സിപിഎമ്മിനെ തീർത്ത് സിപിഐ മുഖപത്രം.... ജനയുഗത്തിന്റെ തീച്ചൂളയിൽ വെന്തുരുകി പിണറായി സർക്കാർ....

മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പാസാക്കിയ ഉത്തരവ് മുഖ്യമന്ത്രി അടക്കമുള്ളവർക്കുള്ള മുന്നറിയിപ്പാണെന്ന് സി പി ഐ മുഖപത്രമായ ജനയുഗം പറഞ്ഞിട്ട് അധികനാളായിട്ടില്ല. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തായിരുന്നു ഹൈക്കോടതി റവന്യു വകുപ്പിന് പിന്തുണ നൽകിയത്.
മൂന്നാറിലെ റിസോർട്ട് മാഫിയയിൽ നിന്നും അച്ചാരം വാങ്ങി പ്രവർത്തിക്കുന്ന സി പി എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾക്കെതിരെ അതിശക്തമായ പ്രതികരണമാണ് ജനയുഗം നടത്തിയത്. ഇത് സി പി ഐ യുടെ ഔദ്യോഗിക അഭിപ്രായമായിരുന്നു.
മുന്നാർ അടക്കം ഇടുക്കിയിൽ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കൽ നടപടികൾക്കെതിരെ പ്രവർത്തിക്കുന്ന റിസോർട്ട് മാഫിയക്കും അവരെ സഹായിക്കുന്ന നിക്ഷിപ്ത താത്പര്യങ്ങളുള്ള രാഷ്ട്രീയ നേതാക്കൾക്കുമുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതി വിധിയെന്ന് ജനയുഗം മുഖപ്രസംഗത്തിൽ പറഞ്ഞു. ചുരുക്കത്തിൽ വല്യേട്ടനായ സി പി എമ്മിനെ ചുരുട്ടി പരണത്ത് വച്ചിരിക്കുകയാണ് കുഞ്ഞനിയനായ സി പി ഐ.
മുൻ റവന്യുമന്ത്രി ചന്ദ്രശേഖരനെ അപഹസിക്കുകയും അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത രാഷ്ട്രീയ നേതാക്കൾ അവർ വഹിക്കുന്ന പദവികളിൽ തുടരണമോ എന്ന് സ്വയം തീരുമാനിക്കണമെന്നും ജനയുഗം ആവശ്യപ്പെട്ടിരുന്നു. റിസോർട്ട് മാഫിയയെ സഹായിക്കുന്ന വ്യക്തികൾ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ അവരുടെ നിലപാടുകൾ പുന:പരിശോധിക്കണമെന്നും സി പി ഐ ആവശ്യപ്പെട്ടിരുന്നു. ചന്ദ്രശേഖരൻ റവന്യൂ മന്ത്രിയായിരുന്ന കാലത്താണ് മണിക്കെതിരെ ഭൂമി കൈയേറ്റ നടപടികൾ ആരംഭിച്ചത്.
പാവപ്പെട്ട കുടിയേറ്റ കർഷകരുടെയും ഭൂരഹിതരായ തോട്ടം തൊഴിലാളികളുടെയും പേരിൽ വിവാദകോലാഹലങ്ങൾ ഉണ്ടാക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് കോടതി വിധി തുറന്നു കാണിക്കുന്നതായി ജനയുഗം പറഞ്ഞു.. കൈയേറ്റം ഒഴിപ്പിക്കുന്നതിനെ പാവപ്പെട്ട കർഷകരുടെ പേരു പറഞ്ഞ് തടയുന്നവരുടെ കുത്സിത ശ്രമങ്ങൾക്കെതിരെ മുഖ്യമന്ത്രി അടക്കമുള്ള ഭരണനേത്യത്യത്തിനുള്ള മുന്നറിയിപ്പാണ് ഹൈക്കോടതി വിധിയെന്ന് ജനയുഗം പറഞ്ഞു.. കാനം രാജേന്ദ്രന്റെ തത്വാധിഷ്ടിത നിലപാടിനുള്ള പിന്തുണ കൂടിയാണ് ഹൈക്കോടതി വിധിയെന്ന് അന്ന് ജനയുഗം പറഞ്ഞു..
ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാർ വിളിച്ചു കുട്ടിയ സർവകക്ഷി യോഗത്തിൽ സി പി ഐ പങ്കെടുത്തിരുന്നില്ല. സർവകക്ഷി യോഗങ്ങളിലൂടെയോ സമ്മർദ്ദ തന്ത്രങ്ങളിലൂടെയോ നിയമ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല. കുരിശ് അടക്കമുള്ള മത പ്രതീകങ്ങളുടെ സഹായത്തോടെയാണ് അർഹരായവർക്ക് ഭൂമി നിഷേധിച്ച് വ്യാജൻമാർ ഭൂമി തട്ടിയെടുത്തതെന്നും സി പി ഐ ആവർത്തിച്ചു..
ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകാനുള്ള സാഹചര്യം സംജാതമാക്കാനുള്ള പരിശ്രമം കോടതി വിധിയിലൂടെ കൈവന്നിരിക്കുകയാണെന്ന് ജനയുഗം പറഞ്ഞു. താത്കാലികവും നിക്ഷിപ്തവുമായ താത്പര്യങ്ങളല്ല, വിശാലമായ ജനതാല്പര്യമായിരിക്കണം ഇടതു ഐക്യത്തിന്റെ അടിത്തറയെന്ന് ജനയുഗം പറഞ്ഞു.
മൂന്നാറിൽ ഭൂമി തിരിച്ചുപിടിച്ച സബ് കളക്ടറുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചതാണ് സി പി ഐ അനുകൂലിച്ചത്. കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ സി പി എം ആലോചിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം അവഗണിച്ച് കൈയേറ്റം ഒഴിപ്പിക്കൽ തുടരുമെന്ന് റവന്യം മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.
അന്ന് മന്ത്രിയായിരുന്ന എം എം മണിയുടെ നേത്യത്വത്തിൽ കൈയേറ്റം പരിശോധിക്കാനായി മന്ത്രിസഭ ഒരു സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ ഇതിനെ സിപിഐ എതിർത്തു.മുൻ മന്ത്രി മണിയും ദേവികുളം എം എൽ എ എസ് രാജേന്ദ്രനും കൈയേറ്റക്കാരാണെന്ന് സി പി ഐ പരസ്യ പ്രസ്താവന നടത്തിയിരുന്നു.
സി പി എം കർഷകരുടെ പാർട്ടിയാണെന്നും സി പി ഐ കാടിന്റെ പാർട്ടിയാണെന്നുമുള്ള പ്രചരണം ഇടുക്കിയിൽ വ്യാപകമാണ്. മലയിലെ വികാരം സി പി ഐ ക്ക് എതിരാക്കി നേട്ടം കൊയ്യാനാണ് സി പി എം ശ്രമിക്കുന്നത്. ജനവാസ മേഖലയിൽ സി പി ഐ കുറിഞ്ഞി ഉദ്യാനം നിർമ്മിക്കുന്നു എന്ന പ്രചരണവും ഒരു കാലത്ത് സജീവമായിരുന്നു. മുൻ എം പി ജോയ്സ് ജോർജിൻ്റെ ഭൂമി കൈയേറ്റ ഭൂമിയാണെന്ന് വരുത്തി തീർക്കാൻ സി പി ഐ ശ്രമിക്കുന്നു എന്ന ആരോപണവും സി പി എം ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























