ഓണാഘോഷം കാണാൻ വീട്ടുകാർ പോയി മടങ്ങി വന്നപ്പോൾ നഷ്ടമായത് 46 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും: പത്തനംതിട്ടയിലെ പെൺസുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ സ്കൂട്ടർ മോഷ്ടിച്ച് ആളില്ലാത്ത വീട് നോക്കി വച്ച് മോഷണം: ആഢംബര ജീവിതത്തിന് വേണ്ടി മോഷണം പതിവാക്കിയ 25കാരൻ അറസ്റ്റിൽ

46 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ച കേസിൽ കണ്ണൂർ ഇരിക്കൂർ പട്ടുവദേശത്ത് ദാറുൽ ഫലാഖ് വീട്ടിൽ ഇസ്മായിൽ (30) അറസ്റ്റിലായി. പെരിങ്ങാല ചക്കാലകിഴക്കതിൽ ഹരിദാസിന്റെ വീട്ടിൽ നിന്നാണ് സ്വർണവും പണവും പ്രതി കവർന്നത്. കഴിഞ്ഞ നാലിന് വൈകിട്ട് 6നും രാത്രി 9 നും ഇടയിലായിരുന്നു മോഷണം. വീടിന് സമീപം നടന്ന ഓണാഘോഷം കാണാൻ വീട്ടുകാർ പോയി മടങ്ങി വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
വീടിന്റെ അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറിയാണ് അലമാരയിൽ നിന്ന് സ്വർണവും പണവും കവർന്നത്. കോഴിക്കോട്ടെ മോഷണക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇസ്മായിൽ ഈ മാസം രണ്ടിന് പുറത്തിറങ്ങിയ ശേഷം മൂന്നിന് പത്തനംതിട്ടയിലുള്ള പെൺസുഹൃത്തിനെ കാണാനെത്തി. തുടർന്ന് പത്തനാപുരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച് കായംകുളത്തെത്തി ആളില്ലാതിരുന്ന വീട് നിരീക്ഷിച്ച് മോഷണം നടത്തുകയായിരുന്നു.
പിന്നീട് അടൂരിലേക്ക് പോയ ഇയാൾ സ്കൂട്ടർ അവിടെ ഉപേക്ഷിച്ചു ബസിൽ കോഴിക്കോട്ടെത്തി ലോഡ്ജിൽ താമസിച്ചു. മോഷ്ടിച്ച സ്വർണം വിൽക്കാൻ കണ്ണൂർ ടൗണിലുള്ള ജ്വല്ലറിയിലെത്തിയപ്പോഴാണ് കണ്ണൂർ ടൗൺ പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.കണ്ണൂരിലുള്ള ഒരു സ്ഥാപനത്തിൽ പണയം വച്ചതും ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ സൂക്ഷിച്ചിരുന്നതും ഉൾപ്പെടെ മുഴുവൻ സ്വർണവും പണവും പൊലീസ് കണ്ടെടുത്തു.
ബ്രാൻ്റഡ് വസ്ത്രങ്ങൾ ധരിക്കാനും വിലകൂടിയ വാഹനങ്ങൾ സ്വന്തമാക്കാനുമായാണ് യുവാവ് മോഷണം പതിവാക്കിയത്. ആഡംബരമായി ജീവിക്കാനാണ് ബികോം ബിരുദധാരിയായ ഇയാൾ മോഷണം നടത്തുന്നത്. നാല് ജില്ലകളിൽ കേസുകളുണ്ട്. ബ്രാന്‍റഡ് വസ്ത്രങ്ങൾ മാത്രം ധരിക്കുന്ന ഇസ്മായിൽ ബുള്ളറ്റിലാണ് സഞ്ചരിക്കുക. സ്റ്റാർ ഹോട്ടലുകളിൽ മാത്രം താമസിക്കും. രാവിലെ പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കിവച്ച് രാത്രി മോഷണത്തിന് ഇറങ്ങും.
ഫോണുകളും സിമ്മുകളും നിരന്തരം മാറ്റുന്നതിനാൽ ഇയാളെ കണ്ടെത്തുന്നത് ശ്രമകരമാണെന്ന് പൊലീസ് പറയുന്നു. കാക്കനാടും വിയ്യൂരും കോഴിക്കോടുമൊക്കെ റിമാൻഡ് തടവുകാരനായി കഴിഞ്ഞ ഇസ്മായിൽ ജാമ്യത്തിലിറങ്ങിയാൽ ഉടൻ തന്നെ അടുത്ത മോഷണം ആസൂത്രണം ചെയ്യുകയാണ് പതിവ്.
കഴിഞ്ഞ ഏപ്രിലിൽ കോഴിക്കോട് പൂവാട്ടുപറമ്പിലെ ഒരു വീട്ടിൽ കയറി 20 പവൻ സ്വർണവും, ഒരുലക്ഷം രൂപയും പ്രതി കവർന്നിരുന്നു, പോർച്ചിൽ നിർത്തിയിട്ട എൻഫീൽഡ് ബൈക്കും തട്ടിയെടുത്ത് മുങ്ങിയ ഇസ്മായിലിനെ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഈ മാസം രണ്ടാം തീയതി ജാമ്യത്തിലറങ്ങിയ ഇസ്മായിൽ നേരെ പോയത് പത്തനംതിട്ടയിലേക്കാണ്. നാല് ജില്ലകളിലായി പ്രതിക്ക് നിരവധി മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ട്.
https://www.facebook.com/Malayalivartha
























