ഗവർണർക്കെതിരെ സെനറ്റിന് പ്രമേയം പാസാക്കാനാകില്ല; സർവ്വകലാശാലയ്‌ക്ക് വിസിയെ വേണമെന്നുണ്ടെങ്കിൽ സമീപനം ഇങ്ങനെയാവില്ല; വിസി വേണമെന്നത് കോടതി മാത്രം ആഗ്രഹിക്കുന്ന സാഹചര്യമാണ് എന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്; സർവകലാശാലയുടെ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

കേരള സർവകലാശാല സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ നിർണായകമായ പ്രതികരണവുമായി ഹൈക്കോടതി രംഗത്തു വന്നിരിക്കുകയാണ്. അതായത് ഈ വിഷയത്തിൽ കോടതിയിൽ കേരള സർവ്വകലാശാല മറുപടി നൽകിയിരുന്നു. ഈ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ഹൈക്കോടതി . സെർച്ച് കമ്മിറ്റി അംഗത്തെ നിർദ്ദേശിക്കുന്നത് അജണ്ടയിൽ ഇല്ല എന്ന മറുപടിയാണ് സെനറ്റ് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്.
മറ്റന്നാൾ സെനറ്റ് യോഗം ചേരുന്നുണ്ട്. പക്ഷേ അന്നും ഈ വിഷയം പരിഗണിക്കില്ല എന്നും അറിയിച്ചിരിക്കുകയാണ് സെനറ്റ് പ്രതിനിധികൾ . സർവകലാശാലയുടെ ഈ മറുപടിയിലാണ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.മാത്രമല്ല നിർണ്ണായകമായ പല കാര്യങ്ങളും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. . ഗവർണർതിരെ പ്രമേയം പാസാക്കിയതിനെതിരെയും കോടതി ആഞ്ഞടിച്ചു. ഗവർണർക്കെതിരെ സെനറ്റിന് പ്രമേയം പാസാക്കാൻ ആകില്ല എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. എതിർപ്പുണ്ടെങ്കിൽ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും ഹൈക്കോടതി ചോദിച്ചു.
ഇങ്ങനെ സർവകലാശാലയ്ക്ക് മുന്നോട്ടു പോകാൻ ആകില്ല എന്ന കഴിഞ്ഞ ദിവസത്തെ അതേ പ്രസ്താവന ഹൈക്കോടതി ഇന്നും ആവർത്തിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ കോടതിക്ക് ആശങ്കയുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു. സർവ്വകലാശാലയ്‌ക്കു വിസിയെ വേണമെന്നുണ്ടെങ്കിൽ സമീപനം ഇങ്ങനെയാവില്ല എന്ന നിരീക്ഷണവും കോടതി നടത്തിയിരിക്കുകയാണ്. വിസി വേണമെന്നത് കോടതി മാത്രം ആഗ്രഹിക്കുന്ന സാഹചര്യം ആണ് എന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും കോടതി വിമർശിച്ചു.
https://www.facebook.com/Malayalivartha























