മുന്നിലൂടെ പോയിട്ടും... സ്വാതന്ത്ര്യ സമര സേനാനികളെ രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ വ്യാപക പ്രതിഷേധം; ജനങ്ങള്‍ പൊരിവെയിലത്ത് കാത്ത് നിന്നിട്ടും അതുവഴി പോയിട്ടും രാഹുല്‍ തിരിഞ്ഞ് നോക്കിയില്ല; തുറന്നടിച്ച് ശശി തരൂര്‍; ക്ഷമാപണം നടത്തി സുധാകരന്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തില്‍ എത്തിയതോടെ വിവാദവും ആരംഭിച്ചു. അത് സ്വാതന്ത്ര്യ സമര സേനാനികളെ ചുറ്റിപ്പറ്റിയായപ്പോള്‍ ദേശീയ മുഖവും വന്നു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെത്താതിരുന്നത് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നാണക്കേടായി.
ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെയും കെ ഇ മാമന്റെയും ബന്ധുക്കളും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും, ശശി തരൂരും അടക്കമുള്ള നേതാക്കളും വന്‍ ജനക്കൂട്ടവും കാത്തുനിന്നിട്ടും സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി എത്താത്തതാണ് കല്ലുകടിയായത്. സ്ഥലത്തിന് മുന്നിലൂടെ ജാഥയില്‍ നടന്നു പോയിട്ടും രാഹുല്‍ ഗാന്ധി ഉദ്ഘാടനത്തിന് എത്തിയില്ല.
ഇതോടെ ഉദ്ഘാടനത്തിനായെത്തിയ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ ക്ഷീണമാണുണ്ടായത്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും തിരുവനന്തപുരം എം പി ശശി തരൂരും എല്ലാം അസ്വസ്ഥരാകുന്നതിന്റെ വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്. ശശി തരൂര്‍ തുറന്നടിക്കുകയും ചെയ്തു. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതെന്നാണ് ശശി തരൂര്‍, സുധാകരനോട് തുറന്നുപറഞ്ഞത്. ഒടുവില്‍ നിംസ് എം ഡിയുടെ കൈ പിടിച്ച് കെ പി സി സി അധ്യക്ഷന്‍ ക്ഷമാപണം നടത്തുന്നതിന്റെയടക്കം ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പുറത്തു വന്നു.
ഈയിടെ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെഇ മാമന്റെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിന്‍കര നിംസില്‍ നിര്‍മിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ജാഥയുടെ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
എന്നാല്‍ അതെല്ലാം മാറി മറിഞ്ഞു. വൈകീട്ട് നാല് മണിക്ക് മുമ്പ് തന്നെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍, ശശി തരൂര്‍ എം പി, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, ഡി സി സി അദ്ധ്യക്ഷന്‍ പാലോട് രവി, വി എസ് ശിവകുമാര്‍ തുടങ്ങിയ നേതാക്കളെത്തി. ഗോപിനാഥന്‍ നായരുടെ ഭാര്യയും കുടുംബാംഗങ്ങളും കെ ഇ മാമന്റെ കുടുംബാംഗങ്ങളും എത്തി.
അതേസമയം ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയി. പക്ഷേ രാഹുല്‍ ഗാന്ധി എത്തിയില്ല. സംഭവം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ നാണക്കേടായി. പറയാമെന്നല്ലാതെ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞത്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്നും വിശ്വാസ്യതയെത്തന്നെ ബാധിക്കുമെന്നും ശശി തരൂരും തുറന്നടിച്ചു.
മറ്റൊരു അവസരത്തില്‍ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയ കെ സുധാകരന്‍ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന നടപടിയായിപ്പോയെന്നാണ് ചില കുടുംബാംഗങ്ങളും പറയുന്നത്.
രാജീവ് ഗാന്ധിയുടെ ഫോട്ടോയ്ക്ക് പകരം രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയ്ക്ക് മാലയിട്ട് നെയ്യാറ്റിന്‍കരയിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ കട ഉദ്ഘാടനം ചെയ്തത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ചയായിരുന്നു. ഈ സംഭവമാണ് രാഹുല്‍ ഗാന്ധി പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നുണ്ട്. എന്തായാലും രാഹുല്‍ ഗാന്ധിക്കും സംഭവം വലിയ ക്ഷീണമായി.
https://www.facebook.com/Malayalivartha


























