സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി

തന്നെ നിര്‍ബന്ധിച്ച് മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി. തനിക്ക് 18 വയസ്സ് പൂര്‍ത്തിയായെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്‌സോ കേസില്‍ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടിയത്.
തനിക്ക് കേരള പൊലീസിന്റെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി സമര്‍പ്പിച്ചു. തനിക്ക് 18 വയസ്സ് പൂര്‍ത്തിയായെന്നും തന്നെ ബലമായി മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിലവില്‍ കേസിലെ പ്രതിയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ടെങ്കിലും മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം, മധ്യപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പൊലീസ് സംഘം കൊച്ചിയിലെത്തിയത്. കൊച്ചിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മധ്യപ്രദേശ് പൊലീസ് വൈറല്‍ പെണ്‍കുട്ടിയുടേയും ഭര്‍ത്താവിന്റെയും മൊഴി രേഖപ്പെടുത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. മധ്യപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുള്ളതിനാല്‍ കൂടുതല്‍ നടപടികള്‍ക്ക് സാധ്യതയില്ല.
https://www.facebook.com/Malayalivartha

























