പത്തുകോടി ചോദിച്ച മന്ത്രി ബാബുവിന് ഒരുകോടി കൊടുത്തുവെന്ന് ബിജുരമേശ്, ബാര്‍മുതലാളി ഭീഷണിപ്പെടുത്തുന്നുവെന്ന് മന്ത്രി, മന്ത്രി വീണാല്‍ അടുത്തത് മുഖ്യന്‍

ധനമന്ത്രി കെ.എം. മാണി രാജിവെച്ചതിന് പിന്നാലെ ബാര്‍ കോഴ കേസില്‍ വീണ്ടും ആരോപണങ്ങളും വെളിപ്പെടുത്തലുകളും. എക്‌സൈസ് മന്ത്രി കെ ബാബുവിന് ഒരുകോടി രൂപ കോഴ നല്‍കിയതായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റും കേസില്‍ പരാതിക്കാരനുമായ ബിജു രമേശ് ആരോപിച്ചു. 10 കോടി രൂപയാണ് ബാബു ആവശ്യപ്പെട്ടത്. ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചുകിട്ടാനാണ് കോഴ കൊടുത്തതെന്നും ബിജു രമേശ് ആരോപിച്ചു.
എന്നാല്‍ ഇതിനുമറുപടിയുമായി മന്ത്രി ബാബു രംഗത്തെത്തി. ബിജുവിനെതിരെ താന്‍ നല്‍കിയ കേസ് പിന്‍വലിപ്പിക്കാന്‍ പലതവണ ശ്രമം നടന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. കേസ് പിന്‍വലിച്ചില്ലെങ്കില്‍ താന്‍ \'വാ തുറക്കുമെന്ന്\' ബിജു രമേശ് ഭീഷണിപ്പെടുത്തിയതായും മന്ത്രി ആരോപിച്ചു.
നേരിട്ടാണ് രണ്ടു തവണയായി 50 ലക്ഷം രൂപവീതം സെക്രട്ടേറിയറ്റില്‍ മന്ത്രി ബാബുവിന്റെ ചേമ്പറില്‍ കൊണ്ടുപോയി കൊടുത്തതെന്ന് ബിജു രമേശ് പറഞ്ഞു. ചേംബറില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കൈയിലാണ് പണം കൊടുത്തത്. ആ പണം ഉടനെ മന്ത്രിക്ക് കൈമാറിയതിനും താന്‍ സാക്ഷിയാണ്. സത്യം തെളിയിക്കാന്‍ ബാബുവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണം. നുണപരിശോധനയ്ക്ക് താന്‍ തയ്യാറാണ്. കെ.എം. മാണിയെപ്പോലെ സമാനകുറ്റം ചെയ്ത മന്ത്രി ബാബുവും രാജിവെയ്ക്കണം. ബാബുവിനെതിരെ ഈയാഴ്ചതന്നെ കേസ് ഫയല്‍ ചെയ്യും. ബാബുവിനെ ഉപദ്രവിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളടക്കം പലരും ആവശ്യപ്പെട്ടിരുന്നു. ആരോപണമുന്നയിച്ചതിന്റെ പേരില്‍ ബാബു തന്നെ നിരന്തരം വേട്ടയാടുകയാണ്.
ലൈസന്‍സ് ഫീസ് കുറച്ചുകിട്ടുന്നതിനായി ബാര്‍ ഉടമകളില്‍നിന്ന് പിരിച്ചെടുത്ത 23.5 കോടി രൂപ എവിടെയാണെന്ന് ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ വെളിപ്പെടുത്തണം. ഈ പണം ബാബുവിനാണ് കൊടുത്തത്. ബാബു ഇത് മറ്റുള്ളവര്‍ക്ക് വീതംവെക്കുകയുമാണ് ചെയ്തത്.
ബാബു നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. ഏതു ദൂതനാണ് തനിക്കുവേണ്ടി വന്നതെന്ന് ബാബു വ്യക്തമാക്കണം. ബാര്‍ കോഴ കേസില്‍ വിജിലന്‍സ് ത്വരിതപരിശോധന നടത്തുമ്പോള്‍ താന്‍ എല്ലാ വിവരവും പറയാന്‍ തയ്യാറായിരുന്നു. എന്നാല്‍ മാണിക്കും ബാബുവിനുമെതിരെ രണ്ട് നയമായിരുന്നു അന്വേഷണോദ്യോഗസ്ഥര്‍ക്ക്. ബാബുവിനെതിരായ മൊഴിയെടുക്കല്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോള്‍ ഇടപെട്ട് മുടക്കി.
എന്നാല്‍ കേസില്‍ വിധിവന്നദിവസം വൈകീട്ട് ഏഴിനുള്ളില്‍ കേസ് പിന്‍വലിച്ചില്ലെങ്കില്‍ താന്‍ വാതുറക്കുമെന്ന് ബിജു ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി ബാബു ആരോപിച്ചു. ബിജു രമേശിനെതിരെ താന്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ തന്റെ ഒരു സുഹൃത്ത് വഴി ബിജു പലതവണ ബന്ധപ്പെട്ടിരുന്നു. ബിജുവിന്റെ ആരോപണത്തെ ഭയക്കുന്നില്ല. നിയമപോരാട്ടവുമായി മുന്നോട്ടുപോകും.
നല്ലനിലയില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നവരെ മാധ്യമങ്ങളുടെ സഹായത്തോടെ മോശമാക്കാനാണ് ബിജുവിന്റെ ശ്രമം. ഇതിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുത്. ബാര്‍ കോഴ വിഷയത്തില്‍ 2014 ഒക്ടോബര്‍ 31നാണ് മാണിക്കെതിരെ ആദ്യമായി ബിജു രമേശ് ആരോപണമുന്നയിച്ചത്. അപ്പോള്‍ തനിക്കെതിരെ ബിജു ആരോപണമുന്നയിച്ചില്ല. പിന്നീട് വിജിലന്‍സിന് സ്‌റ്റേറ്റ്‌മെന്റ് നല്‍കിയപ്പോഴും ആരോപണമില്ലായിരുന്നു. 2015 മാര്‍ച്ച് 31ന് തനിക്ക് 50 ലക്ഷം രൂപ നല്‍കിയെന്ന് ബിജു ആരോപിച്ചു. ഇതേത്തുടര്‍ന്ന് ത്വരിതപരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആരോപണം തെളിയാത്തതിനാല്‍ കേസ് അവസാനിപ്പിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























