കൂത്താട്ടുകുളത്ത് മാലിന്യ സംസ്കരണവും ശേഖരണവും ഡിജിറ്റൽ

ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ എൻറോൾമെന്റും ക്യു.ആർ. കോഡ് പതിപ്പിക്കലും കൂത്താട്ടുകുളം നഗരസഭയിൽ പൂർത്തിയായി.
നടപടികൾ പൂർത്തിയാക്കുന്ന ജില്ലയിലെ ആദ്യത്തെ നഗരസഭയാണ് കൂത്താട്ടുകുളം. ഹരിത കർമ സേനയെ ഉപയോഗിച്ചാണ് വീടുകളിലും സ്ഥാപനങ്ങളിലും എൻ റോൾമെന്റ് പ്രവർത്തങ്ങൾ നഗരസഭ പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ അജൈവമാലിന്യ സംസ്കരണം കൂടുതൽ സുതാര്യമാവുകയാണ്.
നഗരസഭയ്ക്ക് കീഴിൽ 25 വാർഡുകളിലായി 22 ഹരിത കർമ്മ സേന പ്രവർത്തകരാണ് സ്മാർട്ട് ഗാർബേജ് ആപ്പ് എൻറോൾമെന്റ് നിർവഹിച്ചത്. വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുൾപ്പടെ 6222 എൻറോൾമെന്റുകളാണ് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും കെൽട്രോണിന്റെയും സഹകരണത്തോടെ പൂർത്തീ കരിച്ചത്.
ഇതോടെ മാലിന്യ സംസ്‌ക്കരണവും ശേഖരണവും ഡിജിറ്റലായി നിരീക്ഷിക്കാനും ഇടപെടൽ നടത്താനും നഗരസഭയ്ക്ക് സാധിക്കും.
ഹരിതമിത്രം ആപ്പ് വഴി മാലിന്യ ശേഖരണം കൂടുതൽ എളുപ്പമാവുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 18 ടൺ അജൈവമാലിന്യങ്ങളാണ് നഗരസഭയിൽ നിന്നും ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. പുനരുപയോഗ സാധ്യമായ അജൈവ മാലിന്യങ്ങളിലൂടെ 56,000 രൂപ നഗരസഭയ്ക്ക് വരുമാനം ഉണ്ടായിട്ടുണ്ടെന്നും കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ പറഞ്ഞു.
കൂടാതെ മാലിന്യ ശേഖരണത്തിനായി 20 മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സംവിധാനവും ഒരു മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹരിത കർമ്മ സേനയ്ക്ക് സ്വന്തമായി വാഹനം ഉടൻ ഉറപ്പാക്കും. ഹരിത കർമ്മ സേനയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അവലോകന യോഗങ്ങൾ നടത്താറുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.
https://www.facebook.com/Malayalivartha



























