കോട്ടയത്ത് ബൈക്കിൽ യാത്ര ചെയ്യവേ യുവാവിന്റെ ജാക്കറ്റ് വലിച്ചു കീറി നായകൂട്ടം ചാടി വീണു, ആക്രമണത്തിന്റെ ആഘാതത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീണ യുവാവ് പരിക്കുകളോടെ ആശുപത്രിയിൽ...!!

കോട്ടയം മണിമല പൊന്തൻപുഴയിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിന് നേരെ നായകൂട്ടത്തിന്റെ ആക്രമണം. മണിമല കരിമ്പനാക്കുളം പ്രാണംകയം ജെറീഷ് പി ജോസ് (35)നാണ് പരിക്കേറ്റത്. പുലർച്ചെ കോഴിഫാമിലെ ജോലിക്ക് വേണ്ടി പോകുകയായിരുന്നു യുവാവിന് നേരെയാണ് നായകൾ ആക്രമണം അഴിച്ച് വിട്ടത്.
ബൈക്കിൽ പോയ യുവാവിന് നേരെ പൊന്തൻ പുഴ വനാതിർത്തി പ്രദേശത്ത് വച്ച് നായകൂട്ടം ചാടി വീഴുകയായിരുന്നു. യുവാവ് ധരിച്ചിരുന്ന ജാക്കറ്റിലാണ് നായ്ക്കൾ ആദ്യം കടിച്ചത്. ആക്രമണത്തിന്റെ ആഘാതത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവാവ് റോഡിൽ വീഴുകയായിരുന്നു.
ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെയാണ് നായകൾ ഓടി പോയത്. അപകടത്തിൽ ജെറീഷിന് ദേഹാസകലം പരിക്കേറ്റു.പരിക്കേറ്റ ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.പ്രദേശത്ത് തെരുവ് നായയും, വീടുകളിൽ വളർത്തുന്ന നായകളുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ജെറീഷിന് നേരെ കഴിഞ്ഞ ദിവസവും നായയുടെ ആക്രമണമുണ്ടായിരുന്നു അന്നും തലനാരിഴയ്ക്കാണ് ഇദ്ദേഹം രക്ഷപ്പെട്ടത്.
പൊന്തൻ പുഴ വനപ്രദേശത്ത് പല സ്ഥലങ്ങളിൽ നിന്ന് എത്തി ആളുകൾ നായകുട്ടികളെ ധാരാളമായിട്ട് ഉപേക്ഷിക്കുന്നു. ഇവിടെ മാലിന്യ നിക്ഷേപവും രൂക്ഷമാണ് ഈ മാലിന്യങ്ങൾ ഭക്ഷിച്ചാണ് നായകൾ വളരുന്നത്.മുൻപും പലർക്ക് നേരെയും നായയുടെ ആക്രമണം പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ഇതിലെ കടന്ന് പോകുന്നതാണ് അതിനാൽ തെരുവ് നായ ശല്യം അടിയന്തിരമായി പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha
























