സമരം ശക്തി പ്രാപിപ്പിക്കാൻ ഒരുങ്ങി മൽസ്യത്തൊഴിലാളികൾ; അദാനി ഗ്രൂപ്പിനെ സംരക്ഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി; നെട്ടോട്ടമോടി സർക്കാർ

സർക്കാരിന്റെ തലയ്ക്കു മീതെ ഒരു വാൾ തൂങ്ങി കിടക്കുകയാണ്. ഒരു വശത്ത് കോടതിയും അദാനി ഗ്രൂപ്പും മറു വശത്ത് മൽസ്യത്തൊഴിലാളികളും സമരവും. വിഴിഞ്ഞം സമരത്തിൽ ഒരു പരിഹാരം കാണാനാകാതെ സർക്കാർ അക്ഷരാർത്ഥത്തിൽ അലയുകയാണ്. എന്നാൽ സമരപ്പന്തൽ പൊളിച്ച് നീക്കാനും അദാനി ഗ്രൂപ്പിന്റെ പണി തടസ്സപ്പെടുത്താതെ ഇരിക്കാനും നോക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം കൊടുത്തിരിക്കുകയാണ്.
എന്നാൽ ഇതിനിടയിൽ സമരം കർശനമാക്കാൻ ഒരുങ്ങുകയാണ് മൽസ്യത്തൊഴിലാളികൾ . വിഴിഞ്ഞം തുറമുഖ പ്രവേശന കവാടത്തിൽ നടത്തുന്ന സമരം 60 ദിവസത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ് എന്നതാണ് വളരെ പ്രധാനമായ കാര്യം.അതിരൂപത ആവശ്യപ്പെട്ട 7 ആവശ്യങ്ങളിലും സർക്കാർ മുഖം തിരിച്ച് നിൽക്കുകയാണ്. യാതൊരു തരത്തിലുള്ള അനുകൂല മറുപടി ഇത് വരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ശക്തമായ പ്രതിഷേധത്തിന് കളമൊരുങ്ങുകയാണ് . 17ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഉപരോധം സജ്ജമാക്കിയിരിക്കുകയാണ് ഇവർ.
എന്നാൽ വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന ഉത്തരവ് നടപ്പാക്കണമെന്നു ഹൈക്കോടതി കർശനമായി നിർദേശിച്ചിട്ടുണ്ട്. എന്നാൽ സമരം ഇവർ വ്യാപിപിക്കുമ്പോൾ സർക്കാരിന് ഹൈക്കോടതി നിർദേശം പാലിക്കാനാകുമോ എന്നതാണ് ഏറെ നിർണായകമായ കാര്യം. പൊലീസ് സംരക്ഷണത്തിന് നിർദേശം നൽകിയുള്ള ഹൈക്കോടതി ഉത്തരവ് സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും നിർമാണ കരാർ കമ്പനി ഹൈവേ എൻജിനീയറിങ് പ്രോജക്ട്സും കോടതി അലക്ഷ്യ ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
അത് പരിഗണിച്ചപ്പോൾ സർക്കാരിനും സമരക്കാർക്കും നോട്ടിസ് അയയ്ക്കാനും കോടതി നിർദേശം കൊടുത്തിരുന്നു. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ അറിയിക്കാനും സർക്കാരിനും പൊലീസിനും കോടതി നിർദേശം കൊടുത്തിരിക്കുകയാണ്. ഹർജി 19ലേക്ക് മാറ്റിയിരിക്കുകയാണ്. ക്രമസമാധാനം നിലനിർത്തുന്നെന്നും റോഡ് തടസ്സപ്പെടുത്തുന്നില്ലെന്നും ഉറപ്പാക്കാനും കോടതി നിർദേശം കൊടുത്തിരിക്കുകയാണ്.
ഈ നിർദേശം നടപ്പാക്കിയെന്നു പൊലീസ് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. പൊലീസിന് ഇത് കഴിയുന്നില്ലെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നു പറഞ്ഞിരുന്ന കാര്യം കോടതി സർക്കാരിനെ ഓർമ്മിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയമോ സമരമോ അല്ല പരിഗണിക്കുന്നതെന്നും പൊതുറോഡിലെ ഏതു തടസ്സവും നീക്കം ചെയ്യണമെന്നും കോടതി കർശനമായി പറഞ്ഞിരിക്കുകയാണ്.
അതേസമയം വിഴിഞ്ഞം സമര പന്തൽ എത്രയും പെട്ടെന്ന് പൊളിച്ച് മാറ്റണമെന്നാണ് ഹൈക്കോടതി സമരക്കാർക്ക് നിർദേശം നൽകിയിരുന്നു. അദാനി നൽകിയ കോടതിയലക്ഷ്യ കേസിലായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചു ഉത്തരവ് പുറപ്പെടുവിച്ചത്. പന്തൽ പൊളിച്ച് മാറ്റണമെന്ന് സമരക്കാർക്ക് നേരത്തെ നിർദേശം കൊടുത്തിരുന്നുവെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ കോടതിവിധി പരിശോധിക്കട്ടെ എന്നാണ് ഈ ഒരു വിഷയത്തിൽ സമരക്കാർ പ്രതികരിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പാണ് പൊതുവഴി കൈയേറിയത് എന്നും സമരക്കാർ പൊതുവഴി കയ്യേറിയിട്ടില്ല എന്നും അവർ സമര പ്രതിനിധികൾ പറഞ്ഞത് . വിധി പരിശോധിച്ച ശേഷം കൂടുതൽ പ്രതികരിക്കാം എന്നും ഫാദർ യൂജിൻ പെരേര പറഞ്ഞിരുന്നു.
എന്നാൽ ഇതിനോടകം തന്നെ സമരം പലരും ഏറ്റെടുത്തിരിക്കുകയാണ്. തുറമുഖ കവാടത്തിൽ നടക്കുന്ന സമരം കാരണം തൊഴിൽ നഷ്ടപ്പെട്ട വിവിധ തൊഴിൽ വിഭാഗങ്ങളിലുള്ളവരും കുടുംബാംഗങ്ങളും അനുഭവിക്കുന്ന യാതനകൾക്ക് അറുതി വരുത്തണം എന്ന് ആവശ്യപ്പെട്ട് ബിജെപി മുല്ലൂർ ഏരിയ കമ്മിറ്റി സായാഹ്ന ധർണ സമരം തുടങ്ങിയിരിക്കുകയാണ്. അതിരൂപതയുടെ സമരം വനിതാ സമര സമിതി ഏറ്റെടുത്തു. എന്തായാലും വിഴിഞ്ഞം സമരം വ്യാപിപ്പിക്കുമെന്ന് സമരക്കാർ അറിയിച്ചതോടെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ് സർക്കാർ.
https://www.facebook.com/Malayalivartha



























