ഗ്രീഷ്മയെ കസ്റ്റഡിയില്‍ വേണം... ഷാരോണ്‍ രാജ് വധക്കേസ് കേരളമോ തമിഴ്‌നാടോ അന്വേഷിക്കുന്നതിന് നിയമതടസമില്ലെങ്കിലും പ്രദേശം തമിഴ്‌നാടായതിനാല്‍ കേരള പോലീസിന് തടസം; ഷാരോണ്‍ കേസിന്റെ തുടരന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതാകും ഉചിതമെന്ന നിയമോപദേശം റൂറല്‍ എസ്പി ഇന്ന് ഡിജിപിക്ക് കൈമാറും; എല്ലാം കുളമാകുമെന്ന് ഷാരോണിന്റെ ബന്ധുക്കള്‍

ഷാരോണ്‍ രാജ് വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. ഷാരോണ്‍ കേസിന്റെ തുടരന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതാകും ഉചിതമെന്ന നിയമോപദേശം റൂറല്‍ എസ്പി ഇന്ന് ഡിജിപിക്ക് കൈമാറും. ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്ദരുമായുള്ള കൂടിയാലോചനക്ക് ശേഷം കേസ് കൈമാറുന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. പ്രതികളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാന്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഒരുങ്ങുമ്പോഴാണ് നിയമോപദേശം ലഭിച്ചത്.
കേസന്വേഷണത്തിന്റെ അധികാര പരിധി സംബന്ധിച്ച് സംശയമുള്ളതിനാലാണ് റൂറല്‍ എസ്പി നിയമോപദേശം തേടിയത്. ഷാരോണിനിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മയും മറ്റ് പ്രതികളും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവ് നശിപ്പിച്ചതും തമിഴ്‌നാട്ടിലാണ്.
എന്നാല്‍ ഷാരോണിന്റെ മരണം സംഭവിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും. കേസെടുത്തത് പാറാശാല പൊലീസും. കുറ്റപത്രം നല്‍കി വിചാരണയിലേക്ക് പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികള്‍ ചോദ്യം ചെയ്താല്‍ കേസിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമോപദേശം. അതിനാല്‍ തുടരന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് അഭികാമ്യമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. അതേസമയം അന്വേഷണം കൈമാറുന്നതിനെ ഷാരോണിന്റെ കുടുംബം എതിര്‍ക്കുകയാണ്.
ഷാരോണ്‍ കൊലക്കേസിലെ രണ്ട് പ്രതികളെ ഇന്ന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെയാണ് ഹാജരാക്കുന്നത്. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണോടും ഇന്ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും ജയിലേക്ക് മാറ്റിയ ഗ്രീഷ്മയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും.
പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസ് കേരള പൊലീസോ തമിഴ്‌നാട് പൊലീസോ അന്വേഷിക്കുന്നതില്‍ നിയമ തടസം ഇല്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഷാരോണിനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്നത് രാമവര്‍മന്‍ ചിറയിലാണ്. കേരള അതിര്‍ത്തിയില്‍നിന്നും മീറ്ററുകള്‍ മാത്രം അകലെയാണ് വീട്. ഇവിടേക്കു വിളിച്ചു വരുത്തിയാണു ഷാരോണിനെ കീടനാശിനി നല്‍കി കൊലപ്പെടുത്തിയത്.
കൊലപാതകം നടന്നതും കീടനാശിനി കുപ്പി ഒളിപ്പിച്ചതും തമിഴ്‌നാട്ടിലായതിനാല്‍ പൊലീസിന്റെ അധികാര പരധിയെച്ചൊല്ലി വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിയമോപദേശം തേടിയത്. അതേസമയം, കേസ് കൈമാറുന്നതില്‍ പ്രതിഭാഗത്തിന്റെ വാദവും നിര്‍ണായകമാകും.
കൊലപാതകം നടന്നത് തമിഴ്‌നാട്ടിലാണെങ്കിലും കേരള പൊലീസിന്റെ അധികാരപരിധിയില്‍പ്പെട്ട സ്ഥലത്തും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതിനാല്‍ അന്വേഷിക്കാന്‍ നിയമ തടസ്സം ഇല്ലെന്നാണ് നിയമോപദേശം. കേസ് തമിഴ്‌നാട് പൊലീസിനു കൈമാറുന്നതിനും നിയമ തടസമില്ല. ഇരു സംസ്ഥാനങ്ങളിലെയും പൊലീസിനു അന്വേഷിക്കാമെന്ന് നിയമോപദേശം ലഭിച്ചതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ഷാരോണ്‍ വധത്തില്‍ ഗ്രീഷ്മയ്ക്കു പുറമേ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന്‍ നിര്‍മല്‍ കുമാറിനെയും അറസ്റ്റു ചെയ്തിരുന്നു. നേരത്തെ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായതിനാല്‍ ഗ്രീഷ്മയെ പൊലീസിനു കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനായിട്ടില്ല. സംഭവത്തില്‍ പങ്കില്ലാത്തതിനാല്‍ ഗ്രീഷ്മയുടെ അച്ഛനെയും നിര്‍മല്‍ കുമാറിന്റെ മകളെയും വിട്ടയച്ചിരുന്നു. ചടയമംഗലത്ത് ഹോട്ടലില്‍ ജോലി ചെയ്യുന്ന പിതാവ് മാസത്തില്‍ ഒന്നോ രണ്ടോ ദിവസമാണ് വീട്ടില്‍ ഉണ്ടാകാറുള്ളത്. പിതാവിനോട് ഭാര്യയും മകളും വിവരങ്ങള്‍ പങ്കുവച്ചിരുന്നില്ല.
"
https://www.facebook.com/Malayalivartha




















