തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ മൂന്നുവായസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. തിരുവള്ളൂര്‍ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ ബീഹാര്‍ സ്വദേശിയായ പത്തൊന്‍പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കള്‍ സിപ്‌കോട്ട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ സ്റ്റീല്‍ കമ്പനിയിലാണ് ജോലിചെയ്യുന്നത്. ഇതേസ്ഥാപനത്തില്‍ ജോലിചെയ്യുന്നയാളാണ് അറസ്റ്റിലായ പത്തൊന്‍പതുകാരന്‍.
കഴിഞ്ഞ ദിവസം രാത്രി വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ബിസ്‌കറ്റ് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കളും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് വിജനമായ സ്ഥലത്ത് പരിക്കുകളോടെ കുട്ടിയെ കണ്ടെത്തിയത്. ചോരയൊലിച്ചുകിടന്ന കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ പ്രതിയെ പൊലീസിന് കൈമാറി.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ ജനരോക്ഷമുണ്ടായി. ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ ചിലരെ നാട്ടുകാര്‍ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, കുറ്റകൃത്യത്തില്‍ ഒരാള്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി വിമര്‍ശനം ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
https://www.facebook.com/Malayalivartha

























