കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മർദ്ദനം; പ്രതികളെ പിടികൂടാതെ പൊലീസ് ; ദൃശ്യങ്ങൾ പരിശോധിച്ച കെഎസ്ആർടിസി വിജിലൻസ് സംഘം അജിയെ തിരിച്ചറിഞ്ഞിട്ടും നടപടിയില്ല

തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിൽ വെച്ച് അച്ഛന് മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ. കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല നിലവിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ഇതിനിടെ പ്രതികൾ ഇന്ന് ജാമ്യം തേടി കോടതിയെ സമീപിക്കും എന്നാണ് സൂചന. ആക്രമണ ദൃശ്യങ്ങളിൽ കണ്ട മെക്കാനിക് അജിക്കെതിരെയും ഇന്ന് അച്ചടക്ക നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച കെഎസ്ആർടിസി വിജിലൻസ് സംഘം അജിയെ തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ നടപടി ഇല്ലാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഇതിൻറെ ഭാഗമായി കെഎസ്ആർടിസി വിജിലൻസ് സംഘം വീട്ടിൽ ചെന്ന് മർദ്ദനമേറ്റ പ്രേമനന്റെയും മകളുടെയും ഒപ്പമുണ്ടായിരുന്ന മകളുടെ കൂട്ടുകാരിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് മാനേജ്മെന്റിന്റെ ആലോചന.
ഈ കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. മർദ്ദനത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറിന്‍റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടിയ്ക്ക് കൈമാറും. കാട്ടക്കട സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നാണ് എംഡിയുടെ റിപ്പോർട്ടില്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























