തലശേരി ഇരട്ടക്കൊല കേസ്... മുഖ്യപ്രതി ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

തലശേരി ഇരട്ടക്കൊല കേസില്‍ മുഖ്യപ്രതി ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മുഖ്യ പ്രതിയാണ് നട്ടൂര്‍ വെളളാടത്ത് സുരേഷ് ബാബു(47) എന്ന പാറായി ബാബു. പാറക്കെട്ടില്‍ തേരേക്കാട്ട് അരുണ്‍കുമാര്‍ (38) പിണറായി പുതുക്കുടി ഇ.കെ.സന്ദീപ് (38) പിണറായി വാഴയില്‍ ഹൗസില്‍ സുജിത് കുമാര്‍ (45) പാറക്കെട്ട് സാറാസില്‍ മുഹമ്മദ് ഫര്‍ഹാന്‍ എന്ന അബ്ദുള്‍ സത്താര്‍ (21) നെട്ടൂര്‍ മുട്ടങ്ങല്‍ ഹൗസില്‍ ജാക്‌സണ്‍ വിന്‍സന്റ് (28)നെട്ടൂര്‍ വണ്ണത്താന്‍ ഹൗസില്‍ കെ. നവീന്‍ (32) എന്നിവരാണ് മറ്റ് പ്രതികള്‍.
കമ്മിഷണര്‍ അജിത്കുമാര്‍, എ.എസ്.പി.നിധിന്‍ രാജ്, കൂത്തുപറമ്പ് എ.സി.പി പ്രദീപന്‍ കണ്ണി പൊയില്‍, തലശ്ശേരി സി.ഐ.എം.അനില്‍ ,എസ് ഐ.ഷെമിമോള്‍ എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. പാറായി ബാബു, സുജിത്ത്, അരുണ്‍കുമാര്‍, സന്ദീപ് എന്നിവരെ കര്‍ണാടകത്തില്‍ നിന്ന് തിരികെ വരുമ്പോള്‍ ഇരിട്ടി പൊലീസ് സ്‌റ്റേഷന് മുന്നില്‍ ബാരിക്കേഡ് വച്ച് തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികളെ സംഭവത്തിന് പിന്നാലെ തലശ്ശേരിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
കഞ്ചാവ് കടത്ത് കേസുകളില്‍ പ്രതികളാണ് ജാക്‌സണ്‍, ഇര്‍ഫാന്‍, നവീന്‍ എന്നിവര്‍. ലഹരി സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട അക്രമത്തിലാണ് ബുധനാഴ്ച വൈകിട്ട് സി.പി.എം പ്രവര്‍ത്തകരായ ഇല്ലിക്കുന്ന് ഖാലിദും (52), സഹോദരി ഭര്‍ത്താവ് ഷമീറും (40) കുത്തേറ്റ് മരിച്ചത്. കുത്തേറ്റ സുഹൃത്ത് ഷാനിബ് (29) തലശേരി സഹകരണ ആശുപത്രിയിലാണ്.
മൂവരെയും കുത്തിയത് പാറായി ബാബുവാണെന്ന് പൊലീസ് കണ്ടെത്തി. കൃത്യത്തിന് ശേഷം സുജിത്ത് അരുണ്‍കുമാര്‍, സന്ദീപ് എന്നിവരുമായി ബാബു കാറില്‍ കര്‍ണാടകത്തിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. അവിടെയും നിരീക്ഷണം ശക്തമായതോടെ ഇന്ന് ഉച്ചയ്ക്ക് തിരികെ വരുമ്പോഴാണ് കൂട്ടുപുഴയില്‍ പൊലീസ് കൈകാട്ടിയത്. നിര്‍ത്താതെ പോയ കാര്‍ ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പില്‍, സി.ഐ കെ.ജെ.ബിനോയ് എന്നിവരുടെ സംഘം പൊലീസ് സ്‌റ്റേഷനു മുന്നില്‍ ബാരിക്കേഡ് വച്ച് തടഞ്ഞ് കസ്റ്റഡിയെലടുത്ത് അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
പാറായി ബാബു വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്. മുമ്പ് ആര്‍.എസ്.എസുകാരനായിരുന്ന ഇയാള്‍ അടുത്തിടെ സി.പി.എമ്മുകാരനായാണ് അറിയപ്പെടുന്നത്. ഖാലിദിന്റേയും ഷമിറിന്റേയും സംസ്‌കാരം ഇന്ന് നടന്നു. ഷമീറിന്റെ മകന്‍ ഷബീല്‍ മയക്കുമരുന്ന് കടത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ആക്രമിക്കപ്പെട്ടിരുന്നു. ഈ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെന്ന പേരില്‍ സഹകരണ ആശുപത്രിയിലെത്തിയ പാറായി ബാബുവിന്റെ സംഘം ഷമീറിനെയും ഖാലിദിനെയും ഷാനിബിനെയും കുത്തുകയായിരുന്നു. ഖാലിദ് സ്ഥലത്തും ഷമീര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.
https://www.facebook.com/Malayalivartha



























