ആസാദ് കശ്മീർ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കാൻ നിർദേശം; ഡൽഹി റോസ് അവന്യൂ കോടതിയാണ് പൊലീസിന് നിർദേശം നൽകിയത്; സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിർദേശം

ആസാദ് കശ്മീർ പരാമർശത്തിൽ ജലീലിനെതിരെ കേസെടുക്കാൻ നിർദേശം. ഡൽഹി റോസ് അവന്യൂ കോടതി പൊലീസിന് നിർദേശം നൽകി. പരാതിയില്‍ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയില്‍ റിപ്പോർട്ടായി നല്‍കിയിരുന്നു. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശം. കേരളത്തിലെ നിയമ നടപടികളിൽ വിശ്വാസമില്ലെന്നും ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. ജി.എസ് മണി ആണ് ഹർജി സമർപ്പിച്ചത്.
സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിർദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു തിലക് മാർഗ് പൊലീസ് കോടതിയിലെടുത്ത നിലപാട്. കേസ് പരിഗണിക്കവേ, എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നത് എന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് നിർദേശിച്ചിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് റോസ് അവന്യൂ കോടതി, തിലക് മാർഗ് പൊലീസിന് നിർദേശം നൽകിയത്.
ഡൽഹി പൊലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജി.എസ്.മണി കോടതിയെ സമീപിച്ചത്. കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്നതായിരുന്നു ആവശ്യം.കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിയില്‍ ഇദ്ദേഹം വിശദീകരിച്ചിരുന്നു. കശ്മീർ സന്ദർശിച്ച ശേഷം ജലീൽ ഇട്ട ഫേസ്ബുക്ക് കുറിപ്പിലെ 'ഇന്ത്യ അധീന കശ്മീർ', 'ആസാദ് കാശ്മീർ' തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്.
വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആർ. ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.
പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു എന്നായിരുന്നു ജലീലിന്റെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ്
. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു. ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്.
ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ജലീൽ തടിതപ്പുകയാണ് ചെയ്തത്. തന്റെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇടവരുത്തിയത് ശ്രദ്ധയില്‍പെട്ടു. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായാണ് പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തത്. നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി പ്രസ്തുത കുറിപ്പിലെ വരികള്‍ പിന്‍വലിച്ചതായി അറിയിക്കുന്നുവെന്ന് കെ.ടി. ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha






















