പിണറായി യൂറോപ്പിൽ നിന്നും വരുമ്പോൾ സിപിഐ വലതു മുന്നണിയിലോ? മണിയും കാനവും തമ്മിലടിച്ചു... വിവരമറിയുമെന്ന് മണി

എം.എം.മണിയും കാനം രാജേന്ദ്രനും പരസ്പരം ഏറ്റുമുട്ടും. മുഖ്യമന്ത്രി യൂറോപ്പിൽ നിന്നും തിരിച്ചെത്തുമ്പോൾ സിപിഐ ഇടതു മുന്നണിയിലുണ്ടാകുമോ എന്ന സംശയത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ. സിപിഎം നേതാവ് എം. എം. മണിയുടെ സഹോദരന്‍ എം. എം. ലംബോദരന്‍റെ സാഹസിക സിപ് ലൈന്‍ പദ്ധതിക്കെതിരെ റവന്യൂ വകുപ്പ് നടപടി തുടങ്ങിയതാണ് മണിയെ പ്രകോപിപ്പിച്ചത്.
ഭൂപതിവ് ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച്, ഉണ്ടെങ്കില്‍ പട്ടയം റദ്ദാക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം പട്ടയവ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നാണ് ലംബോദരന്‍റെ വിശദീകരണം. ലബോദരൻ നിയമം ലംഘിച്ചതായി റവന്യു വകുപ്പ് കരുതുന്നു. ലംബോധരനെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് മന്ത്രി കെ.രാജൻ്റെ നിർദ്ദേശം.
1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് ലഭിച്ച ഭൂമിയിലാണ് ലംബോദരന്‍ സിപ് ലൈന്‍ പണിയുന്നത്. ഇടുക്കി വെള്ളത്തൂവല്‍ വില്ലേജിലെ ഇരുട്ടുകാനത്ത് ദേശിയ പാതയോരത്താണ് നിര്‍മ്മാണം. 64 ലെ ഭൂപതിവ് നിയമം അനുസരിച്ചു നൽകുന്ന പട്ടയഭൂമി കൃഷിക്കും ഭവന നിര്‍മ്മാണത്തിനും മാത്രമെ ഉപയോഗിക്കാവു എന്നാണ് ചട്ടം. ലംബോധരന്‍ ഈ ചട്ടം ലഘിച്ചുവെന്ന് കാട്ടി വെള്ളത്തൂവല്‍ വില്ലേജ് ഓഫീസറും ദേവികുളം തഹസില്‍ദാറും ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ദേവികുളം സബ് കളക്ടര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചട്ടം ലംഘിട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ പട്ടയം റദ്ദാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ മാസം 20-ാം തിയതി സബ് കളക്ടർ മുമ്പാകെ ഹാജരാകാന്‍ ലംബോദരനോട് ആവശ്യപെട്ടിട്ടുണ്ട്.
അതേസമയം, നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് എം എം ലംബോധരന്‍റെ വിശദീകരണം. താല്‍കാലിക നിര്‍മ്മാണമായതിനാല്‍ പട്ടയചട്ടം ലംഘിച്ചിട്ടില്ല. പ്രദേശത്ത് ഇത്തരം നിരവധി നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെന്നും ലംബോദരന്‍ പറഞ്ഞു. പദ്ധതിക്ക് വെള്ളത്തൂവല്‍ പഞ്ചായത്തും ടൂറിസം വകുപ്പും അനുമതി നല്‍കിയിരുന്നു. ഇതില്‍ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപെട്ട് യുഡിഎഫ് രംഗത്തെത്തി.
എം എം മണി ഇതുവരെ പരസപ്രതികരണത്തിന് തയ്യാറായിട്ടില്ല.എന്നാൽ തന്നോടുള്ള വിരോധം തീർക്കാനാണ് തൻെറ സഹോദരനെതിരെ റവന്യുമന്ത്രി ശ്രമിക്കുന്നതെന്ന് മണി കാനത്തെ അറിയിച്ചതായി സൂചന ലഭിച്ചു. തൻ്റെ സ്വഭാവം മാറ്റരുതെന്ന് മണി പറഞ്ഞതായാണ് വിവരം. വിവാദ സ്വത്തുക്കൾ മറ്റ് ചിലരുടെ ബിനാമിയാണെന്ന് ചില സി പി ഐ നേതാക്കൾ പറയുന്നു.
