻ ഗുരുവീന്ദറിനെ ആറുമാസമായി കുടുംബം അന്വേഷിക്കുകയായിരുന്നുവെന്നും പിതാവ് മറുപടി നൽകിയത്. യുവാവ് അവിടെയും ചികിത്സയിലായിരുന്നു. തുടർന്ന് പൊലീസുകാർ മകനെ വീഡിയോ കാളിൽ കാണിച്ചുകൊടുത്തു. 28ന് പിതാവ് തലസ്ഥാനത്തെത്തി ഗുരുവീന്ദറിനെ ആശുപത്രിയിൽ സന്ദർശിച്ചു. ചികിത്സ പൂർത്തിയായശേഷം മകനെ തിരികെ കൊണ്ടുപോകാമെന്ന് പിതാവ് വ്യക്തമാക്കി. തലസ്ഥാനത്ത് തുടരുന്ന കുൽവിന്ത് സിംഗിന് പൊലീസാണ് താമസ സൗകര്യമൊരുക്കിയത്. സി.ഐ റിയാസ് രാജ, എസ്.ഐ സുനിൽ, സി.പി.ഒമാരായ ശ്രീജിത്ത്, രാജാറാം, ഷമി എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
https://www.facebook.com/Malayalivartha
























