ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ പച്‌ദേവ്ര ഹാള്‍ട്ട് ഓവര്‍ ബ്രിഡ്ജിന് സമീപം ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ചുമരണം. കല്‍ക്ക എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ പാളത്തിലേക്ക് ഇറങ്ങിയ മറ്റ് യാത്രക്കാരാണ് രണ്ടാമത്തെ അപകടത്തില്‍പ്പെട്ടത്.
കല്‍ക്ക എക്‌സ്പ്രസിലെ ജനറല്‍ കോച്ചുകളില്‍ നിന്നുള്ള യാത്രക്കാര്‍ പാളത്തിലേക്ക് ഇറങ്ങി നില്‍ക്കവേ ട്രാക്കിലൂടെ വന്ന പുരുഷോത്തം എക്‌സ്പ്രസ് ഇവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ നാലുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മരിച്ച ബീഹാര്‍ സ്വദേശി ബലിറാം ഭഗത് (36), മിര്‍സാപുര്‍ സ്വദേശി സുനില്‍ കുമാര്‍, ഫിറോസാബാദ് സ്വദേശി ആകാശ് എന്നിവരെ തിരിച്ചറിഞ്ഞു. മറ്റ് രണ്ടുപേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അപകടത്തെത്തുടര്‍ന്ന് ഹൗറ ഡല്‍ഹി റൂട്ടിലെ ട്രെയിന്‍ ഗതാഗതം കുറച്ചുസമയത്തേക്ക് തടസപ്പെട്ടു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha

