എം എം മണിയെ മര്യാദ പഠിപ്പിച്ചില്ലെങ്കിൽ ഒന്നിച്ച് പോകാൻ ബുദ്ധിമുട്ടാണെന്ന് സി പി ഐ നേതാവ് കാനം രാജേന്ദ്രൻ പലവട്ടം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. ആനി രാജയുടെ നിർദ്ദേശപ്രകാരമാണ് അവസാനം ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.. സി പി ഐ കേന്ദ്ര നേതൃത്വത്തിൻ്റെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് കാനം രാജേന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. എന്നാൽ മുഖ്യമന്ത്രി കൈമലർത്തി. കാരണം മണി പിണറായിയുടെ വിശ്വസ്തനാണ്.
വായിൽ തോന്നുന്നതെല്ലാം കോതക്ക് പാട്ട് എന്ന മട്ടിൽ മണി നടത്തുന്ന പരാമർശങ്ങൾ സി പി ഐ ക്ക് അപമാനമായി മാറുന്നുവെന്നാണ് സി പി ഐ യുടെ അഭിപ്രായം. സി പി ഐ യുടെ ഉടക്കിൽ കണ്ണും നട്ടിരിക്കുകയാണ് കോൺഗ്രസ്. സി പി ഐയെ ഒപ്പം കൂട്ടാൻ വലതു മുന്നണിക്ക് അതിയായ താത്പര്യമുണ്ട്. ഇതിനിടയിലാണ് മണിയുടെ സഹോദരൻ്റെ ഭൂമിയിൽ കയറി റവന്യുമന്ത്രി ഉടക്കിട്ടത്.
മുമ്പില്ലാത്ത വിധം സി പി ഐ യും സി പി എമ്മും തമ്മിലുള്ള തർക്കം വഷളാവുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് മണിക്ക് പിന്തുണ നൽകുന്നതെന്നാണ് സി പി ഐ യുടെ ആക്ഷേപം. ഇടതു നേതാക്കൾ മണിയെ അവിഹിതമായി പിന്തുണക്കുന്നുവെന്നാണ് ആക്ഷേപം.
സി പി എമ്മിനോടുള്ള വിരോധമാണ് സി പി ഐ തന്നോട് തീർക്കുന്നതെന്നാണ് മണിയുടെ അഭിപ്രായം. തന്നോട് മാത്രമല്ല തൻ്റെ കുടുംബത്തോടു വരെ സി പി ഐ പകരം വീട്ടുന്നവെന്നാണ് മണി പറയുന്നത്.
മണിയുടെ നീക്കങ്ങളിൽ മുഖ്യമന്ത്രി അതീവ സംതൃപ്തനാണ്. സ്വർണ്ണക്കടത്ത് കേസ് നിയമസഭയിൽ ചർച്ചയാക്കരുതെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചപ്പോഴാണ് മണി കെ.കെ.രമക്കെതിരെ അപമാനകരമായ പരാമർശം നടത്തി സഭയിൽ വിവാദമുണ്ടാക്കിയത്.
സ്വർണ്ണക്കടത്ത് കേസിൽ ചർച്ച നടന്നാൽ താനും തൻ്റെ കുടുംബവും അപമാനിതരാവുമെന്ന് മുഖ്യമന്ത്രി കരുതായിരുന്നു. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് നിയമസഭ സമ്മേളിച്ചയുടൻ പിണറായി വിഷയം മണിയുടെ നാവിലൂടെ മാറ്റിയത്. ഇക്കാര്യം മനസിലാക്കിയെങ്കിലും പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനാവാത്ത സാഹചര്യമാണ് ഉണ്ടായത്. കെ കെ രമ എന്ന യു.ഡി.എഫിൻെറ മർമ്മത്തിലാണ് സിപി എം തൊട്ടത്. രമയെ സംരക്ഷിക്കുക എന്നത് മാത്രമായിരുന്നു യു ഡി എഫിന് മുന്നിലെ പോംവഴി.
ആനി രാജക്കെതിരായ എം എം മണിയുടെ ആക്ഷേപത്തിന് മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയടക്കം നേതാക്കള്‍ രംഗത്ത് വന്നിരുന്നു. കെ കെ രമ വിഷയത്തില്‍ എം എം മണി സിപിഐ പോര് പുതിയ മേഖലകളിലേക്ക് കടന്നു.. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും മണിക്ക് പൂര്‍ണ പിന്തുണ കൊടുക്കുമ്പോഴാണ് സിപിഐ നേതാക്കളൊന്നാകെ മണിക്കെതിരെ രംഗത്ത് വന്നത്.
