കള്ളില്‍ സ്പിരിറ്റ് ചേര്‍ക്കാന്‍ വിസമ്മതിച്ചതിന് ആനാട് പുത്തന്‍പാലം കള്ള് ഷാപ്പിലെ സെയില്‍സ്മാനെ മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ച വധശ്രമ കേസില്‍ പോലീസ് കുറ്റപത്രത്തില്‍ ഒഴിവാക്കിയ 2 പേരെ പ്രതി ചേര്‍ത്ത് നേരിട്ട് കേസെടുത്ത് വിചാരണക്കോടതി... പോലീസ് ഒഴിവാക്കിയ പ്രതികള്‍ വിചാരണ നേരിടാന്‍ കോടതി ഉത്തരവ്, നവംബര്‍ 14 ന് നേരിട്ട് ഹാജരാകണം

ആനാട് തടത്തരികത്ത് വീട്ടില്‍ സുധാകരന്‍ മകന്‍ നെട്ടറക്കോണം ഷിബു, ആര്യനാട് കോട്ടയ്ക്കകം റോഡരികത്ത് വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ ആര്യനാട് അജയന്‍ എന്നിവരെയാണ് കൂടുതലായി പ്രതി സ്ഥാനത്ത് ചേര്‍ത്ത് പോലീസ് കുറ്റപത്രത്തിലെ 7 പ്രതികള്‍ക്കൊപ്പം വിചാരണ നേരിടാന്‍ ഉത്തരവിട്ടത്.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.വിഷ്ണു മുമ്പാകെ വന്ന സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കോടതി കേസെടുത്തത്. 2 പേര്‍ കൂടി കൃത്യത്തില്‍ ഉള്‍പ്പെട്ടതായി വന്ന മൊഴി പ്രകാരമാണ് കോടതി ഇവരെ പ്രതി ചേര്‍ത്തത്. നവംബര്‍ 14 ന് 2 പ്രതികള്‍ ഹാജരാകാനും കോടതി ഉത്തരവിട്ടു.
കരകുളം സതിഭവനില്‍ ജയചന്ദ്രന്‍ മകന്‍ കുഞ്ഞുമോന്‍ എന്ന് വിളിക്കുന്ന ലിജേഷ്, കാഞ്ഞിരംപാറ ഇടപ്പറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ മകന്‍ പ്രവീണ്‍, ഏണിക്കര ബിനു ഭവനില്‍ വിജയന്‍ മകന്‍ പള്‍സര്‍ അനി എന്ന് വിളിക്കുന്ന അനില്‍കുമാര്‍, കരകുളം ആറ്റരികത്ത് വീട്ടില്‍ തങ്കപ്പന്‍ മകന്‍ വിനോദ്,കാഞ്ഞിരംപാറ വി.കെ.പി.നഗറില്‍ വിശ്വനാഥന്‍ മകന്‍ കൊച്ചപ്പി ബിനു എന്ന് വിളിക്കുന്ന ബിനുകുമാര്‍,
കാഞ്ഞിരംപാറ ശ്രീശൈലം വീട്ടില്‍ വിഷ്ണു മകന്‍ ഉണ്ണി,പാറക്കുഴി കുട്ടപ്പന്‍ മകന്‍ റിജു എന്ന് വിളിക്കുന്ന ശ്യാം എന്നിവരാണ് നിലവില്‍ വിചാരണ നേരിടുന്ന ഒന്നു മുതല്‍ ഏഴ് വരെ പ്രതികള്‍.
2008 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് റേഞ്ചിലെ പുത്തന്‍പാലം കള്ള് ഷാപ്പിലെ ജീവനക്കാരനായിരുന്ന ആനാട് സ്വദേശി ലാലു എന്ന് വിളിക്കുന്ന ബാലചന്ദ്രനെ കള്ള്ഷാപ്പിന്റെ ബിനാമി നടത്തിപ്പ്കാരായിരുന്ന നെട്ടറക്കോണം ഷിബുവിന്റേയും ആര്യനാട് അജയന്റേയും നേതൃത്വത്തില്‍ 8 ഓളം പേര്‍ ഷാപ്പിനകത്ത് കയറി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ആക്രമണത്തില്‍ ബാലചന്ദ്രന്റെ വലത്തേ കൈയ്യിലെ രണ്ട് വിരലുകളും, കാല്‍പാദങ്ങളും പൂര്‍ണ്ണമായും വേര്‍പെട്ടു പോയിരുന്നു.
കള്ളില്‍ സ്പിരിറ്റ് കലര്‍ത്തി വില്‍ക്കാന്‍ ആവശ്യപ്പെട്ടത് എതിര്‍ത്തതാണ് വിരോധ കാരണം. കൃത്യത്തിന് മൂന്നാം നാള്‍ ആശുപത്രി കിടക്കയില്‍ വച്ച് നെടുമങ്ങാട് പോലീസ് മുമ്പാകെ ബാലചന്ദ്രന്‍ മൊഴി കൊടുത്തിരുന്നു. തന്നെ ആക്രമിച്ചവരുടെ പേര് വിവരങ്ങള്‍ പോലിസിനോട് പറഞ്ഞ് കൊടുത്തിരുന്നുവെന്നും പ്രതികളുടെ രാഷ്ടീയ സ്വാധീനത്താല്‍ പോലീസ് യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കിയാണ് കോടതിയില്‍ കുറ്റപത്രം ഹാജരാക്കിയതെന്നും ചീഫ് വിസ്താരമദ്ധ്യേ ബാലചന്ദ്രന്‍ മൊഴി നല്‍കി.
പോലീസ് ഒഴിവാക്കിയ പ്രതികളെ കൂടി ഉള്‍പ്പെടുത്തി വിചാരണ നടത്തണമെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
"
https://www.facebook.com/Malayalivartha



























