പയ്യാമ്പലം സാക്ഷിയാകും... കോടിയേരിയെ ഒരുനോക്ക് കാണാന്‍ ജനങ്ങള്‍ കണ്ണൂരിലേക്ക് ഒഴുകുന്നു; രാഷ്ട്രീയ ഭേദമന്വേ അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം; സംസ്കാരം വൈകിട്ട് കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത്; മൂന്ന് മണിവരെ പൊതുദര്‍ശനം

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലക്യഷ്ണന്‍റെ മൃതദേഹം ഒരുനോക്ക് കാണാന്‍ രാഷ്ട്രീയ ഭേദമന്വേ ജനങ്ങള്‍ കണ്ണൂരിലേക്ക് ഒഴുകുകയാണ്. മറ്റ് ജില്ലകളില്‍ നിന്നും ധാരാളമാളുകള്‍ കണ്ണൂരിലേക്ക് എത്തുന്നുണ്ട്. കോടിയേരിയുടെ മൃതദേഹം ഇന്ന് പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും.വൈകിട്ട് മൂന്ന് മണിക്കാണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങുന്നത്.
ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.രാവിലെ 11 മണി വരെ ഈങ്ങയില്‍പ്പീടികയിലെ വിട്ടില്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടു വരും.വൈകിട്ട് 3 വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം.
സംസ്കാര ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും. കണ്ണൂര്‍, തലശേരി , ധര്‍മ്മടം ,മാഹി എന്നിടങ്ങളില്‍ ദു:ഖ സൂചകമായി സിപിഎം ഹര്‍ത്താലിന് അഹ്വാനം ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ ഓടുന്നതും ഹോട്ടലുകള്‍ തുറക്കുന്നതും തടയില്ല എന്ന് സിപിഎം ജില്ലാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. കാല്‍നടയായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പയ്യാമ്പലത്തേക്ക് ഭൌതിക ശരീരം കൊണ്ടുപോകുക
കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര തലശ്ശേരി ടൌണ്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ഈങ്ങയില്‍പീടികയിലെ 'കോടിയേരി' കുടുംബ വീട്ടിലേക്ക് എത്തി. ടൗണ്‍ ഹാളിലെ എട്ട് മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ളവരുടെ ഒരു നീണ്ട നിരയാണ് പ്രിയ സഖാവിനെ ഒരു നോക്ക് കാണാനായി ടൌണ്‍ ഹാളിലേക്ക് എത്തിയത്. വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായിരുന്നു സൗകര്യമൊരുക്കിയതെങ്കിലും പ്രിയസഖാവിനെ ഒരു നോക്ക് കാണാന്‍ നിരവധിപ്പേരാണ് വീട്ടിലും കാത്തുനിന്നിരുന്നത്. ഇവര്‍ക്ക് കൂടി അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പിബി അംഗം, എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കോടിയേരിയിലെ വീട്ടിലേക്ക് എത്തി ഭാര്യ വിനോദിനി മക്കളായ ബിനോയ്, ബിനീഷ് എന്നിവരടക്കമുള്ള കുടുംബാംഗങ്ങളെ നേരിട്ട് കണ്ടു. മണിക്കൂറുകളോളം ടൗണ്‍ ഹാളില്‍ കോടിയേരിയുടെ അരികിലിരുന്ന ശേഷമായിരുന്നു മുഖ്യമന്ത്രി ടൗണ്‍ഹാളില്‍ നിന്നും മടങ്ങിയത്.
പിന്നീട് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കോടിയേരിയിലെ വീട്ടിലേക്ക് എത്തുന്നതിന് മുമ്പാണ് മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാക്കളും എത്തിയത്. അല്‍പ്പസമയം ബന്ധുക്കള്‍ക്കൊപ്പം ഇരുന്ന ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഇന്നലെ രാത്രി വീട്ടില്‍ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ അഴീക്കോടന്‍ സ്മാരകമന്ദിരത്തിലേക്ക് കൊണ്ടു പോകും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലം കടപ്പുറത്താണ് സംസ്കാരം.
ഉച്ചയ്ക്ക് ഒരു മണിയോടെ കോടിയേരിയുടെ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മന്ത്രിമാരും പാര്‍ട്ടി നേതാക്കളുമായി നിരവധി പേര്‍ മൃതദേഹം ഏറ്റുവാങ്ങാനായി എത്തിയിരുന്നു. കണ്ണൂര്‍ വിമാനത്താവളം മുതല്‍ തലശ്ശേരി ടൗണ്‍ ഹാള്‍ വരെ അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരത്തിന് നടുവിലൂടെയാണ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര നീങ്ങിയത്. കേരളത്തിലെ കരുത്തുറ്റ പ്രസ്ഥാനത്തിന്‍റെ കരുത്തുറ്റ നേതാവിനെ ഓര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയായിരുന്നു നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും.
"https://www.facebook.com/Malayalivartha

























