പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോകുന്ന തക്കം പാർത്ത് വീട്ടിലെത്തി, പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി ഇരുപതുകാരൻ മുങ്ങി, പോലീസിനെ വലച്ച് വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയവേ യുവാവ് പോലീസ് സംഘത്തിന്റെ വലയിൽ കുടുങ്ങി...!

പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ പ്രതിയെ തമിഴ്നാട്ടിൽ നിന്നും പോലീസ് സംഘം പിടികൂടി. അടൂർ ഏനാദിമംഗലം സ്വദേശി അനിതയുടെ മകൻ അഭിജിത് (20) ആണ് കൂടൽ പോലീസിന്റെ പിടിയിലായത്. ആന്ധ്രയിലും തമിഴ്നാട്ടിലുമായി മാറിമാറി ഒളിവിൽ കഴിഞ്ഞ പ്രതി, പോലീസ് സംഘത്തിന്റെ വലയിൽ ബുധനാഴ്ച്ച ഉച്ചയോടെ കുടുങ്ങുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും പ്രതിയെ കൂടൽ പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്.
മാതാവ് ജോലിക്ക് പോയസമയത്ത് കഴിഞ്ഞവർഷമാണ് പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പെൺകുട്ടിയുടെയും കുഞ്ഞിന്റെയും ഡി എൻ എ പരിശോധനയ്ക്ക് വേണ്ട നടപടികളും സ്വീകരിച്ചു. കേരളം വിട്ട പ്രതി, ആന്ധ്രാപ്രദേശിൽ പിതാവ് താമസിക്കുന്ന സ്ഥലത്തേക്കാണ് ആദ്യം പോയത്.
ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശാനുസരണം, സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷനുകൾ മനസ്സിലാക്കിയ പോലീസ് സംഘം അവിടേക്ക് നീങ്ങുമ്പോഴേക്കും പ്രതി അവിടെ നിന്നും മുങ്ങിയിരുന്നു.ഫോൺ ലൊക്കേഷൻ പിന്തുടർന്ന് അന്വേഷണം പുരോഗമിക്കവെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു.
പോലീസ് അവിടെയെത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ്, വിദഗ്ദ്ധമായി കബളിപ്പിച്ച് രക്ഷപ്പെട്ടു. തുടർന്ന് തമിഴ്നാട്ടിൽ നിന്നും പ്രതി, പോലീസ് സംഘത്തിന്റെ വലയിലാകുകയായിരുന്നു. ഇയാളുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ തെളിവിനായി പിടിച്ചെടുത്തു. വൈദ്യപരിശോധന നടത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























