പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ; പോലീസിന് വീഴ്ചയുണ്ടായോ എന്ന് അന്വേഷണം പുരോഗമിക്കുകയാണെന്ന് എഡിജിപി എം.ആർ.അജിത്ത് കുമാർ

നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് അറസ്റിലായതു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിഐജി വ്യക്തമാക്കി. ക്രൂരതയിൽ പൊലീസിനോട് വ്യക്തത തേടുമെന്ന് ബാലാവകാശ കമ്മിഷനും പ്രതികരിച്ചു.
മർദനമേറ്റ കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് മർദനമേറ്റ ഗണേഷ്.
വിഷയത്തിൽ പൊലീസ് ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും തലശ്ശേരി എ.സി.പി നിധിൻ രാജ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ എന്തുകൊണ്ട് യുവാവിനെ കേസെടുക്കാതെ രാത്രി വിട്ടയച്ചു എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എ.സി.പി കൃത്യമായ ഉത്തരം നൽകിയില്ല. ഏത് വാഹനമാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് അദ്ദേഹം വിശദീകരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ വീഴ്ചയുണ്ടായോ എന്നത് തലശ്ശേരി എസിപി അന്വേഷിക്കും. സംഭവം പരിശോധിക്കുമെന്ന് ഡിജിപി അനിൽകാന്തും പറഞ്ഞു. പൊലീസിനെതിരായ ആരോപണം പരിശോധിക്കുമെന്ന് എഡിജിപി എം.ആർ.അജിത്ത് കുമാറും വ്യക്തമാക്കി.
ഇന്നലെ രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം നടന്നത്. കൗതുകം തോന്നി വെറുതെ കാറിൽ ചാരി നിൽക്കുകയായിരുന്നു കുട്ടി. നടുവിനു ചവിട്ടേറ്റ് കുട്ടി തെറിച്ചു പോകുന്നതു ദൃശ്യങ്ങളിൽനിന്നു കാണാം. സംഭവം കണ്ട് നാട്ടുകാർ ഇടപെട്ടിരുന്നു. ഒരു അഭിഭാഷകനാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.
നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെങ്കിലും പൊലീസ് ഇയാൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സമീപത്തെ പാരലൽ കോളേജിന്റെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.
https://www.facebook.com/Malayalivartha




















