'നരബലി മാംസഭോജനം എന്നിങ്ങനെയൊക്കെയുള്ള അമ്പരപ്പിക്കുന്ന വാർത്തകൾക്കിടയിൽ അവയവമാഫിയ പോലുള്ള നീരാളിക്കൈകൾ ഉണ്ടോ എന്ന് അന്വേഷിക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ആവശ്യമുന്നയിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ മാഫിയകൾക്ക് ഓൺലൈൻ തൊഴിലാളികൾ ഉള്ളതുകൊണ്ട് ചന്തുനാഥിനെ ഒറ്റപ്പെടുത്താതെ സൂക്ഷിക്കുക...' സനൽകുമാർ ശശിധരൻ കുറിക്കുന്നു

സാക്ഷര കേരളത്തിൽ നരബലി ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഓരോ നിമിഷം പിന്നിടുന്തോറും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ഈ നരബലിക്ക് പിന്നിൽ അവയവമാഫിയ പോലുള്ള നീരാളിക്കൈകൾ ഉണ്ടോ എന്ന് അന്വേഷിക്കണം എന്ന് പറയുകയാണ് സനൽകുമാർ ശശിധരൻ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം മറ്റൊരാൾ പറഞ്ഞത് കണ്ടപ്പോഴുള്ള സന്തോഷം മറച്ചുവെയ്ക്കുന്നില്ല. സന്ധ്യയുടെ മരണത്തിൽ പോസ്റ്റ് മോർട്ടം നടത്താതെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ ഉത്സാഹിക്കുന്നതും അതിന് നെയാറ്റിൻകര പോലീസ് സ്റ്റേഷനിലെ പോലീസുകാർ കൂട്ട് നിൽക്കുന്നതും കണ്ടപ്പോഴാണ് എനിക്ക് അതിൽ ദുരൂഹത ഉണ്ടോ എന്ന സംശയം തോന്നിയത്. പിന്നീടുള്ള അന്വേഷണത്തിൽ അവളുടെ അവയവങ്ങൾ നിയമപരമല്ലാത്ത രീതിയിൽ കൈമാറ്റം ചെയ്യപ്പെട്ടു എന്ന് ഞാൻ മനസിലാക്കി.
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ വെച്ച് നടന്ന അവയവകൈമാറ്റത്തിന് മുന്നോടിയായി നടക്കേണ്ട പോലീസ് നടപടികളിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ട് എന്ന് സർക്കാർ തന്നെ ഹൈക്കോടതിയിൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയ അവളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതോടെ കോവിഡ് പോസിറ്റീവ് ആയി മാറി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ട് ഞാൻ നൽകിയ അപേക്ഷ "അടുത്ത ബന്ധു അല്ലാത്തത് കൊണ്ട്" നിരസിച്ചു.
അവയവമാഫിയയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണസമിതി എന്റെ മൊഴിപോലും രേഖപ്പെടുത്തിയില്ല. മാഫിയകൾക്ക് പോലീസിലുള്ള സ്വാധീനം എനിക്ക് വ്യക്തമായത് അങ്ങനെയാണ്. നരബലി മാംസഭോജനം എന്നിങ്ങനെയൊക്കെയുള്ള അമ്പരപ്പിക്കുന്ന വാർത്തകൾക്കിടയിൽ അവയവമാഫിയ പോലുള്ള നീരാളിക്കൈകൾ ഉണ്ടോ എന്ന് അന്വേഷിക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ആവശ്യമുന്നയിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാൻ മാഫിയകൾക്ക് ഓൺലൈൻ തൊഴിലാളികൾ ഉള്ളതുകൊണ്ട് ചന്തുനാഥിനെ ഒറ്റപ്പെടുത്താതെ സൂക്ഷിക്കുക.
https://www.facebook.com/Malayalivartha



























