മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച സംഭവം, പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി കോടതി, കേസിന്‍റെ പേരിൽ നിരപരാധികളെ പൊലീസ് വേട്ടയാടുന്നുവെന്ന് വാദവുമായി ഡിവൈഎഫ്ഐ...!

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉൾപ്പടെയുള്ള അഞ്ച് പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കോഴിക്കോട് സ്പെഷ്യൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 7 ആണ് പ്രതികളുടെ ജാമ്യം തള്ളിയത്. കേസിന്‍റെ പേരിൽ നിരപരാധികളെ പൊലീസ് വേട്ടയാടുന്നെന്നാണ് ഡിവൈഎഫ്ഐയുടെ വാദം. പ്രതികളുടെ ബന്ധുവീടുകളിൽ അടക്കം എത്തി സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുകയാണെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.
ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്കും ഡിവൈഎഫ്ഐ പരാതി നൽകിയിരുന്നു. ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിൽ പരാതി ഉയർന്നിട്ടും കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ല. ഒടുവിൽ വിവാദമായതോടെ, ആശുപത്രി സംരക്ഷണ നിയമം, അന്യായമായി സംഘം ചേരൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദ്ദനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha
























