ഖമനേയിയുടെ വധത്തിന് തിരിച്ചടി: ഇസ്രായേലിന് നേരെ ഹിസ്ബുള്ളയുടെ മിസൈൽ-ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ കത്തുന്നു...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധത്തിന് പ്രതികാരമായി ഇസ്രായേലിന് നേരെ ഹിസ്ബുള്ള ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ലെബനനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ വർഷത്തിന് പിന്നാലെ ഇസ്രായേൽ തിരിച്ചടി തുടങ്ങിയതോടെ മേഖലയിൽ സംഘർഷം അതിരൂക്ഷമായിരിക്കുകയാണ്. ഇറാൻ പിന്തുണയുള്ള ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇന്ന് പുലർച്ചെയോടെയാണ് ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചത്. അയത്തൊള്ള അലി ഖമനേയിയുടെ വധത്തിന് പകരമായാണ് ഈ നടപടിയെന്ന് ഹിസ്ബുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടർന്ന് ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി.
എന്നാൽ ഹിസ്ബുള്ള വിക്ഷേപിച്ച മിസൈലുകൾ വിജനമായ സ്ഥലങ്ങളിലാണ് പതിച്ചതെന്നും ആളപായമില്ലെന്നും ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഹിസ്ബുള്ളയുടെ പ്രകോപനത്തിന് പിന്നാലെ ഇസ്രായേൽ സൈന്യം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ലെബനൻ തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ വൻ സ്‌ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. ഹിസ്ബുള്ളയുടെ നീക്കങ്ങൾ ലെബനന്റെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം വിമർശിച്ചു. ഇത്തരം ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തികൾ ഇസ്രായേലിന് ലെബനന് മേൽ ആക്രമണം തുടരാൻ കാരണമാകുമെന്ന് അദ്ദേഹം എക്സിലൂടെ മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha



























