കെ.എസ്.ആർ.ടി.സി ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു, 25 പേർക്ക് പരിക്ക്, വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു, മരത്തിൽ ബസ് തട്ടിനിന്നതിനാൽ വലിയ അപകടത്തിൽ നിന്ന് രക്ഷപെടുകയായിരുന്നുവെന്ന് യാത്രക്കാർ

കെ എസ് ആർ ടി സി ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. അടിമാലി കുളമാംകുഴി സ്വദേശി സജീവാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജീവൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നേര്യമംഗലം ചാക്കോച്ചി വളവിൽ ആണ് അപകടമുണ്ടായത്.
മൂന്നാർ എറണാകുളം റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ പൊട്ടി ബസ് തലകീഴായി താഴേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ അൻപതോളം ആളുകൾ ഉണ്ടായിരുന്നു. വലിയ മരത്തിൽ തട്ടിനിന്നതിനാൽ ബസ് വലിയ അപകടത്തിൽനിന്ന് രക്ഷപെടുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
ബസിനുള്ളിൽ യാത്രക്കാർ ഉറക്കത്തിലായിരുന്നു. വലിയ ശബ്ദം കേട്ട് കണ്ണ് തുറന്നുനോക്കുമ്പോൾ തലകീഴായി മറിഞ്ഞ നിലയിലായിരുന്നു ബസെന്ന് ജയൻ എന്ന യാത്രക്കാരൻ പറഞ്ഞു. എതിർദിശയിൽ അമിത വേഗത്തിൽ വന്ന വാഗണൺ ആർ കാർ ബസ്സിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചതായി യാത്രക്കാരൻ പറയുന്നു.
ഇതിനിടെ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്.അപകടത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെഎസ്ആർടിസിയും അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha


























