ശക്തമായ നടപടി... ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്; സൈബര്‍ നിരീക്ഷണം ശക്തമാക്കും; ഉറപ്പില്ലാത്തവ പ്രചരിപ്പിക്കരുത്

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വൈകുന്നേരത്തോടെ ഹര്‍ത്താല്‍ പിന്‍വലിച്ചതായി വ്യാപക പ്രചരണമുണ്ടായി. മീഡിയ വണ്ണിന്റെ പേരിലാണ് പോസ്റ്റര്‍. മീഡിയവണിന്റെ ലോഗോ അടക്കം ഉപയോഗിച്ചാണ് വ്യാജപ്രചരണം. സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു എന്നാണ് പോസ്റ്ററിലുള്ളത്.
മുകളില്‍ മീഡിയ വണിന്റെ ലോഗോയും താഴെ മീഡിയവണ്‍ ഓണ്‍ലൈന്‍ എന്നും വച്ചാണ് വ്യാജ പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍മീഡിയകളിലൂടെ വ്യാജ പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ പോസ്റ്റര്‍ വ്യാജമാണെന്നും ഹര്‍ത്താല്‍ പിന്‍വലിച്ചിട്ടില്ലെന്നും പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ അറിയിച്ചു.
അതേസമയം, പ്രചരണം തള്ളി മീഡിയവണും രംഗത്തെത്തി. മീഡിയ വണിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ വ്യാജമാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്ഥാപനം അറിയിച്ചു.
ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാട്‌സാപ്പിലൂടെയും മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇത്തരം പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി സാമൂഹ്യ മാധ്യമങ്ങളില്‍ സൈബര്‍ പട്രോളിങ് ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഹര്‍ത്താല്‍ ദിവസം ജനങ്ങളുടെ സഞ്ചാരം തടയുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എന്‍ഐഎ റെയ്ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ മാത്രം ഒഴിവാക്കും. ഹര്‍ത്താലിനോട് അനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതൃത്വം അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവ്യാപക നീക്കമാണ് ഇന്ന് എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയത്. പുലര്‍ച്ചെ ഒരു മണിക്ക് രഹസ്യ ഓപ്പറേഷന്‍ എന്‍ ഐ തുടങ്ങുകയായിരുന്നു. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എന്‍ഐഎ, ഇഡി ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാന്‍ പലയിടത്തായി ആറു കണ്‍ട്രോള്‍ റൂമുകള്‍ തയ്യാറാക്കിയിരുന്നു.
1500 ലധികം ഉദ്യോഗസ്ഥര്‍ റെയിഡുകളില്‍ പങ്കെടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഓപ്പറേഷന്‍ നേരിട്ട് നിരീക്ഷിച്ചു എന്നാണ് സൂചന. ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഈ ഏറ്റവും വലിയ ഓപ്പറേഷന്‍. തെക്കേ ഇന്ത്യയ്ക്കും ദില്ലിക്കും മഹാരാഷ്ട്രയ്ക്കും പുറമെ അസമിലും ബീഹാറിലും യുപിയിലും ബംഗാളിലുമൊക്കെ റെയ്ഡ് നടന്നു. പലയിടത്തും പിഎഫ്‌ഐ ഓഫീസുകള്‍ സീല്‍ ചെയ്തു.
ഭീകരവാദത്തിന് പണം വന്നതിനും, പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയതിനും, നിരോധിച്ച സംഘടനകളില്‍ ആളെ ചേര്‍ക്കുന്നതിനും രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു നീക്കം. വിദേശത്ത് നിന്നുള്ള ഫണ്ടിംഗിന്റെ സൂചനകള്‍ കിട്ടിയതായാണ് വിശദീകരണം. രാജസ്ഥാനില്‍ എസ്ഡിപിഐ നേതാക്കളും അറസ്റ്റിലായി. നൂറിലധികം ഫോണുകളും ലാപ്‌ടോപുകളും പിടിച്ചെടുത്തു. ചിലരുടെ വീട്ടില്‍ നിന്ന് പണം പിടിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍നീക്കങ്ങള്‍ വരും ദിവസങ്ങളിലുമുണ്ടാകുമെന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha



























