പിണറായി ഇരുട്ടിൽ തപ്പുകയാണോ? ഇരാറ്റുപേട്ട ഭീകരവാദത്തിന്റെ തലസ്ഥാനം! പി. സി. ജോർജാണ് ശരി....

ഈരാറ്റുപേട്ടയെക്കുറിച്ച് ജനപക്ഷം നേതാവും മുൻ എംഎൽഎയും ചീഫ് വിപ്പുമായ പിസി ജോർജ് പറഞ്ഞുകൊണ്ടിരിക്കുന്നത് എത്രയോ ശരിയെന്ന് കാലം തെളിയിക്കുകയാണ്. മതസൗഹാർദതയുടെ നാടായിരുന്ന ഈരാറ്റുപേട്ടയിൽ മുസ്ലീം തീവ്രവാദം വേരുറപ്പിച്ചെന്നും ഇത് നാടിന് ദോഷം ചെയ്യുമെന്നും പിസി ജോർജ് പത്തു വർഷമായി പറഞ്ഞുകൊണ്ടിരിക്കുന്നു.
ഈരാറ്റുപേട്ടയിലെ ഭൂരിപക്ഷം മുസ്ലീങ്ങളും സമാധാനകാംക്ഷികളാണെന്നും കേവലം ഒരു ന്യൂനപക്ഷം പേർ ഭീകരവാദത്തിലേക്കും വർഗീയതയിലേക്കും വഴിതെറ്റിപ്പോകുന്നുവെന്നും ജോർജ് പറഞ്ഞപ്പോൾ എന്തൊരു ഹാലിളക്കമായിരുന്നു. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചിരിക്കെ ഒരു വലിയ സത്യം പുറത്തുവരികയാണ്. കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന വ്യാപക റെയ്ഡിൽ മുസ്ലീം മുന്നോക്ക മേഖലയായ മലപ്പുറം ജില്ലയേക്കാൾ അറസ്റ്റു നടന്ന സ്ഥലമാണ് ഈരാറ്റുപേട്ട.
പോപ്പുലർ ഫ്രണ്ടുകാരായ ഇരുന്നൂറിലേറെ പേർക്കെതിരെയാണ് ഈരാറ്റുപേട്ടയിൽ കേസെടുത്തിരിക്കുന്നത്. ഇക്കാര്യം മനസിലാക്കിയശേഷവും ഈരാറ്റുപേട്ടയിലും വാഗമണിലും സംസ്ഥാന ആഭ്യന്തരവകുപ്പ് കാര്യമായ നിരീക്ഷണമോ നടപടികളോ നടത്തിയിട്ടില്ല. ഇന്നോ ഇന്നലയോ തുടങ്ങിയതല്ല കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ദേശവിരുദ്ധ ശക്തികളുടെ അതിരില്ലാത്ത വഴിവിട്ട പോക്ക്.
വാഗമണിൽ നിരോധിത തീവ്രവാദ സംഘടനയായ സിമി 15 വർഷം മുൻപു നടത്തിയ സായുധ ക്യാമ്പിൽ തുടങ്ങുന്നു ഈരാറ്റുപേട്ട കേന്ദ്രീകരിച്ച ഭീകരപ്രവർത്തനം. ഈരാറ്റുപേട്ട സ്വദേശികളായ ഷിദുലി, ഷാദുലി എന്നീ ചെറുപ്പക്കാർ ഉൾപ്പെടെ 35 പേരാണ് വാഗമൺ മലനിരകളിൽ ഒളിവിൽ പാർത്ത് സായുധപരിശീലനവും ദേശവിരുദ്ധ ക്യാമ്പും നടത്തിയത്. നിരോധിത സംഘടനയായ സിമി വാഗമണ്ണിലെ കോഹാലമേട്ടിൽ തങ്ങൾപാറയിൽ 2007 ഡിസംബർ 10 മുതൽ 22 വരെയാണ് ആയുധ പരിശീലന ക്യാമ്പ് നടത്തിയത്.
