പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി

തിരുവനന്തപുരം പാറശാലയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ കെഎസ്ഇബി താത്കാലിക ജീവനക്കാരന്‍ മരിച്ചെന്ന് പരാതി. കുഴഞ്ഞുവീണ അമ്പൂരി സ്വദേശി സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഓക്‌സിജന്‍ നല്‍കാന്‍ പോലും ജീവനക്കാര്‍ ഉണ്ടായിരുന്നില്ല എന്നാണ് ആരോപണം. ആശുപത്രിക്ക് മുന്‍പില്‍ സന്തോഷിന്റെ സഹ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
ആശുപത്രിയില്‍ നിന്ന് വെറും 100 മീറ്റര്‍ അകലെയാണ് 46 വയസുകാരനായ സന്തോഷ് കെഎസ്ഇബി താത്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരുന്നത്. ജോലിക്കിടെ ഇയാള്‍ കുഴഞ്ഞുവീഴുകയും ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് കൊണ്ടുവരികയുമായിരുന്നു. വൈകീട്ട് 5 മണിയോടെയാണ് സന്തോഷിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ലായിരുന്നു. ഓക്‌സിജന്‍ നല്‍കാന്‍ പോലും ആളുണ്ടായില്ലെന്നാണ് സന്തോഷിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്.
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സന്തോഷിന് ജീവനുണ്ടായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ വരെ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്നും ഇവര്‍ പരാതി ഉന്നയിക്കുന്നു. 48 കോടി രൂപയാണ് പാറശാല താലൂക്ക് ആശുപത്രിയെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. കിഫ്ബി ഫണ്ടില്‍ നിന്നാണ് ഈ തുക ചെലവഴിച്ചത്. മതിയായ സേവനങ്ങള്‍ ഉറപ്പുവരുത്താതെ തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് മുമ്പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























