പെരിയയില്‍ ദേശീയപാതയുടെ അടിപ്പാത തകര്‍ന്നു....പെരിയ ടൗണിന് സമീപം നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം

പെരിയയില്‍ ദേശീയപാതയുടെ അടിപ്പാത തകര്‍ന്നു. പെരിയ ടൗണിന് സമീപം നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അടിപ്പാത തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.
അപകടത്തില്‍ ഒരു തൊഴിലാളിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവസമയത്ത് അഞ്ചോളം തൊഴിലാളികള്‍ നിര്‍മ്മാണ ജോലികള്‍ ചെയ്യുകയായിരുന്നു.
അതേസമയം ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി അടിപ്പാത നിര്‍മാണം സെപ്തംബറില്‍ ആരംഭിച്ചതോടെ പെരിയ ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഒടയംചാല്‍കല്യോട്ട് റോഡ് കൂടി സംഗമിക്കുന്ന ടൗണില്‍ വാഹനങ്ങളെ ഒരു ഭാഗത്തുകൂടി മാത്രം കടത്തിവിടുന്നതായിരുന്നു ഗതാഗതക്കുരുക്കിനു കാരണം. ഇതിനെതിരെ ടൗണിലെ വ്യാപാരികളും രംഗത്തു വന്നിരുന്നു. ദേശീയപാതയിലെ മറ്റു ടൗണുകളില്‍ അടിപ്പാതയ്ക്ക് ആവശ്യമായ 24 മീറ്റര്‍ നീളം അനുവദിച്ചപ്പോള്‍ അനുദിനം വികസിക്കുന്ന വിദ്യാഭ്യാസ കേന്ദ്രം കൂടിയായ പെരിയ ടൗണില്‍ ഇത് 15 മീറ്റര്‍ ആക്കി കുറച്ചുവെന്നും ജനപ്രതിനിധികളും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത് സങ്കടകരമാണെന്നുമാണ് വ്യാപാരികളുടെ പരാതിയിലുള്ളത്.
പെരിയ ടൗണില്‍ അടിപ്പാത നിര്‍മാണത്തിലെ അശാസ്ത്രീയതയ്‌ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് നേരില്‍കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു.
.ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തി പെരിയ ടൗണിന്റെ വികസനത്തിനു ഗുണം ചെയ്യില്ലെന്നാണു വ്യാപാരികളുടെ പക്ഷം.
https://www.facebook.com/Malayalivartha


