ബോംബ് നിർമ്മാണം, തോക്കുപയോഗം, കാട്ടിലൂടെയുള്ള ബൈക്കോടിക്കൽ, വടംകെട്ടി മലകളുടെ ഇരുവശത്തേക്കും സഞ്ചാരം എന്നിവയിൽ പരിശീലനം നൽകിയതായി എൻഐഎ കണ്ടെത്തിയിരുന്നു. രാജ്യത്തെ ചില തീവ്രവാദ സ്‌ഫോടനങ്ങളിലെ പ്രതികളും ക്യാമ്പിൽ പങ്കെടുത്തിരുന്നു. മറ്റ് ക്യാമ്പുകളിൽനിന്ന് പരിശീലനം ലഭിച്ച 50 പേരെയാണ് ഇവിടെ പങ്കെടുപ്പിച്ചത്.
ഇവർക്ക് സുരക്ഷയും ഇതര സഹായവും എത്തിക്കാൻ ഈരാറ്റുപേട്ടയിൽ അൻപതു പേരുടെ സംഘം തമ്പടിച്ചിരുന്നതായി പോലീസ് പറയുന്നു. പാനായിക്കുളം സിമി രഹസ്യയോഗ കേസിലെ പ്രതി ഈരാറ്റുപേട്ട സ്വദേശി പി എ ഷാദുലിയെയാണ് ക്യാമ്പിന്റെ നടത്തിപ്പിനായി നിശ്ചയിച്ചിരുന്നത്. 15 വർഷമായി ഷിദുലിയും ഷാദുലിയും വിവിധ കേസുകളിലായി ജയിലിൽ കഴിയുകയാണ്.
ബംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരാണസി എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടനങ്ങളിലും ഈ പ്രതികളുടെ പങ്ക് കണ്ടെത്തിയിരുന്നു. വാഗമണിലെ ക്യാമ്പിലേക്ക് ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ നിന്നാണ് വിഭവസമൃദ്ധമായ ഭക്ഷണം എത്തിച്ചിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളിലെ സിമി തീവ്രവാദികൾ ഈരാറ്റുപേട്ടയിലെ ഏതാനും വീടുകളിൽ എത്തിയിരുന്നതായും കണ്ടെത്തിയിരുന്നു.
പൊതുവെ ക്രൈസ്തവർക്ക് ഭൂരിപക്ഷമുള്ള ജില്ലയാണ് കോട്ടയത്തെ പാലായും അരുവിത്തുറയും കാഞ്ഞിരപ്പള്ളിയും എരുമേലിയും. എന്നാൽ ഒരു പതിറ്റാണ്ടായി ഇതേ പ്രദേശങ്ങളിൽ എസ്ഡിപിഐയും പിഡിപിയും പോപ്പുലർ ഫ്രണ്ടും ശക്തമാണ്. ഈരാറ്റുപേട്ട നഗരസഭ ആരു ഭരിക്കണമെന്ന് എസ്ഡിപിഐ തീരുമാനിക്കേണ്ട സാഹചര്യമാണ്.
അടുത്തയിടെ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ ഭീകര സമ്മേളനത്തിൽ 10 വയസുള്ള കുട്ടിയെ തോളിലേറ്റി ഭീതിപ്പെടുത്തുന്ന മുദ്രാവാക്യം വിളിപ്പിച്ചതിലും വിളിച്ചതിലും ഈരാറ്റുപേട്ടയിൽ നിന്നുള്ള നിരവധി പേരുണ്ടായിരുന്നു. ഏതാനും ഇരാറ്റുപേട്ടക്കാർ കേസിൽ പ്രതികളുമാണ്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ നടത്തയ ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ ഹാലിളകി പാലാ ബിഷപ്‌സ് ഹൗസിനു മുന്നിലേക്കു പ്രകടനം നടത്തുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്ത സംഘത്തിൽ ഈരാറ്റുപേട്ടയിൽനിന്നുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുണ്ടായിരുന്നു.