ചെയറിലുണ്ടായിരുന്ന സിപിഐ നേതാവ് ഇ കെ വിജയന്‍റെ എതിര്‍പ്പ് മുതല്‍ ബിനോയ് വിശ്വവും ആനി രാജയും വരെ മണിയുടെ സത്രീവിരുദ്ധ നിലപാട് പരസ്യമായി പറഞ്ഞിട്ടും മണിക്ക് കുലുക്കമില്ലെന്ന് മാത്രമല്ല ആനി രാജയെ മോശം വാക്കുപയോഗിച്ച് അദ്ദേഹം ആക്ഷേപിക്കുകയും ചെയ്തു. സുശീലാ ഗോപാലനടക്കം നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച സ്ത്രീപക്ഷ രാഷ്ട്രീയത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ആനി രാജയുടെ മറുപടി. ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും മണിക്കെതിരെ കടുത്ത നിലപാടെടുത്തു. ഇതൊന്നും നാടന്‍ ശൈലിയല്ലെന്ന് ശിവരാമന്‍ പറഞ്ഞു.
ഇടുക്കിയിലെ ഭൂമി കൈയേറ്റങ്ങൾ മണിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്നാണ് സി പി ഐ വർഷങ്ങളായി പറയുന്നത്. മണിയുടെ സഹോദരനാണ് ഭുമി കൈയേറ്റത്തിൻ്റെ തേരാളിയെന്നാണ് ആക്ഷേപം.
മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പാസാക്കിയ ഉത്തരവ് മുഖ്യമന്ത്രി അടക്കമുള്ളവർക്കുള്ള മുന്നറിയിപ്പാണെന്ന് സി പി ഐ മുഖപത്രമായ ജനയുഗം പറഞ്ഞിട്ട് അധികനാളായിട്ടില്ല. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തായിരുന്നു ഹൈക്കോടതി റവന്യു വകുപ്പിന് പിന്തുണ നൽകിയത്.
മൂന്നാറിലെ റിസോർട്ട് മാഫിയയിൽ നിന്നും അച്ചാരം വാങ്ങി പ്രവർത്തിക്കുന്ന സി പി എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കെതിരെ അതിശക്തമായ പ്രതികരണമാണ് ജനയുഗം നടത്തിയത്. ഇത് സി പി ഐ യുടെ ഔദ്യോഗിക അഭിപ്രായമായിരുന്നു.
മുന്നാർ അടക്കം ഇടുക്കിയിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കൽ നടപടികൾക്കെതിരെ പ്രവർത്തിക്കുന്ന റിസോർട്ട് മാഫിയക്കും അവരെ സഹായിക്കുന്ന നിക്ഷിപ്ത താത്പര്യങ്ങളുള്ള രാഷ്ട്രീയ നേതാക്കൾക്കുമുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതി വിധിയെന്ന് ജനയുഗം മുഖപ്രസംഗത്തിൽ പറഞ്ഞു. ചുരുക്കത്തിൽ വല്യേട്ടനായ സി പി എമ്മിനെ ചുരുട്ടി പരണത്ത് വച്ചിരിക്കുകയാണ് കുഞ്ഞനിയനായ സി പി ഐ.
മുൻ റവന്യുമന്ത്രി ചന്ദ്രശേഖരനെ അപഹസിക്കുകയും അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത രാഷ്ട്രീയ നേതാക്കൾ അവർ വഹിക്കുന്ന പദവികളിൽ തുടരണമോ എന്ന് സ്വയം തീരുമാനിക്കണമെന്നും ജനയുഗം ആവശ്യപ്പെട്ടിരുന്നു. റിസോർട്ട് മാഫിയയെ സഹായിക്കുന്ന വ്യക്തികൾ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവരുടെ നിലപാടുകൾ പുന:പരിശോധിക്കണമെന്നും സി പി ഐ ആവശ്യപ്പെട്ടിരുന്നു. ചന്ദ്രശേഖരൻ റവന്യൂ മന്ത്രിയായിരുന്ന കാലത്താണ് മണിക്കെതിരെ ഭൂമി കൈയേറ്റ നടപടികൾ ആരംഭിച്ചത്.
പാവപ്പെട്ട കുടിയേറ്റ കർഷകരുടെയും ഭൂരഹിതരായ തോട്ടം തൊഴിലാളികളുടെയും പേരിൽ വിവാദകോലാഹലങ്ങൾ ഉണ്ടാക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് കോടതി വിധി തുറന്നു കാണിക്കുന്നതായി ജനയുഗം പറഞ്ഞു.. കൈയേറ്റം ഒഴിപ്പിക്കുന്നതിനെ പാവപ്പെട്ട കർഷകരുടെ പേരു പറഞ്ഞ് തടയുന്നവരുടെ കുത്സിത ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ള ഭരണനേത്യത്യത്തിനുള്ള മുന്നറിയിപ്പാണ് ഹൈക്കോടതി വിധിയെന്ന് ജനയുഗം പറഞ്ഞു.. കാനം രാജേന്ദ്രന്റെ തത്വാധിഷ്ടിത നിലപാടിനുള്ള പിന്തുണ കൂടിയാണ് ഹൈക്കോടതി വിധിയെന്ന് അന്ന് ജനയുഗം പറഞ്ഞു..
