നടൻ ദിലീപ് പ്രതിയായ കേസിൽ പ്രോസിക്യൂഷന്റെ ആ ആവശ്യം നടക്കില്ല! പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പ്രതികള്‍ക്ക് നല്‍കി

നടി ആക്രമണ കേസിലെ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് വിചാരണക്കോടതി. എറണാകുളം സ്പെഷ്യൽ അഡി.സെഷൻസ് കോടതിയിൽ നിന്ന് വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെ ഹൈക്കോടതിയിൽ അതിജീവിത നൽകിയ ഹർജിയിൽ വിധി വരുന്നതുവരെ വിചാരണ നീട്ടിവയ്ക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അടുത്ത ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ വിചാരണ നീട്ടിക്കൊണ്ടു പോവാനാവില്ലെന്നും കോടതി വ്യക്തമാക്കി.സെപ്തംബർ അഞ്ചു മുതൽ നാലാഴ്ച പിന്നിടുമ്പോൾ വിചാരണയുടെ പുരോഗതി വ്യക്തമാക്കി റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വിചാരണ നീട്ടാനാവില്ലെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി.എം.വർഗ്ഗീസ് വ്യക്തമാക്കി. എന്നാല്‍ കേസിന്റെ വിചാരണ എന്ന് പുനരാരംഭിക്കും എന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദിലീപിന്റെ മുന്‍സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെയും പുറത്തുവിട്ട തെളിവുകളുടേയും നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോർട്ടിന്മേൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിഗണിക്കും.
പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പ്രതികള്‍ക്ക് നല്‍കിയിട്ടുണ്ട്. പുറമെ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെയാണ് അധികമായി പ്രതിപ്പട്ടികയില്‍ ചേർത്തിരിക്കുന്നത്. തുടരന്വേഷണത്തെ തുടർന്ന് തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് ദിലീപിനും ശരത്തിനുമെതിരെ സമർപ്പിച്ചിരിക്കുന്നത്.
ശരത്തിനെ ഹാജരാക്കുന്നത് സംബന്ധിച്ച വാദവും ഇന്ന് ആരംഭിക്കും. കേസിൽ ജാമ്യം തേടി പൾസർ സുനി നൽകിയ അപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും. അതേസമയം, കോടതി മാറ്റത്തിനെതിരെ അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ച പരിഗണിച്ചെങ്കിലും രഹസ്യ വിചാരണയായതിനാല്‍ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
https://www.facebook.com/Malayalivartha
























