കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടെന്ന ഗവര്‍ണറുടെ ആരോപണത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ... 29ന് സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ കോടതി ഉത്തരവ്

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടെന്ന ഗവര്‍ണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ 29 ന് സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ ജഡ്ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടു.
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തുകളും ഗവര്‍ണ്ണര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലും രവീന്ദ്രന്റെ പുനര്‍നിയമന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതവുമാണ്. അതിനാല്‍ മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കേസ് എടുത്ത് വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മുഖ്യമന്ത്രിക്കും സര്‍ക്കാറിനും സിപിഎമ്മിനുമെതിരെ തുറന്നടിച്ചായിരുന്നു കഴിഞ്ഞ ദിവസം ഗവര്‍ണര്‍ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. മുഖ്യമന്ത്രി അയച്ച കത്തുകളും ചരിത്ര കോണ്‍ഗ്രസിനിടെ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തിന്റെ വീഡിയോയും പുറത്ത് വിട്ടായിരുന്നു രാജ്ഭവനിലെ അസാധാരണ വാര്‍ത്താ സമ്മേളനം.
കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തിന് മുഖ്യമന്ത്രി നേരിട്ടെത്തി സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഗവര്‍ണറുടെ തുറന്ന് പറച്ചില്‍. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധത്തിനുള്ള ഗൂഡാലോചനയില്‍ കെ.കെ രാഗേഷിന് പങ്കുണ്ടെന്നും അതിന്റെ പ്രത്യുപകാരമായാാണ് മുഖ്യമന്ത്രി രാഗേഷിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതെന്നുമായിരുന്നു ഗവര്‍ണറുടെ ആരോപണം.
"
https://www.facebook.com/Malayalivartha



























