ഇനി ക്യൂവില്‍ നിന്ന് തിക്കിതിരക്കേണ്ട: സംസ്ഥാനത്തെ തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം ഉടന്‍ വരുന്നു

സംസ്ഥാനത്തെ തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം വരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ സാങ്കേതിക വിദഗ്ധര്‍ ഇ-ടിക്കറ്റിങ് പ്രവര്‍ത്തനം വിശദീകരിച്ചു. നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റര്‍ ഉടമകളുടെയും പ്രതിനിധികളും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ട്‌സ് വിഭാഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. മാര്‍ച്ച് അവസാനത്തോടെ സംവിധാനം എല്ലാ തിയറ്ററുകളിലും എത്തുമെന്നാണു പ്രതീക്ഷയെന്നു സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ജി. സുരേഷ് കുമാര്‍ പറഞ്ഞു. സംവിധാനം നിലവില്‍വരുന്നതോടെ ടിക്കറ്റ് വരുമാനത്തിലെ വെട്ടിപ്പും നികുതിവെട്ടിപ്പും തടയാനാകും. സര്‍ക്കാരിനു വരുമാനം കൂടും.
സെര്‍വര്‍ സംവിധാനങ്ങളുടെ നിയന്ത്രണവും മേല്‍നോട്ടവും വഹിക്കുന്നതു കെല്‍ട്രോണാണ്. അക്കൗണ്ട്‌സുമായി ബന്ധപ്പെട്ടുള്ള ഇടപാടുകള്‍ക്കു സാങ്കേതികസഹായം നല്‍കുന്നത് ഐകെഎമ്മാണ്. എറണാകുളത്തുള്ള ഐനറ്റ് വിഷന്‍സ് സിസ്റ്റംസ് എന്ന കമ്പനിയാണു സോഫ്റ്റ്‌വെയര്‍ തയാറാക്കിയത്. മുപ്പതു കോടിയാണു മുടക്കുമുതല്‍. വെര്‍ച്വല്‍ െ്രെപവറ്റ് നെറ്റ്‌വര്‍ക്കിങ്ങിലൂടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഹാക്കേഴ്‌സിന് കടന്നുകയറാനാകില്ലെന്നു കെല്‍ട്രോണ്‍ സോഫ്റ്റ്‌വെയര്‍ ജനറല്‍ മാനേജര്‍ പറഞ്ഞു.
തിയറ്ററുകളില്‍ ടിക്കറ്റ് കൗണ്ടറുകളില്‍ ഇന്റര്‍നെറ്റ് കണക്ഷനോടുകൂടിയ ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിച്ച് ഒരു സെന്‍ട്രല്‍ സെര്‍വറുമായി ബന്ധപ്പെടുത്തിയാണ് ഇ-ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നത്. ഇതോടെ ടിക്കറ്റ് വിതരണം സുതാര്യമാകും.
ഇലക്ട്രോണിക് സ്റ്റാംപിങ്ങും ബാര്‍കോഡും ടിക്കറ്റില്‍ ഉണ്ടാകും. ഏതു തിയറ്ററില്‍ ഏതു ഷോയ്ക്ക് എത്രാമത്തെ സീറ്റ് എന്നതു കോഡില്‍ നിന്ന് അറിയാനാകും. ഓണ്‍ലൈന്‍ വഴിയും ഇ-ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ എത്ര ടിക്കറ്റ് ഓണ്‍ലൈന്‍ വഴി കൊടുക്കാം എന്നതു തിയറ്റര്‍ ഉടമകള്‍ക്കു തീരുമാനമെടുക്കാനും സോഫ്റ്റ്‌വെയര്‍ സൗകര്യമൊരുക്കുന്നു. സര്‍ക്കാരിലേക്ക് എത്തേണ്ട വിനോദനികുതി, ക്ഷേമനിധിക്കു ലഭ്യമാകേണ്ട സെസ്സ് എന്നിവ കൃത്യമായി എത്തും. ആവശ്യമെങ്കില്‍ സിനിമാ നിര്‍മാതാക്കള്‍ക്കും, വിതരണക്കാര്‍ക്കും അവരുടെ സിനിമയുടെ ഓരോ ദിവസത്തെയും കളക്ഷന്‍ അതതു ദിവസം അറിയാനാകും.
കലാകാരന്‍മാരുടെ ക്ഷേമത്തിനായി തിയറ്ററുകളില്‍ വില്‍ക്കുന്ന ഓരോ ടിക്കറ്റില്‍ നിന്നും മൂന്നു രൂപ നല്‍കണമെന്നു സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടായിരുന്നു. ഇതു പിരിച്ചെടുക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെയാണു ചുമതലപ്പെടുത്തിയിരുന്നത്. അതുപോലെ ഇ-ടിക്കറ്റാക്കണമെന്ന നിര്‍ദേശവും ഉണ്ടായി. ഇതു രണ്ടും സമന്വയിപ്പിച്ചാണു പുതിയ സംവിധാനം. ഇനി തിയറ്റര്‍ ഉടമകള്‍ക്ക് ഓണ്‍ലൈന്‍ വഴി നികുതിയും സെസ്സും അടയ്ക്കാം. തിയറ്ററുകള്‍ക്കു പുറമെ റയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ മൂവി ടിക്കറ്റ് കിയോസ്‌കുകള്‍ വരും. ഇതോടെ സിനിമാസ്വാദകര്‍ക്കു ക്യൂവില്‍ നിന്നു തിക്കിത്തിരക്കി ടിക്കറ്റ് വാങ്ങേണ്ടിവരില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha