ഹൈക്കോടതി കളത്തിലിറങ്ങി... ടൂറിന് പോകുകയെന്നു വച്ചാല്‍ നെഞ്ചുപൊട്ടുന്ന ശബ്ദവും തലകറക്കമുള്ള ലൈറ്റുകളും വേണമെന്ന് ആരാ പറഞ്ഞത്; ടൂറിസ്റ്റ് ബസുകളെ ഡാന്‍സ് ബാറുകളാക്കി; ബസുകളില്‍ വ്യപക പരിശോധന; കോടതി ഇടപെടലിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിനെ രംഗത്തിറക്കി

ബസ് മുതലാളിമാര്‍ കൊറോണയൊക്കെ കഴിഞ്ഞ് ഒന്ന് ഉഷാറായി വന്നതാണ്. അതിനിടയ്ക്കാണ് ഡ്രൈവര്‍ ജോമോന്റെ അമിത വേഗത കാരണം കുരുതിക്കളമായത്. ഇതോടെ കോടതിയും മോട്ടോര്‍ വാഹന വകുപ്പും ഉണര്‍ന്നു. ടൂറിസ്റ്റ് ബസുകള്‍ ഡാന്‍സ് ബാറിനേക്കാള്‍ മനോഹരമാക്കാനാണ് ഓരോ ബസുകാരും ശ്രമിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് എപ്പോഴും ഉറക്കമാണ്. എന്തെങ്കിലും സംഭവം നടക്കുമ്പോള്‍ മാത്രം ഉണരും.
ഇപ്പോഴും അതാണ് സംഭവിച്ചത്. പാലക്കാട് വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യപക വാഹന പരിശോധന. മോട്ടോര്‍ വാഹന വകുപ്പ് യാത്രയ്ക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അങ്കമാലി സെന്റ്. പാട്രിക് സ്‌കൂളിലെ വിനോദയാത്ര മാറ്റിവച്ചു. 17 ടൂറിസ്റ്റ് ബസുകളിലായാണ് വിനോദയാത്ര പോകാനിരുന്നത്.
പരിശോധനയില്‍ ചില ബസുകള്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. ഇതിന് പിന്നാലെ വിനോദ യാത്ര മാറ്റിവച്ചെന്ന് അങ്കമാലി സെന്റ്. പാട്രിക് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. കൊല്ലത്ത് നിയമം ലംഘിച്ച് വിനോദയാത്രയ്‌ക്കൊരുങ്ങിയ ബസ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു.
കൊല്ലം കൊട്ടാരക്കരയില്‍ നിയമം ലംഘനം നടത്തിയ ടൂറിസ്റ്റ് ബസില്‍ വിനോദയാത്ര പോകാനുള്ള നീക്കമാണ് മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞത്. തലച്ചിറയിലെ സ്വകാര്യ പോളിടെക്നിക്ക് കോളേജില്‍ നിന്നും വിനോദയാത്ര പോകാനിരിക്കെയാണ് മോട്ടോര്‍ വാഹന വകുപ്പ് കോളജിലെത്തി പരിശോധന നടത്തി വിലക്കേര്‍പ്പെടുത്തിയത്. ലണ്ടന്‍ എന്ന് പേരുള്ള ടൂറിസ്റ്റ് ബസിലാണ് പരിശോധന നടത്തിയത്. വാഹനത്തിന് സ്പീഡോമീറ്റര്‍ ഘടിപ്പിപ്പിച്ചിരുന്നിലെന്ന് പരിശോധനയില്‍ കണ്ടെത്തി. മാത്രമല്ല നിരോധിച്ചിട്ടുള്ള ലേസര്‍ ലൈറ്റുകളും വലിയ ശബ്ദ സംവിധാനവും പുകപുറത്ത് വിടുന്ന ഉപകരണങ്ങളും കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് 'ലണ്ടന്‍' ബസിലെ വിനോദയാത്രക്ക് അനുമതി നല്‍കാനാകാത്തതെന്ന് ഉദ്യോഗസ്ഥര്‍ കുട്ടികളോടടക്കം വ്യക്തമാക്കിയിട്ടുണ്ട്.
നിയമലംഘനങ്ങള്‍ നടത്തി നിരത്തുകളില്‍ ഇറങ്ങുന്ന മുഴുവന്‍ ടൂറിസ്റ്റ് ബസുകളും ഉടന്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സിയില്‍ ഇടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
നിയമലംഘനം ശ്രദ്ധയില്‍ പെടുന്ന ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുക്കണമെന്ന് കേരളാ മോട്ടോര്‍ വാഹന വകുപ്പിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുള്ളത്. നിരോധിത ലൈറ്റുകളും ശബ്ദ സംവിധാനങ്ങളുമായി ഒരു ബസുകളും ഇനി നിരത്തുകളില്‍ ഇറങ്ങരുതെന്ന് കോടതി കര്‍ശനമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നിരത്തുകളില്‍ പരിശോധന നടത്താനും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടുണ്ട്.
ഇതിനുപുറമെ, ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സിയില്‍ ഇടിച്ച് അപകടമുണ്ടായ വടക്കാഞ്ചേരിയിലെ പോലീസ് എസ്.എച്ച്.ഒയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഹൈക്കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും പി.ജി. അജിത് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.
ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടൂറിസ്റ്റ് ബസുകളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























