കെ.ടി ജലീലിന്റെ ആസാദ് കാശ്മീർ പരാമർശം, കേസ് വീണ്ടും മാറ്റിവെച്ച് ഡൽഹി റോസ് അവന്യു കോടതി, ഹർജിയിൽ ഈ മാസം 23ന് ഉത്തരവ് പുറപ്പെടുവിക്കും

ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരായ കേസ് വീണ്ടും മാറ്റി വച്ചു. ഡൽഹി റോസ് അവന്യു കോടതി ഹർജിയിൽ ഈ മാസം 23ന് ഉത്തരവ് പുറപ്പെടുവിക്കും. സാമൂഹ്യ മാധ്യമങ്ങളിലെ പരാമർശത്തിന് കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് വിവിധ ഇടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നായിരുന്നു ഹർജിക്കാരന്റെ വാദം.
രേഖാമൂലമുള്ള നിർദേശം ഇല്ലാത്തതിനാൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ലെങ്കിലും കേസിൽ കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. താന്‍ നല്‍കിയ അപ്പീലിലും പരാതിയിലും ഡല്‍ഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു അഭിഭാഷകന്റെ ഹര്‍ജി.
ജലീലിനെതിരെ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. കലാപ ആഹ്വാന ഉദ്ദേശത്തോടെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതെന്നാണ് എഫ്ഐആർ. ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർധ വളർത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആർ.
പാകിസ്താനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം “ആസാദ് കാശ്മീർ” എന്നറിയപ്പെട്ടു എന്നായിരുന്നു ജലീലിന്റെ വിവാദ ഫെയ്സ് ബുക്ക് പോസ്റ്റ്
. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തിൽ ജലീൽ പറയുന്നു.ഇന്ത്യൻ അധീന കശ്മീർ എന്നും കുറിപ്പിൽ ജലീൽ പ്രയോഗിക്കുന്നുണ്ട്. ജമ്മുവും കാശ്മീർ താഴ്വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ എന്നാണ് ജലീലിന്റെ കുറിപ്പിൽ വിശദീകരിക്കുന്നത്.
ആദ്യം ന്യായീകരിച്ചെങ്കിലും വിവാദങ്ങള്‍ കടുത്തതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ജലീൽ തടിതപ്പുകയാണ് ചെയ്തത്. തന്റെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇടവരുത്തിയത് ശ്രദ്ധയില്‍പെട്ടു. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായാണ് പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തത്. നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി പ്രസ്തുത കുറിപ്പിലെ വരികള്‍ പിന്‍വലിച്ചതായി അറിയിക്കുന്നുവെന്ന് കെ.ടി. ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