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാർ വിളിച്ചു കുട്ടിയ സർവകക്ഷി യോഗത്തിൽ സി പി ഐ പങ്കെടുത്തിരുന്നില്ല. സർവകക്ഷി യോഗങ്ങളിലൂടെയോ സമ്മർദ്ദ തന്ത്രങ്ങളിലൂടെയോ നിയമ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. കുരിശ് അടക്കമുള്ള മത പ്രതീകങ്ങളുടെ സഹായത്തോടെയാണ് അർഹരായവർക്ക് ഭൂമി നിഷേധിച്ച് വ്യാജൻമാർ ഭൂമി തട്ടിയെടുത്തതെന്നും സി പി ഐ ആവർത്തിച്ചു..
ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകാനുള്ള സാഹചര്യം സംജാതമാക്കാനുള്ള പരിശ്രമം കോടതി വിധിയിലൂടെ കൈവന്നിരിക്കുകയാണെന്ന് ജനയുഗം പറഞ്ഞു. താത്കാലികവും നിക്ഷിപ്തവുമായ താത്പര്യങ്ങളല്ല, വിശാലമായ ജനതാല്പര്യമായിരിക്കണം ഇടതു ഐക്യത്തിന്റെ അടിത്തറയെന്ന് ജനയുഗം പറഞ്ഞു.
മൂന്നാറിൽ ഭൂമി തിരിച്ചുപിടിച്ച സബ് കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചതാണ് സി പി ഐ അനുകൂലിച്ചത്. കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ സി പി എം ആലോചിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം അവഗണിച്ച് കൈയേറ്റം ഒഴിപ്പിക്കൽ തുടരുമെന്ന് റവന്യം മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
അന്ന് മന്ത്രിയായിരുന്ന എം എം മണിയുടെ നേത്യത്വത്തിൽ കൈയേറ്റം പരിശോധിക്കാനായി മന്ത്രിസഭ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ ഇതിനെ സിപിഐ എതിർത്തു.
മുൻ മന്ത്രി മണിയും ദേവികുളം എം എൽ എ എസ് രാജേന്ദ്രനും കൈയേറ്റക്കാരാണെന്ന് സി പി ഐ പരസ്യ പ്രസ്താവന നടത്തിയിരുന്നു. സി പി എം കർഷകരുടെ പാർട്ടിയാണെന്നും സി പി ഐ കാടിന്റെ പാർട്ടിയാണെന്നുമുള്ള പ്രചരണം ഇടുക്കിയിൽ വ്യാപകമാണ്. മലയിലെ വികാരം സി പി ഐ ക്ക് എതിരാക്കി നേട്ടം കൊയ്യാനാണ് സി പി എം ശ്രമിക്കുന്നത്. ജനവാസ മേഖലയിൽ സി പി ഐ കുറിഞ്ഞി ഉദ്യാനം നിർമ്മിക്കുന്നു എന്ന പ്രചരണവും ഒരു കാലത്ത് സജീവമായിരുന്നു. മുൻ എം പി ജോയ്സ് ജോർജിൻ്റെ ഭൂമി കൈയേറ്റ ഭൂമിയാണെന്ന് വരുത്തി തീർക്കാൻ സി പി ഐ ശ്രമിക്കുന്നു എന്ന ആരോപണവും സി പി എം ഉന്നയിച്ചിരുന്നു.
മണിയുടെ സഹോദരൻ്റെ ഭൂമി കൈയേറ്റം വഷളാക്കാനാണ് സിപിഐയുടെ തീരുമാനം. കാനത്തിൻ്റെ പിന്തുണ റവന്യുമന്ത്രിക്കുണ്ട്. സിപിഐയിൽ ഗ്രൂപ്പുകൾ ശക്തമാകുമ്പോൾ കാനത്തിന് മന്ത്രി രാജന് പിന്തുണ നൽകാതിരിക്കാൻ കഴിയില്ല. എത്ര കാലം സിപിഐ ഇടതു മുന്നണിയിലുണ്ടാകുമെന്ന് ഇപ്പോൾ തീരുമാനിക്കാൻ കഴിയില്ല.
https://www.facebook.com/Malayalivartha
