ഈരാറ്റുപേട്ടയിലെ പ്രമുഖരായ ഏതാനും വ്യാപാരികളാണ് ഇവിടെ വാഹനങ്ങളിൽ മുന്നൂറിലേറെ പേരെ എത്തിച്ചതെന്ന് കണ്ടെത്തിയിരുന്നത്. മാത്രവുമല്ല പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും കേരളത്തിലും പുറത്തും ഏറ്റവുമധികം സാമ്പത്തിക സഹായം എത്തിക്കുന്നത് ഈരാറ്റുപേട്ടയിൽ ബ്രാൻഡ് കമ്പനി നടത്തുന്ന ബിസിനസ് പ്രമുഖനാണ്.
ലാഭവവിഹിതത്തിന്റെ നിശ്ചിത ശതമാനം വിധ്വംസക ശക്തികളുടെ പ്രവർത്തനത്തിന് ഇവർ പതിവായി നൽകുകയും ചെയ്യുന്നു. അടുത്തയിടെ പെരുമ്പാവൂരിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തിയപ്പോഴും പ്രതിഷേധ പ്രകടനത്തിന് ആളെ എത്തിച്ചതിൽ ഇവർക്ക് പങ്കാളിത്തമുണ്ടെന്ന് പോലീസ് പറയുന്നു.
ഇനിയും ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പരാമർശം നടത്തിയാൽ പാലാ ബിഷപ്‌സ് ഹൗസിലേക്ക കടന്നു കയറി ബിഷപ്പിനെ ബന്ധിയാക്കാനും ആക്രമിക്കാനും പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. പാലാ ബിഷപ്‌സ് ഹൗസിന്റെ ഗൂഗിൽ മാപ്പും ഫോട്ടോകളും ഇവിടേക്ക് എത്താനുള്ള വഴികളും റെയ്ഡിൽ കണ്ടെത്തിയിരുന്നു. പാലാ ബിഷപ്പിനെതിരെ പോലീസിലും കോടതിയിലും പോപ്പുലർ ഫ്രണ്ട് കേസ് കൊടുത്തിരുന്നു. അന്നു കേസ് കൊടുത്തവരിലെ പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിലായി പോലീസ് കസ്റ്റഡിയിലുണ്ട്.
കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റു ചെയ്തതിനു പിന്നാലെ കോട്ടയം ജില്ലയിൽ ഏറ്റവും പ്രകോപനപരമായ ജാഥയും പ്രതിഷേധവും നടന്നത് ഈരാറ്റുപേട്ടയിലായിരുന്നു. റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചു നടന്ന ഹർത്താലിൽ അഞ്ഞൂറോളം പേരാണ് ഈരാറ്റുപേട്ടയിൽ തമ്പടിച്ച വാഹനങ്ങൾ തടയുകയും പോലീസിനെതിരെ ആക്രോശം മുഴക്കുകയും ചെയ്തത്.
ട്രാഫിക് നിയമങ്ങൾ പാലിക്കാതെയും ഹെൽമറ്റ് വയ്ക്കാതെയും കോവിഡിൽ മാസ്‌ക് ധരിക്കാതെയും കാലങ്ങളായി പോലീസിനെ വെല്ലുവിളിക്കുന്നതിൽ ഈരാറ്റുപേട്ടയിലെ പോപ്പുലർ ഫ്രണ്ട് പോലീസിനു ഭീഷണിയാണ്. വാഗമൺ ആസ്ഥാനമായി കേന്ദ്ര സംസ്ഥാന സുരക്ഷാ വിഭാഗങ്ങൾ പ്രത്യേകം ക്യാമ്പും നിരീക്ഷണ കേന്ദ്രവും തുറക്കണമെന്നും ഈരാറ്റുപേട്ട എപ്പോഴും നിരീക്ഷണത്തിലായിക്കണമെന്നും മുൻപു തന്നെ നിർദേശമുണ്ട്. വാഗമണിൽ ഇതിലേക്കു വേണ്ട സ്ഥല സൗകര്യം ഏറെയുണ്ടായിട്ടും പോലീസ് സ്‌പെഷൽ ബ്രാഞ്ചും ഇന്റലിജൻസ് വിഭാഗവും തുടരെ റിപ്പോർട്ടുകൾ നൽകിയിട്ടും ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ നടപടിയെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha

























